പനാജി: കറന്‍സി ഇടപാടുകള്‍ പൂര്‍ണ്ണമായും ഡിജിറ്റല്വല്ക്കരിക്കരിച്ച് ആദ്യ കറന്‍സി രഹിത സംസ്ഥാനമാകാന്‍ ഗോവ. ഡിസംബര്‍ 31 ന് മുമ്പായി ലക്ഷ്യം കൈവരിക്കാനാണ് ശ്രമം. എല്ലാ ഇടപാടുകളും മൊബൈല്‍ ഫോണ്‍ വഴിയാക്കുന്ന നടപടികള്‍ സംസ്ഥാനത്ത് ആരംഭിച്ചതായി ചീഫ് സെക്രട്ടറി ആര്.കെ ശ്രീവാസ്തവ അറിയിച്ചു.
മത്സ്യം, ഇറച്ചി, പച്ചക്കറികള്‍ തുടങ്ങി എന്തു സാധനവും വാങ്ങുന്നതിനായി ഇനിയാരും പണം കയ്യില്‍ കരുതേണ്ടതില്ല. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈല്‍ ഫോണ്‍ വഴി തുക അടയ്ക്കാം. *99 എന്ന് ഡയല് ചെയ്ത് ഫോണിലൂടെ ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ചെയ്താല്‍ ഇടപാട് പൂര്‍ത്തിയാക്കാം. എല്ലാ കടക്കാര്‍ക്കും മൊബൈല്‍മണി ഐഡന്റിഫയര്‍ (എംഎംഐഡി) നമ്പര്‍ നല്‍കിയിട്ടുണ്ട്. അത് ഇടപാടുകാര്‍ സ്വന്തം ഫോണില്‍ അടിച്ച് തുകയും അടിച്ചാല്‍ ഇടപാട് പൂര്‍ത്തിയാകും. സൈ്വപ്പിംഗ് മെഷീനുകളില്ലാത്ത എല്ലാ കടകളിലും പുതിയ സംവിധാനം ഏര്പ്പാടാക്കിത്തുടങ്ങിയതായി ചീഫ് സെക്രട്ടറി അറിയിച്ചു. എടിഎം, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള ഇടപാടുകള്‍ പഴയ പോലെ തന്നെ തുടരുകയും ചെയ്യും.
ഇന്ന് പനാജിയിലെ മപുസയില്‍ നടന്ന പരിപാടിയില്‍ ഏതു വിധത്തിലാണ് പൊതുജനങ്ങള്‍ പദ്ധതി ഉപയോഗിക്കേണ്ടത് എന്നതിന്റെ പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുണ്ട്. പണം ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് പുതിയ സംവിധാനം മൂലം തടസ്സങ്ങളൊന്നുമുണ്ടാകില്ല. എന്നാല്‍ കറന്‍സി രഹിത സംസ്ഥാനം എന്ന ലക്ഷ്യത്തിനായുള്ള കുതിച്ചുചാട്ടമാണ് ഗോവയില്‍ ആരംഭിച്ചിരിക്കുന്നത്.
മൊബൈല്‍ ഫോണ്‍ വഴിയുള്ള ഇടപാടുകള്‍ക്ക് യാതൊരുവിധ ചാര്‍ജ്ജുകളും ഇടാക്കില്ലെന്ന് ഗോവന്‍ മുഖ്യമന്ത്രി ലക്ഷ്മീകാന്ത് പര്‍സേക്കര്‍ അറിയിച്ചു. കേന്ദ്രപ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍ ശനിയാഴ്ച വിളിച്ചുചേര്‍ത്ത ഗോവയിലെ ഉന്നത ഉദ്യോഗസ്ഥരുടേയും പൊതുമേഖലാ ബാങ്കുകളുടേയും യോഗത്തിലാണ് തീരുമാനം. കറന്‍സി രഹിത രാജ്യമെന്ന നിലയിലേക്കുള്ള ഇന്ത്യയുടെ കുതിപ്പില്‍ ആദ്യ സ്ഥാനം ഗോവയ്ക്കായിരിക്കുമെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫറന്‍സ്(യുപിഐ) വഴി ബാങ്കുകളുമായി ബന്ധപ്പെടുത്തിയ മൊബൈല്‍ ഫോണുകളിലൂടെ അനായാസം ഇടപാടുകള്‍ നടത്താനാവുമെന്ന് ഗോവ തെളിയിക്കുമെന്നും പരീഖര്‍ കൂട്ടിച്ചേര്‍ത്തു.
15 ലക്ഷം ജനസംഖ്യയും 17 ലക്ഷം മൊബൈല്‍ ഫോണ്‍ കണക്ഷനുകളുമുള്ള ഗോവയില്‍ കറന്‍സി രഹിത ഇടപാടുകള്‍ അതിവേഗത്തില്‍ സാധ്യമാകുമെന്നാണ് കണക്കുകൂട്ടുന്നത്. സംസ്ഥാനത്താകെ 22 ലക്ഷം ബാങ്ക് അക്കൗണ്ടുകളുണ്ട്. ഒരു വ്യക്തിക്ക് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളാണുള്ളത്. ഇതു പദ്ധതിയുടെ വിജയത്തെ സഹായിക്കും. ഗോവയിലെ ബഹുഭൂരിപക്ഷം ആളുകളും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നവരുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: