മണി(യടി)യാശാന്‍

Saturday 26 November 2016 9:47 pm IST

ഇരിക്കേണ്ടിടത്ത് ഇരിക്കേണ്ടതുപോലെ ഇരുന്നില്ലെങ്കില്‍ അവിടെ മൊയ്തീന്‍ കയറി ഇരിക്കും എന്ന പാഠമാണ് ചിറ്റപ്പന്റെ രാജിക്കുശേഷം കേരളത്തില്‍ ഇടതുമുന്നണി സര്‍ക്കാരിലെ ഇതര ബന്ധുജനങ്ങള്‍ക്ക് തിരിഞ്ഞത്. ചിറ്റപ്പന്‍ പിണങ്ങിപ്പോയ ഒഴിവിലേക്കാണ് വണ്‍ ടു ത്രീ ഫെയിം മണിയാശാന്‍ കടന്നുവന്നിരിക്കുന്നത്. പാര്‍ട്ടിയും അണികളും മൊത്തത്തില്‍ ആവേശഭരിതരാണ്. പാര്‍ട്ടിയുടെ നിലയ്ക്കും നിലവാരത്തിനും ചേരുന്ന എല്ലാം തികഞ്ഞ ഒരു ഉരുപ്പടിയെ ഇപ്പോഴാണ് കിട്ടിയത്. പൊതുവേദിയില്‍ പോലീസിനെയും എതിരാളികളെയും 'പുല്ലേ' എന്ന് വിളിച്ച് ശീലമുള്ള ചിറ്റപ്പന്‍ ജയരാജന്‍ പടിയിറങ്ങിയപ്പോള്‍ അതിനേക്കാള്‍ മുന്തിയ മുതലിനെ എങ്ങനെ സംഘടിപ്പിക്കുമെന്ന ആലോചനയ്ക്ക് ഒടുവിലാണ് പിണറായിയുടെ കണ്ണ് ഹൈറേഞ്ചിലേക്ക് പാഞ്ഞത്. അര നൂറ്റാണ്ടിലേറെയായി ഇടുക്കിയിലെ സിപിഎമ്മിനെ നയിച്ചതിന്റെ പാരമ്പര്യമാണ് മണിയാശാനെ മന്ത്രിസഭയിലേക്കെടുത്തതിന് പിന്നിലെ പ്രചോദനമെന്ന് കരുതരുത്. സി.കെ. ശശിയും മൊയ്തീന്‍ മന്ത്രിയും മഹാകവി കൊഞ്ജാണനും മതിയാകാത്തതുകൊണ്ടാണ് പിണറായി മണിയാശാനെ പിടിച്ചപിടിയാലേ മന്ത്രിയാക്കിയത്. ചിറ്റപ്പന്റെ വകുപ്പ് മൊയ്തീനും മൊയ്തീന്റെ വകുപ്പ് കടകംപള്ളിക്കും വെച്ചുമാറിയാണ് പിണറായി മണിയാശാന് ഇടം ഒരുക്കിയെടുത്തത്. ഇടുക്കിയിലൊരു ഡാം ഉള്ളതിന്റെ പേരിലാണ് മണിയെ വൈദ്യുതിവകുപ്പിലേക്ക് പരിഗണിച്ചതെന്ന പരിഹാസം അന്തരീക്ഷത്തിലുണ്ടുതാനും. എന്തായാലും മണിയാശാന്‍ കറണ്ട് മന്ത്രിയായതോടെ ഷോക്കടിച്ചത് ജയരാജനാണ്. പണ്ട് കുണ്ടറയില്‍ തോറ്റതിന്റെ കെറുവിന് എം.എ. ബേബി ചെയ്തതുപോലെ പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ കയറാതെ, മണിയുടെ സത്യപ്രതിജ്ഞ ബഹിഷ്‌കരിച്ച് ചിറ്റപ്പന്‍ കണ്ണൂര്‍ക്ക് വണ്ടികയറി. ഇപ്പോള്‍ പാര്‍ട്ടി ഭീഷണിപ്പെടുത്തിയിരിക്കുകയാണ് പാവത്തിനെ. അടുത്ത സെക്രട്ടറിയേറ്റില്‍ ഹാജരായിക്കൊള്ളണമെന്നാണ് ഭീഷണി. മണിയെപ്പോലൊരാള്‍ക്ക് മന്ത്രിയാകാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലേ സാധിക്കൂ എന്നാണ് അദ്ദേഹത്തിന്റെ ചില ആരാധകപ്രമാണിമാരുടെ പക്ഷം. മണി സാധാരണക്കാരനും തൊഴിലാളികളുടെ നേതാവുമാണത്രെ. നാലാം ക്ലാസിനപ്പുറം പഠിക്കാന്‍ യോഗമില്ലാത്തതുകൊണ്ട് മണിക്ക് എന്തും പറയാമെന്നും മണി പറയുന്നതാണ് തൊഴിലാളികളുടെ ഭാഷയെന്നുമൊക്കെയാണ് പിണറായി മുതലായവരുടെ ന്യായം. മൂന്ന് കോടിയുടെ ആസ്തി തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കാണിച്ച പട്ടിണിക്കാരുടെ നേതാവാണ് മണി. ഇപ്പോള്‍ പറയുന്നത് പാര്‍ട്ടി ഓഫീസുകളൊക്കെ ജില്ലാ സെക്രട്ടറിയുടെ ആസ്തിയുടെ പട്ടികയിലാണെന്നാണ്. മണിയെന്ന തൊഴിലാളി നേതാവിന്റെ തനിനിറം പുറത്തുവന്ന അപൂര്‍വം സന്ദര്‍ഭങ്ങളില്‍ ഒന്നാണ് മൂന്നാറിലെയും മതികെട്ടാനിലെയും കയ്യേറ്റം ഒഴിപ്പിക്കാന്‍ വിഎസ് മൂന്ന് പൂച്ചകളുമായി മല കയറിയ കാലം. അന്നേവരെ വിഎസിന്റെ വാലായിരുന്ന മണി പിന്നീട് പിണറായിയുടെ കണ്ണും കാതുമായി. മന്ത്രിപ്പണി കിട്ടിയപ്പോള്‍ മണി പറഞ്ഞത് 'പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിക്കുമോ എന്ന് നോക്കിയാല്‍ മതിയെന്ന് ഡെന്‍ സിയാവോ പിങ് പറഞ്ഞിട്ടുണ്ട്' എന്നായിരുന്നു. അത് മതികെട്ടാന്‍ കാലത്ത് പറഞ്ഞത് മണിയും വിജയനുമൊക്കെചേര്‍ന്ന് കാസ്‌ട്രോയാക്കിക്കളഞ്ഞ വിഎസായിരുന്നു. മൂന്നാര്‍ പൊളിച്ചടുക്കലിലും പെമ്പിളെ ഒരുമയുടെ സമരകാലത്തും മണി മുതലാളിയായിരുന്നു. തൊഴിലാളികളെ ആക്ഷേപിച്ചും അപഹസിച്ചുമായിരുന്നു മണിയും മണിയുടെ സഖാക്കളും പിണറായിയുടെ മനം കവര്‍ന്നത്. പിന്നീട് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിനെതിരെ വിഎസ് രംഗത്തുവന്നപ്പോള്‍ മണി പിണറായിയുടെ കൈക്കോടാലിയായി. 2012 മെയ് മാസത്തില്‍ നടത്തിയ പ്രസംഗത്തിലാണ് മണി വിഎസിനെ തെറിവിളിച്ചത്, ''കൊല്ലപ്പെട്ടത് വിഎസിന്റെ അമ്മായിയപ്പനായിരുന്നോ? ടി.പി. ചന്ദ്രശേഖരന്‍ വധം വിവാദമാക്കുന്നതില്‍ കാരണവര്‍ പങ്കുവഹിച്ചു. കുടിവെള്ളത്തില്‍ മോശപ്പണി കാണിക്കുന്നവനാണ് വിഎസ്. ചെറ്റത്തരം കാണിക്കുന്നവനാണോ ഉത്തമന്‍? ഒതുങ്ങിയ സ്ഥലമായതുകൊണ്ടാ ഇത്രയും പറയുന്നത്. അടി നമ്മള്‍ ഒഴിവാക്കിയിട്ടൊന്നുമില്ല. അടിക്കേണ്ടിടത്ത് അടിക്കും. ശേഷിയുള്ളിടത്ത് അടി അല്ലാത്തിടത്ത് സമാധാനം. അതാണ് ഞങ്ങളുടെ പോളിസി. സിപിഐ എമ്മുകാര്‍ അടിക്കാന്‍ തുടങ്ങിയാല്‍ സിപിഐക്കാര്‍ ഇവിടെയുണ്ടാകില്ല. എല്‍ഡിഎഫിനെ വിചാരിച്ചിട്ടാണ് അടിക്കാത്തത്. ചുവന്ന കൊടി പിടിക്കുന്നവരാണെന്നൊന്നും നോക്കില്ല. തല്ലേണ്ടവരെ തല്ലിയിരിക്കും.''’ മണി മന്ത്രിയായ വഴികളിലൊന്നാണ് ഈ പ്രസംഗം. വയനാട്ടിലെ ശശീന്ദ്രനെപ്പോലുള്ളവര്‍ ചെരിപ്പിടാത്ത കാലുമായി കാട്ടിലും മേട്ടിലും കമ്മ്യൂണിസം പ്രസംഗിച്ചു നടക്കുമ്പോഴാണ് തെറിയല്ലാത്തതൊന്നും പറയാത്ത മണിക്ക് പിണറായി വിജയന്‍ മന്ത്രിപ്പണി വച്ചുനീട്ടുന്നതെന്ന് കാണാതെ പോകരുത്. ഇപ്പോള്‍ മണിയും മണിയുടെ പാര്‍ട്ടിയും പറയുന്നത് അത് അദ്ദേഹത്തിന്റെ ശൈലിയാണെന്നാണ്. തരവഴിക്ക് വീണുകിട്ടുന്ന ഇത്തരം ശൈലികള്‍ക്കാണല്ലോ നാട്ടുകാര്‍ പത്തലുംകമ്പ് പരിഹാരമായി നിര്‍ദേശിച്ചിട്ടുള്ളത്. താന്‍ ഈ ശൈലി മാറ്റില്ലെന്ന് മണിയാശാന്‍ പറയുന്നത് നമുക്ക് മനസ്സിലാകും. പന്തീരാണ്ടുകാലം കുഴലില്‍ കിടന്നാലും നിവരാത്തതാണ് ആശാന്റെ ശൈലി. മണിയാശാന്‍ ആരെയും എന്തും പറയും. കോട്ടയത്തെ കിടങ്ങൂരില്‍ നിന്ന് ഹൈറേഞ്ചിലേക്ക് കുടിയേറി കുഞ്ചിത്തണ്ണി ഇരുപതേക്കറില്‍ താമസമായ കാലം മുതലുള്ള ശൈലിയാണത്രെ ഇത്. അത്തരം പ്രസംഗങ്ങളിലൊന്നിലാണ് മണിയാശാന്‍ പാര്‍ട്ടിക്കുവേണ്ടി തങ്ങള്‍ ചെയ്ത കൊലപാതകത്തെ ആക്ഷന്‍സോങ് ആലപിക്കുന്ന പള്ളിക്കൂടക്കുട്ടികളെപ്പോലെ വിശദീകരിച്ചു കളഞ്ഞത്, ''വണ്‍, ടൂ, ത്രീ, ഫോര്‍... ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവെച്ചാ കൊന്നത്, ഒന്നിനെ. ഒന്നിനെ കുത്തിക്കൊന്നു. ഒന്നിനെ തല്ലിക്കൊന്നു. മനസ്സിലായില്ലേ, ഒന്നാം പേരുകാരനെ ആദ്യം വെടിവച്ച്, രണ്ടാം പേരുകാരനെ രണ്ടാമത് തല്ലിക്കൊന്നു, മൂന്നാം പേരുകാരനെ മൂന്നാമത് കുത്തിക്കൊന്നു.''”ഇതില്‍പരം എന്തുയോഗ്യതയാണ് പിണറായിയുടെ മന്ത്രിസഭയില്‍ അംഗമാകാന്‍ വേണ്ടത്. മന്ത്രിയായതിന്റെ പിറ്റേന്നാള്‍ ബിജെപി നേതാവ് ഒ. രാജഗോപാലിനെ പുലഭ്യം പറഞ്ഞ് മണി കിട്ടിയ പണിക്ക് നന്ദിപ്രകടനം നടത്തിക്കഴിഞ്ഞു. നെടുങ്കണ്ടത്തെ സ്വീകരണയോഗത്തിലാണ് രാജഗോപാലിനും മോഹന്‍ലാലിനുമെതിരെ മണിയുടെ വികടപ്രയോഗങ്ങള്‍ അരങ്ങേറിയത്. സഹകരണപ്രശ്‌നത്തില്‍ നിയമസഭയില്‍ നടന്ന ചര്‍ച്ചയുടെ പേരിലായിരുന്നു മണിയുടെ തുള്ളല്‍. കേന്ദ്രസര്‍ക്കാരിനെ പുലഭ്യം പറഞ്ഞ് പ്രമേയം അവതരിപ്പിച്ചതിന്റെ അനന്തരഫലമാണ് ദല്‍ഹിക്കെടുത്ത ടിക്കറ്റ് കാന്‍സല്‍ ചെയ്യേണ്ടിവന്നതിന്റെ പേരില്‍ ഇപ്പോള്‍ നടക്കുന്ന നിലവിളി. പ്രധാനമന്ത്രി നരേന്ദ്രമോദി കള്ളപ്പണക്കാര്‍ക്കൊപ്പമാണെന്നും അത്തരക്കാരുടെ പട്ടിക തലയിണയ്ക്കടിയില്‍വച്ച് കിടന്നുറങ്ങുകയാണെന്നും കളറിളകുന്ന നോട്ടടിച്ച് ജനങ്ങളെ പറ്റിക്കുകയാണെന്നും തുടങ്ങി പരിഹാസത്തിന്റെയും അട്ടഹാസത്തിന്റെയും ഒടുവിലായിരുന്നു കേന്ദ്രത്തിനെതിരായ സംസ്ഥാനസര്‍ക്കാരിന്റെ പ്രമേയം. സഹകരണപ്രശ്‌നം പരിഹരിക്കണമെന്ന ആവശ്യത്തേക്കാള്‍ മോദിസര്‍ക്കാരിനുള്ള പുലയാട്ടാണ് അതിന്റെ ചര്‍ച്ചയിലുടനീളം നിറഞ്ഞുനിന്നത്. പിണറായിയും പാര്‍ട്ടിക്കാരും കൂടി ചവിട്ടിക്കൂട്ടി മൂലയ്ക്കിരുത്തിയിട്ടും കാസ്‌ട്രോ കാര്‍ന്നോരും തനിക്കാവുന്ന വിധം അധിക്ഷേപം ചൊരിഞ്ഞു. കുമ്മനത്തെയും കൂട്ടരെയും കേരളത്തില്‍ നിന്ന് ചവിട്ടിപ്പുറത്താക്കണമെന്നായിരുന്നു അങ്ങേരുടെ പ്രയോഗം. ഇമ്മാതിരി അസഭ്യങ്ങളത്രയും വിളിച്ചിട്ട് നേരം വെളുത്തപ്പോള്‍ അലക്കിത്തേച്ച മുണ്ടും ഷര്‍ട്ടും എടുത്തണിഞ്ഞ് പ്രധാനമന്ത്രിയെ കാണാന്‍ മോഹിച്ച് ഇറങ്ങിത്തിരിച്ചവന്റെ ഉളുപ്പില്ലായ്മയെ സമ്മതിക്കണം. ഇനിയിപ്പോള്‍ കേരളമൊട്ടാകെ നടന്ന് പ്രധാനമന്ത്രിയ്‌ക്കെതിരെ പ്രസംഗിക്കണം. മണി മന്ത്രിയുടെ നേതൃത്വത്തിലാവുമ്പോള്‍ കാര്യങ്ങള്‍ക്ക് ഒരിത് വരും. എല്ലാം കഴിയുമ്പോള്‍ മണി പിണറായിക്ക് പണിയാകാതിരുന്നാല്‍ മതിയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.