തീര്‍ത്ഥാടകര്‍ ദുരിതത്തില്‍ എരുമേലിയില്‍ ദേവസ്വം ബോര്‍ഡ് പാര്‍ക്കിംഗ് മൈതാനങ്ങളില്‍ വെളിച്ചമില്ല

Sunday 27 November 2016 7:22 pm IST

എരുമേലി: ലക്ഷങ്ങള്‍ കരാര്‍ നല്‍കിയും പാര്‍ക്കിംഗ് ഫീസ് കുത്തനെ വര്‍ദ്ധിപ്പിക്കുകയും ചെയ്ത ദേവസ്വം ബോര്‍ഡ് പാര്‍ക്കിംഗ് മൈതാനങ്ങളെ ഇരുട്ടിലാക്കിയതോടെ ശബരിമല തീര്‍ത്ഥാടകര്‍ ദുരിതത്തിലായി. എരുമേലിയില്‍ ദേവസ്വം ബോര്‍ഡ് കരാര്‍ നല്‍കിയ അഞ്ച് പാര്‍ക്കിംഗ് മൈതാനങ്ങളാണ് ഇത്തരത്തില്‍ വെള്ളവും വെളിച്ചവും വേണ്ടത്ര സുരക്ഷിതത്വവുമില്ലാതെ തീര്‍ത്ഥാടകരെ ദുരിതത്തിലാക്കുന്നത്. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയില്‍ മതിയായ സുരക്ഷയില്ലെന്ന് കേന്ദ്ര- സംസ്ഥാന സംയുക്ത രഹസ്യാന്വോഷണ വിഭാഗം കണ്ടെത്തിയ സാഹചര്യത്തിലാണ് പാര്‍ക്കിംഗ് മൈതാനങ്ങളിലെ ഇരുട്ട് തീര്‍ത്ഥാടകര്‍ക്കും ക്ഷേത്രങ്ങള്‍ക്കും ഭീഷണിയായിരിക്കുന്നത്. ആലംമ്പള്ളി, കോപ്പാറ, കളിസ്ഥലം, സ്‌ക്കൂള്‍ വലിയ മൈതാനം, സ്‌ക്കൂള്‍ ചെറിയ മൈതാനം എന്നീ അഞ്ച് മൈതാനങ്ങളാണ് ഇത്തരത്തില്‍ ഇരുട്ടില്‍ നട്ടം തിരിയുന്നത്. പാര്‍ക്കിംഗ് മൈതാനങ്ങള്‍ക്ക് ചുറ്റും വഴികള്‍, ആര്‍ക്കും ഏതു സമയത്തും ഏതു വഴിയേ വേണമെങ്കിലും തീര്‍ത്ഥാടകര്‍ക്കിടയിലേക്കും ക്ഷേത്രത്തിലേക്കും കയറി ചെല്ലാവുന്ന തരത്തില്‍ കുത്തഴിഞ്ഞുകിടക്കുന്ന പാര്‍ക്കിംഗ് മൈതാനങ്ങളാണന്നും സുരക്ഷ ഉദ്യോഗസ്ഥര്‍ തന്നെ ചുണ്ടിക്കാട്ടുന്നു. എന്നാല്‍ ആലംമ്പള്ളി, വലിയ മൈതാനം എന്നിവങ്ങെളില്‍ ഹൈമാക്‌സ് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മൈതാനങ്ങള്‍ ഇരുട്ടില്‍ തന്നെയാണന്നും തീര്‍ത്ഥാടകര്‍ പറയുന്നു. തീര്‍ത്ഥാടനത്തിന്റെ ഭാഗമായി എരുമേലിയില്‍ മാത്രം പാര്‍ക്കിംഗ് ഫീസ് ഗണ്യമായി വര്‍ദ്ധിപ്പിച്ച ദേവസ്വം ബോര്‍ഡ് നടപടിയില്‍ പരാതി ഉയരുമ്പോഴും മൈതാനങ്ങളില്‍ വെളിച്ചമെത്തിക്കാന്‍ അധികൃതര്‍ ഗുരുതരമായ അനാസ്ഥയാണ് കാട്ടുന്നത്. പാര്‍ക്കിംഗ് മൈതാനങ്ങളിലെ വെളിച്ചക്കുറവുമൂലം വന്‍ സുരക്ഷ ഭീഷണിയാണ് ഉണ്ടായിരിക്കുന്നതെങ്കിലും ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് തീര്‍ത്ഥാടകരോടും എരുമേലിയോടും തികഞ്ഞ അലംഭാവവും അവഗണനയുമാണ് കാണിക്കുന്നത്. ശബരിമല തീര്‍ത്ഥാടനത്തിനായി ലക്ഷക്കണക്കിനു തീര്‍ത്ഥാടകരെത്തുന്ന എരുമേലിയുടെ സുരക്ഷ കാര്യത്തില്‍ പോലീസ് അടക്കമുള്ള ഉന്നതാധികാരികള്‍ കടുത്ത ആശങ്ക ഉയര്‍ത്തുന്നുവെങ്കിലും ദേവസ്വം ബോര്‍ഡിന് എരുമേലിയുടെ സുരക്ഷ കര്യത്തില്‍ മെല്ലെപ്പോക്ക് നയമാണെന്നും ജനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് എരുമേലി ക്ഷേത്രത്തിന്റെ സുരക്ഷക്കായി തമിഴ്‌നാട്ടുകാരനായ ഒരു ഭക്തന്‍ ലക്ഷങ്ങള്‍ ചിലവഴിച്ച സ്ഥാപിച്ച 20 ഓളം സി.സി. റ്റി.വി ക്യാമറകള്‍ പോലും തകരാറുകള്‍ പരിഹരിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇക്കാര്യം 'ജന്മഭൂമി' കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലക്ഷക്കണക്കിനു തീര്‍ത്ഥാടകരെത്തുന്ന എരുമേലിയുടെ സുരക്ഷ കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് കാണിക്കുന്ന അവഗണക്കെതിരെ വ്യാപകമായ പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.