കോഴിക്കോട്: തിരുവനന്തപുരത്ത് നടന്ന 24 ാമത് സംസ്ഥാന ബാലശാസ്ത്രാകോണ്ഗ്രസില് പങ്കെടുത്ത കോക്കല്ലൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്കൂള്‍ ടീം, സീനിയര്‍ വിഭാഗത്തില്‍ ദേശീയതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നന്ദിത. പി നയന സുരേഷ്. പി, അന്‍സിജ സേതു, സ്നേഹ. എ, സൂര്യ. കെ എന്നിവരടങ്ങുന്ന ടീമാണ് ഡിസംബര്‍ 27 മുതല്‍ 31 വരെ മഹാരാഷ്ട്രയിലെ ബരാമതിയില്‍ നടക്കുന്ന ദേശീയ തല ബാലശാസ്ത്ര കോണ്‍ഗ്രസിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പ്രാദേശിക ഭക്ഷ്യോല്പാദനവും വിപണനവും സുസ്ഥിര വികസനത്തിന് എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രൊജക്ട് അവതരിപ്പിക്കും.
ബാലുശ്ശേരി കോട്ടവയല്‍ മുഖ്യപഠനമേഖലയായി തെരഞ്ഞെടുത്ത് കേരളത്തില്‍ നെല്‍കൃഷി മേഖല നേരിടുന്ന പ്രതിസന്ധികളെ പറ്റിയാണ് കുട്ടികള്‍ പഠനം നടത്തിയത്. ജില്ലയിലെ നെല്കൃഷിമേഖലയുടെ വിസ്തീര്‍ണ്ണവും ഉല്പാദനവും കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് 50 % ത്തോളം കുറഞ്ഞതായി വിദ്യാര്‍ത്ഥികള്‍ കണ്ടെത്തി.
നമ്മുടെ മുഖ്യ ഭക്ഷണമായ അരിയുടെ ഉല്പാദനം, സംസ്കരണം, തുടങ്ങിയവയെകുറിച്ചുള്ള പ്രാഥമിക അറിവുകള്‍ പോലും പുതിയ തലമുറയ്ക്ക് നഷ്ടമായിരിക്കുന്നു എന്ന് വിദ്യാര്‍ത്ഥികള്‍ വിലയിരുത്തുന്നു. യുവതലമുറയ്ക്ക് അന്യമാവുന്ന കാര്‍ഷിക അറിവുകളെ സമന്വയിപ്പിച്ചുകൊണ്ട് വിവിധ നെല്‍ വിത്തിനങ്ങള്‍, വിത്തിനങ്ങളും കാലഘടനയും, കൃഷിരീതികള്‍, വിത്തുമുളപ്പിക്കല്‍, നടീല്‍ പ്രവര്‍ത്തനങ്ങള്‍, വളപ്രയോഗം, കാര്‍ഷികഉപകരണങ്ങള്‍, നെല്ല് പുഴുങ്ങുന്ന രീതികള്‍, വിവിധ അരികള്‍, തവിടരിയുടെ പോഷകമൂല്യം തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കതിര് എന്ന പേരില്‍ ഒരു മൊബൈല്‍ ആപ്പും വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയിട്ടുണ്ട്.
തുടര്‍ച്ചയായി രണ്ടാമത്തെ വര്‍ഷമാണ് കോക്കല്ലൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ദേശീയതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. രണ്ടുവര്‍ഷവും വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയത് സ്കൂളിലെ ബോട്ടണി അധ്യാപികയായ സിന്ധു. എസ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: