കുമരകത്ത് സഞ്ചാരികള്‍ക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കും

Saturday 26 November 2016 10:02 pm IST

കോട്ടയം: കുമരകത്ത് എത്തുന്ന ടൂറിസ്റ്റുകള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളുടേയും സ്ഥാപനങ്ങളുടേയും സര്‍ക്കാര്‍ ഏജന്‍സികളുടേയും ഇടയില്‍ മെച്ചപ്പെട്ട ഏകോപനം ഉറപ്പു വരുത്തുന്നതിന് ജില്ലാ കളക്ടര്‍ സി.എ ലതയുടെ അദ്ധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കുമരകം പ്രദേശത്തെ മാലിന്യ നിര്‍മ്മാര്‍ജനം, അടിസ്ഥാന സൗകര്യ വികസനം, ടൂറിസം വികസനം തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭാരവാഹികള്‍ ഉള്‍പ്പെടെയുളള ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേര്‍ക്കാനും യോഗത്തില്‍ തീരുമാനമായി. ടൂറിസം വികസനത്തിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന ഗ്രീന്‍ കാര്‍പ്പറ്റ് ഇനിഷ്യേറ്റീവ് പദ്ധതിയുടെ അവലോകത്തിനായാണ് യോഗം വിളിച്ചത്. ജില്ലയിലെ കുമരകം, കോടിമതയിലെ വാട്ടര്‍ പാര്‍ക്ക് എന്നീ കേന്ദ്രങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. വിശ്രമ കേന്ദ്രങ്ങള്‍, തെരുവ് വിളക്കുകള്‍, നടവഴികള്‍, അടയാള ബോര്‍ഡുകള്‍ തുടങ്ങിയവ സ്ഥാപിക്കുക, ശുദ്ധമായ കുടിവെള്ളവും രുചികരമായ ഭക്ഷണവും സഞ്ചാരികള്‍ക്ക് ലഭ്യമാക്കുക, ഹരിത സമൃദ്ധിയും ശുദ്ധ വായു ലഭ്യതയും ഉറപ്പാക്കുക, മതിയായ സുരക്ഷാ-സംവിധാനങ്ങള്‍ ഒരുക്കുക, സഞ്ചാരികള്‍ക്കു ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുക, ടൂറിസം മേഖലയില്‍ യോഗ്യരായ പ്രൊഫഷണലുകളുടെ സേവനം ലഭ്യമാക്കുക, പ്രദേശത്തെ ജനങ്ങളെ വിനോദ സഞ്ചാര മേഖലയുമായി ഫലപ്രദമായി ബന്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.