ശബരിമലയില്‍ അതീവ സുരക്ഷ

Sunday 27 November 2016 8:03 pm IST

ശബരിമല: നിലമ്പൂര്‍ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സന്നിധാനം, നിലയ്ക്കല്‍, പമ്പ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കി. ഏതു ഭീഷണിയും നേരിടാന്‍ തക്ക വിധത്തിലുള്ള സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ദ്രവരൂപത്തിലുള്ള സാധനങ്ങളുടെ പരിശോധനയും നടത്താന്‍ കര്‍ശന നിര്‍ദേശം നല്‍കി. അപ്പം, അരവണ എന്നിവക്ക് നെയ്യ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ലാബ് ടെസ്റ്റ് നടത്തി ഉപയോഗിക്കാനാണ് നിര്‍ദേശം. ഗ്യാസ് സിലിണ്ടര്‍ ലീക്ക് ഉണ്ടായാല്‍ തിരിച്ചറിയാന്‍ ഗ്യാസ് ഡിറ്റക്ടര്‍ ഉടന്‍ സ്ഥാപിക്കും. കുടിവെള്ളം ഉള്‍പ്പെടെയുള്ളവ വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കാനും തീരുമാനിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഭാഗമായി ജില്ലാകളക്ടറുടെ കീഴിലുള്ള എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിലൂടെ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും. ദുരന്തമുണ്ടായാല്‍ അടിയന്തരമായി ഇടപെടാന്‍ വേണ്ട നിര്‍ദേശങ്ങള്‍ വിവിധ വകുപ്പുകള്‍ക്ക് നല്‍കിക്കഴിഞ്ഞു. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിങ്ങനെ മൂന്ന് മുഖ്യസ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് സുരക്ഷാ ക്രമീകരണം. പുറ്റിങ്ങല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിമരുന്ന് സംഭരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കര്‍ശന സുരക്ഷാ നിര്‍ദേശം പാലിക്കും. സന്നിധാനത്ത് സംസ്ഥാന പോലീസും കേന്ദ്രസേനയും പരിശോധന കര്‍ശനമാക്കി. കൂടുതല്‍ സിസി ടിവി കാമറകള്‍ സ്ഥാപിക്കും. ഇതോടൊപ്പം ആകാശ നിരീക്ഷണവും നടത്തും. ശബരിമലയുമായി ബന്ധപ്പെട്ട പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ഇടുക്കി, പത്തനംതിട്ട വനമേഖലകളില്‍ വരും ദിവസങ്ങളില്‍ ശക്തമായ നിരീക്ഷണം നടത്തും. കാനനപാതയിലും സുരക്ഷാ പരിശോധന നടത്തും. കേന്ദ്രസേനയുടെ നേതൃത്വത്തില്‍ വനമേഖലയില്‍ തിരിച്ചില്‍ നടത്തും. ആവശ്യമെങ്കില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ കേന്ദ്രസേനയെ എത്തിക്കാനും തീരുമാനമുണ്ട്. ഇന്നലെ എഡിജിപി നിതിന്‍ അഗര്‍വാളിന്റെ നേതൃത്വത്തില്‍ സുരക്ഷ വിലയിരുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.