പോലീസ് മൂന്നാംമുറ സുബീഷ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി

Saturday 26 November 2016 11:52 pm IST

കണ്ണൂര്‍: കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട് പോലീസിന്റെ മൂന്നാം മുറക്ക് വിധേയനായ മാഹി ചെമ്പ്രയിലെ സുബീഷ് മനുഷ്യാവകാശ കമ്മീഷനും, പോലീസ് കംപ്ലൈന്റ് അതോറിറ്റിക്കും പരാതി നല്‍കി. തന്നെ അന്യായമായി തടങ്കലില്‍ വെച്ച് പീഡിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. തനിക്ക് പങ്കില്ലാത്ത കേസില്‍ അറസ്റ്റ് ചെയ്താണ് ഫസല്‍ വധക്കേസില്‍ മൊഴി നല്‍കാന്‍ പോലീസ് തന്നെ നിര്‍ബന്ധിച്ചത്. തന്നെ കൊലക്കേസുകളില്‍ പ്രതിചേര്‍ത്തത് രാഷ്ട്രീയ ഗൂഡാലോചനയാണെന്നും താന്‍ നിരപരാധിയാണെന്നും പരാതിയില്‍ പറയുന്നുണ്ട്. സിബിഐ വിശദമായ അന്വേഷണം നടത്തി തെളിവുകളുടെ അടിസ്ഥാനത്തിലാണ് സിപിഎമ്മുകാരായ പ്രതികളെ അറസ്റ്റ് ചെയ്തത്. കേസ് വിചാരണയാരംഭിക്കാനിരിക്കെ തെളിവുകള്‍ നശിപ്പിക്കാനും തുടര്‍ നടപടികള്‍ തടസ്സപ്പെടുത്താനുമാണ് ഇപ്പോഴത്തെ അറസ്റ്റ് നാടകം. ഡിവൈഎസ്പിമാരായ പി.പി.സദാനന്ദന്‍, പ്രിന്‍സ് അബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മ സുബീഷിനെ മൂന്നാം മുറക്ക് വിധേയനാക്കിയത്. പോപ്പുലര്‍ പ്രണ്ട് പ്രവര്‍ത്തകനായ ഫസലിനെ വെട്ടിക്കൊലപ്പെടുത്തിയത് താനുള്‍പ്പടെയുള്ള സംഘമാണെന്ന് മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് തന്നെ പോലീസുകാര്‍ അതിക്രൂരമായ മര്‍ദ്ദനത്തിനിരയാക്കിയെന്ന് സുബീഷ് മജിസ്‌ട്രേറ്റിന് കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. ഫസല്‍ വധക്കേസില്‍ സിപിഎമ്മുകാരായ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും രക്ഷപ്പെടുത്താന്‍ സിപിഎം നേതൃത്വവും പോലീസും ഒത്തുകളിക്കുകയാണെന്ന ആരോപണം ശരിവെക്കുന്നതാണ് പുതിയ സംഭവവികാസം. കൂത്തുപറമ്പ് വാളാങ്കിച്ചാലില്‍ സിപിഎം പ്രവര്‍ത്തകന്‍ മോഹനന്റെ മരണവുമായി ബന്ധപ്പെട്ട് പതിനേഴിനാണ് സുബീഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് രണ്ട് ദിവസത്തോളം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെത്തിച്ച് സുബീഷിനെ ക്രൂരമായ മര്‍ദ്ദനത്തിനിരയാക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.