അനധികൃത പാര്‍ക്കിംഗ്‌: നഗരം ഗതാഗത കുരുക്കില്‍

Sunday 15 April 2012 10:40 pm IST

അങ്കമാലി: വാഹനങ്ങള്‍ തോന്നിയതുപോലെ പാര്‍ക്ക്‌ ചെയ്യുന്നതും സ്വകാര്യബസുകള്‍ തോന്നിയതുപോലെ ഓടുന്നതും അങ്കമാലിയില്‍ ഗതാഗതകുരുക്ക്‌ രൂക്ഷമാക്കുന്നു. മണിക്കൂറുകള്‍ തന്നെ ഗതാഗതകുരുക്ക്‌ അങ്കമാലി ജംഗ്ഷനില്‍ അനുഭവപ്പെട്ടിട്ടും ഇതിന്‌ നടപടിയെടുക്കേണ്ട പോലീസ്‌ ഉള്‍പ്പെടെയുള്ള അധികാരികള്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിന്‌ പ്രതിഷേധം ശക്തമായിട്ടുണ്ട്‌. സ്വകാര്യബസുകള്‍ ഒരുമാസത്തോളമായി വണ്‍വേ സമ്പ്രദായം പാലിക്കാത്തതും തോന്നിയ സ്ഥലങ്ങളിലും റോഡില്‍തന്നെ ബസുകള്‍ നിറുത്തുന്നതും പോലീസിന്റെ നോ പാര്‍ക്കിംഗ്‌ ഏരിയായില്‍ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യുന്നതും അങ്കമാലിയില്‍ ഗതാഗതകുരുക്ക്‌ രൂക്ഷമാക്കുവാന്‍ കാരണമായിട്ടുണ്ട്‌. മറ്റു വാഹനങ്ങള്‍ക്ക്‌ അങ്കമാലി ജംഗ്ഷനില്‍ പറഞ്ഞിട്ടുള്ള ട്രാഫിക്‌ നിയമങ്ങള്‍ പാലിക്കാന്‍ നടപടികള്‍ എടുക്കാത്തതുകൊണ്ട്‌ സ്വകാര്യ ബസുകള്‍ വണ്‍വേ സമ്പ്രദായം ഉപേക്ഷിച്ച്‌ ഓടുന്നതെന്ന്‌ ബസ്‌ ഓണേഴ്സ്‌ ഭാരവാഹികള്‍ പറഞ്ഞു. അങ്കമാലിയിലെ ഗതാഗതകുരുക്ക്‌ പരിഹരിക്കുന്നതിനായി ട്രാഫിക്‌ അഡ്വൈസറി കമ്മിറ്റികള്‍ വിളിച്ചുകൂട്ടുന്നതിനോ കമ്മിറ്റി തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനോ നഗരസഭ അധികൃതരോ പോലീസോ തയ്യാറാകുന്നില്ല. പഴയ മാര്‍ക്കറ്റ്‌ റോഡില്‍ നാലുചക്രവാഹനങ്ങളുടെ ഗതാഗതം നിരോധിച്ച്‌ ടിബി ജംഗ്ഷനില്‍ ബോര്‍ഡ്‌ വച്ചതും രണ്ട്‌ ദിവസം ജീപ്പ്പില്‍ അനൈണ്‍സ്മെന്റ്‌ നടത്തിയതല്ലാതെ അനധികൃത പാര്‍ക്കിനെതിരെയോ നടപടികള്‍ എടുക്കുവാന്‍ പോലീസ്‌ തയ്യാറാവുന്നില്ല. ഗതാഗതകുരുക്ക്‌ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ എടുക്കുന്ന കാര്യത്തില്‍ പോലീസ്‌ നിഷ്കൃത്വം പാലിക്കുകയാണ്‌. കാലടി, പെരുമ്പാവൂര്‍ ഭാഗങ്ങളില്‍നിന്നും എംസി. റോഡിലൂടെ വരുന്ന ബസുകള്‍ എല്‍എഫ്‌ ഹോസ്പിറ്റലിന്‌ സമീപത്തൂടെ കടന്ന്‌ ടി ബി ജംഗ്ഷന്‍, ഗവ. ഹോസ്പിറ്റല്‍, കെഎസ്‌ആര്‍ടിസി ബസ്‌ സ്റ്റാന്റ്‌ എന്നീ വഴികളിലൂടെയാണ്‌ പ്രൈവറ്റ്‌ ബസ്‌ സ്റ്റാന്റിലേക്ക്‌ പോകേണ്ടത്‌. എന്നാല്‍ ഇത്‌ പാലിക്കപ്പെടാതെ നേരെ ജംഗഷനിലേക്കാണ്‌ ബസുകള്‍ എത്തിച്ചേരുന്നത്‌. ഇത്‌ മൂലം വിവിധ സര്‍ക്കാര്‍ ഓഫീസുകളിലേക്കും സര്‍ക്കാര്‍ ആശുപത്രിയിലേക്കും കെഎസ്‌എആര്‍ടിസി ബസ്‌ സ്റ്റാന്റിലേക്കും പോകേണ്ടവര്‍ വളരെയധികം ബുദ്ധിമുട്ടുന്നുണ്ട്‌. ഇതില്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക്‌ പോകേണ്ട വൃദ്ധര്‍ ഉള്‍പ്പെടെയുള്ള നിര്‍ദ്ധനരായ രോഗികളാണ്‌ കൂടുതല്‍ കഷ്ടപ്പെടുന്നത്‌. ഓട്ടോറിക്ഷ വിളിച്ചാണ്‌ പലരും ആശുപത്രിയില്‍ എത്തിച്ചേരുന്നത്‌. ഗതാഗതകുരുക്കിനും സ്വകാര്യബസുകളുടെ തോന്നിയതുപോലെയുള്ള സര്‍വ്വീസ്‌ നടത്തുന്നതിനും നടപടികള്‍ സ്വീകരിച്ച്‌ ഗതാഗതകുരുക്ക്‌ പരിഹരിക്കുവാന്‍ അധികൃതര്‍ ശ്രമം നടത്തിയില്ലെങ്കില്‍ സമരപരിപാടികള്‍ നടത്തുവാന്‍ ഒരുങ്ങുകയാണ്‌ നാട്ടുകാര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.