ആത്മഹത്യാ ഭീഷണി മുഴക്കി ഇതര സംസ്ഥാനക്കാരന്‍

Saturday 26 November 2016 10:36 pm IST

ആലുവ: ഹോട്ടല്‍ ഗോഡൗണിന് പെട്രോള്‍ ഒഴിച്ച് തീയിട്ട ശേഷം മൂന്ന് നില കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ ഇതര സംസ്ഥാനക്കാരനെ പോലീസ് തന്ത്രപൂര്‍വം പിടികൂടി. കര്‍ണാടക മാന്‍ഡിയ സ്വദേശി നസിറുദ്ദീന്‍ (26) ആണ് പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും മണിക്കൂറുകളോളം ആശങ്കയിലാക്കിയത്. ഇന്നലെ രാവിലെ എട്ടരയോടെയാണ് ആലുവ റെയില്‍വേ സ്‌റ്റേഷന് സമീപം അലങ്കാര്‍ ഹോട്ടലിന്റെ ഗോഡൗണിനാണ് ഇയാള്‍ തീയിട്ടത്. റെയില്‍വേ സ്‌റ്റേഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് ബൈക്കുകളില്‍ നിന്നും പെട്രോള്‍ ഊറ്റിയെടുത്ത് തീയിട്ടത്. സംഭവം ശ്രദ്ധയില്‍പ്പെട്ടവര്‍ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ സമീപത്തെ കെട്ടിടത്തിന്റെ മൂന്നാം നിലയിലേക്ക് ഓടി കയറി. കൈവശമുണ്ടായിരുന്ന കുപ്പിയിലെ പെട്രോള്‍ ദേഹത്തേക്ക് ഒഴിച്ച ശേഷം ആത്മഹത്യ ഭീഷണി മുഴക്കി. പോലീസും നാട്ടുകാരും പലവിധത്തില്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ കെട്ടിടത്തിന്റെ പിന്‍വശത്ത് കൂടി കെട്ടിടത്തിന് മുകളില്‍ പ്രവേശിച്ച പോലീസ് പ്രതിയെ പിന്നിലൂടെ പൊക്കുകയായിരുന്നു. ഹോട്ടല്‍ ഗോഡൗണിന്റെ ഭിത്തി പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. വൈദ്യപരിശോധനയില്‍ ഇയാള്‍ക്ക് മാനസിക രോഗമുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്നും പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.