ഭൂമാഫിയ പത്തിമടക്കി: ഗ്രാമീണ മേഖലയില്‍ വസ്തു വില താഴ്ന്നു

Saturday 26 November 2016 10:45 pm IST

വിളപ്പില്‍: കള്ളപ്പണക്കാരെ കുടുക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച സര്‍ജിക്കല്‍ ഓപ്പറേഷന്‍ ഫലം കണ്ടുതുടങ്ങി. സാധാരണക്കാരന്റെ കിടപ്പാടം അപഹരിക്കുവാന്‍ ഏത് ഹീനമാര്‍ഗവും പ്രയോഗിച്ചിരുന്ന ഭൂമാഫിയ ഇപ്പോള്‍ പത്തിമടക്കി മാളങ്ങളില്‍ ഒളിച്ച മട്ടാണ്. കള്ളപ്പണം മുടക്കി വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാങ്ങിക്കൂട്ടിയ ഭൂമി കിട്ടുന്ന വിലയ്ക്ക് വിറ്റഴിക്കുവാന്‍ റിയല്‍ എസ്റ്റേറ്റ് മാഫിയ മത്സരിക്കുകയാണ്. ഇതോടെ ഗ്രാമീണ മേഖലയില്‍ വസ്തു വില താഴ്ന്നിട്ടുണ്ട്. വിളപ്പില്‍, മലയിന്‍കീഴ്, കാട്ടാക്കട, അരുവിക്കര പഞ്ചായത്തുകളില്‍ ഭൂമാഫിയ കൈക്കലാക്കി വച്ചിരുന്ന ഏക്കര്‍ കണക്കിന് വസ്തു നിലവിലെ വിപണി വിലയേക്കാള്‍ പകുതിക്ക് വില്‍ക്കാന്‍ തയ്യാറായിട്ടുണ്ട്. മോഹവില നല്‍കിയും ഭീഷണിപ്പെടുത്തിയും ഗ്രാമീണരെ വരുതിയിലാക്കി ഇക്കൂട്ടര്‍ സ്വന്തമാക്കിയ ഭൂമിയാണ് ഇപ്പോള്‍ വിറ്റഴിച്ച് തടിതപ്പാന്‍ ശ്രമിക്കുന്നത്. സാധാരണക്കാരന്‍ ആകെയുള്ള അഞ്ചുസെന്റ് വില്‍ക്കാനൊരുങ്ങുമ്പോള്‍ വിപണി വിലയേക്കാള്‍ ഉയര്‍ന്ന വില നല്‍കാമെന്ന് മോഹിപ്പിക്കും. വിലയുറപ്പിച്ചു കഴിഞ്ഞ് ചെറിയ തുക അഡ്വാന്‍സ് നല്‍കും. പിന്നെ വര്‍ഷങ്ങളോളം ഇടപാടു നടത്താതെ പറ്റിക്കും. ഒടുവില്‍ തുശ്ചമായ വില നല്‍കി ഭൂമി പതിച്ചു വാങ്ങും. വിളപ്പില്‍, മലയിന്‍കീഴ്, കാട്ടാക്കട പോലീസ് സ്റ്റേഷനുകളില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ ഇത്തരം പറ്റിപ്പുകളെ കുറിച്ച് നിരവധി പരാതികളാണ് മാസങ്ങള്‍ക്ക് മുന്‍പുവരെ ലഭിച്ചിരുന്നത്. സിവില്‍ കേസായതിനാല്‍ കോടതി കയറിയിറങ്ങി വര്‍ഷങ്ങള്‍ പാഴാകുന്ന പൊല്ലാപ്പോര്‍ത്ത് പലരും സ്റ്റേഷനില്‍ വച്ചുതന്നെ ഒത്തുതീര്‍പ്പ് ഉണ്ടാക്കുകയാണ് പതിവ്. ഇക്കൂട്ടര്‍ക്ക് വലിയ രാഷ്ട്രീയ സ്വാധീനം ഉള്ളതിനാല്‍ പോലീസും മൃതുസമീപനമാണ് ഇവരോട് സ്വീകരിക്കാറുള്ളത്. അഡ്വാന്‍സ് നല്‍കിയ തുക തിരികെ നല്‍കാം വസ്തു വിട്ടുനല്‍കണമെന്ന് ആവശ്യപ്പെടുന്നവരെ ഗുണ്ടകളെ നിയോഗിച്ച് ഭീഷണിപ്പെടുത്തുകയെന്നത് ഭൂമാഫിയയുടെ പതിവ് ശൈലിയായിരുന്നു. എന്നാലിപ്പോള്‍ മുന്‍പ് നക്കാപിച്ച നല്‍കി ഭൂമി കൈവശപ്പെടുത്തിയവര്‍ ഉടമയ്ക്ക് ഭൂമി വിട്ടുനല്‍കാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. ചിലര്‍ വാങ്ങിയ വില നല്‍കിയാല്‍ വസ്തു തിരിച്ചു നല്‍കാമെന്ന വാഗ്ദാനവുമായി ആളുകളെ സമീപിച്ചു തുടങ്ങി. അനധികൃതമായി ഏക്കറുകണക്കിന് വസ്തു കൈവശപ്പെടുത്തിയവര്‍ കുടുങ്ങുമെന്ന തിരിച്ചറിവാണ് ഭൂമാഫിയകളെ വെട്ടിലാക്കുന്നത്. വസ്തു വാങ്ങിക്കൂട്ടാന്‍ മുടക്കിയ കള്ളപ്പണത്തിന്റെ ഉറവിടം വെളിപ്പെടുത്താനാവാത്തതും ഇവരെ ആശങ്കപ്പെടുത്തുന്നുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാകുന്ന ഭവന പദ്ധതികളില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് ഭൂമി വില താഴുന്നത് ഏറെ ആശ്വാസം പകരുന്നത്. മൂന്നു സെന്റ് വസ്തു വാങ്ങാന്‍ ഇവര്‍ പരക്കം പായുക ഗ്രാമങ്ങളില്‍ പതിവുകാഴ്ചയാണ്. ഭൂമാഫിയ ഗ്രാമീണ മേഖലയില്‍ ഭണം വിടര്‍ത്തിയാടിയതോടെ പാവങ്ങള്‍ക്ക് തലചായ്ക്കാന്‍ ഒരുതുണ്ട് ഭൂമി കിട്ടാത്ത അവസ്ഥയായിരുന്നു. സര്‍ക്കാര്‍ നല്‍കുന്ന തുശ്ചമായ വിലയ്ക്ക് എങ്ങനെ വസ്തു വാങ്ങുമെന്ന ചിന്തയും ഇവരെ അലട്ടിയിരുന്നു. ഇതിനെല്ലാം പരിഹാരമായ സന്തോഷത്തിലാണ് ഗ്രാമീണ മേഖലയിലെ ആയിരക്കണക്കിന് ഭൂരഹിതര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.