യോഗദര്‍ശനം

Sunday 27 November 2016 9:52 pm IST

  സാംഖ്യം, യോഗം, ന്യായം, വൈശേഷികം, പൂര്‍വമീമാംസ, ഉത്തരമീമാംസ എന്നീ ആറ് ദര്‍ശനങ്ങളില്‍ പതഞ്ജലിയുടെ യോഗദര്‍ശനത്തിന്റെ സംക്ഷിപ്തമാണ് ഇവിടെ നല്‍കുന്നത്. ആദ്യത്തെ പതിനാറ് ശ്ലോകങ്ങളില്‍ക്കൂടി എന്താണ് യോഗം എന്ന് അദ്ദേഹം വിശദീകരിക്കുന്നു. പതഞ്ജലിമഹര്‍ഷി ആദ്യമായി പറയുന്നു, യോഗം ചിത്തവൃത്തി നിരോധമാണ് എന്ന്. മാനസികവ്യാപാരങ്ങളെ അടക്കം ചെയ്ത് മനസ്സിനെ ഏകാഗ്രമാക്കലാണ് യോഗം. യോഗേശ്വരന്‍ എന്നു ശിവനെ പുകഴ്ത്തുമ്പോള്‍ യാഗീശ്വരനെന്ന് കൃഷ്ണനെയും പ്രശംസിക്കുന്നു. ശാരീരികവും മാനസികവും ഓജസ്സ് സംബന്ധവുമായ ഒരു തരം സംസ്‌കരണമാണ് യോഗംകൊണ്ടുദ്ദേശിക്കുന്നത്. യോഗാഭ്യാസംകൊണ്ട് ആത്മാവ് വിശാലതയിലേക്ക് പ്രവേശിക്കുന്നു. ''സമത്വം യോഗ ഉച്യതേ'' എന്ന് ഭഗവാന്‍ യോഗത്തെക്കുറിച്ച് ഗീതയില്‍ ഒരു സന്ദര്‍ഭത്തില്‍ അരുളിച്ചെയ്തു. സമഭാവന, സമന്വയം, ഏകഭാവം എന്നൊക്കെപ്പറയുന്നതാണ് യോഗം എന്നാണ് ഭഗവാന്‍ ഉദ്ദേശിച്ചത്. സത്വരജസ്തമോഗുണങ്ങളോടുകൂടിയാണ് ഓരോ വ്യക്തിയും ജനിക്കുന്നത്. ഇവ പ്രകൃതിയുടെതന്നെ ഗുണങ്ങളാണെന്ന് ഗീതയും ഇതര ദര്‍ശനങ്ങളും പറഞ്ഞിട്ടുണ്ട്. തന്നിമിത്തം പ്രകൃതിയുടെ ഭാഗമാകുന്ന മനുഷ്യനിലും ഇവ മൂന്നും അടങ്ങിയിരിക്കുന്നു. യോഗദര്‍ശനമനുസരിച്ച് മനുഷ്യനില്‍ അടങ്ങിയിരിക്കുന്ന ത്രിഗുണങ്ങളില്‍ തമസ്സ് നിശ്ചലാവസ്ഥയില്‍ മനുഷ്യ ശരീരത്തില്‍ കുടികൊള്ളുന്നു. രജസ്സാകട്ടെ ചലനാത്മകമായി പ്രാണനില്‍ കുടികൊള്ളുന്നു. സത്വം ശുദ്ധഭാവത്തോടെ മനസ്സില്‍ കുടികൊള്ളുന്നു. അതുകൊണ്ട് മനുഷ്യന്റെ വ്യക്തിത്വം മുഴുവനും ശരീരത്തിന്റെയും പ്രാണന്റെയും മനസ്സിന്റെയും ഒജസ്സാര്‍ന്ന ഐക്യത്തിലും ആ ഐക്യത്തിന്റെ നിലനില്‍പ്പിലും കുടികൊള്ളുന്നു. ഇവ മൂന്നിലുമുള്ള അനൈക്യമാണ് അഥവാ ശൈഥില്യമാണ് നമ്മുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. ശരീരം പ്രാണന്‍, മനസ്സ് എന്നിവയുടെ സ്വരസംയോജനത്തിനുവേണ്ടി മഹര്‍ഷി മൂന്ന് കാര്യങ്ങളെ നിര്‍ദ്ദേശിക്കുന്നു. അവ- ആസനം, പ്രാണായാമം, ധ്യാനം എന്നിവയാണ്. ശരീരത്തിന് അസ്വസ്ഥതയും ശരീരഭാഗങ്ങള്‍ക്ക് വേദനയും തോന്നാത്തവിധം സുഖകരമായ ഇരിപ്പാണ് ആസനം (Posture).അകത്തേക്കും പുറത്തേക്കുമുള്ള ശ്വാസത്തിന്റെ ഗതിനിയന്ത്രണമാണ് പ്രാണായാമം (Regulation of breath). മനസ്സിനെ ഏകാഗ്രമാക്കിയുള്ള ധാരണയുടെ ധാരയാണ് ധ്യാനം (Concentration and contemplation). ഒരു യോഗാഭ്യാസി അഭ്യാസംകൊണ്ട് തന്റെ ഞരമ്പുകളെ ഇച്ഛാനുവൃത്തി ഞരമ്പുകളാക്കി മാറ്റി പ്രാണനിയന്ത്രണത്തോടെ ധ്യാനനിരതത്വം നേടിയാല്‍ അതിനുപരി മറ്റൊരു സുഖജീവിതമില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.