വനംവക്കുപ്പിന്റെ അനാസ്ഥ; കാട്ടാനകള്‍ ചരിയുന്നത് നിത്യസംഭവം

Sunday 9 April 2017 11:30 am IST

കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയില്‍ കഞ്ചിക്കോടിനടുത്ത് റെയില്‍വേ ട്രാക്കില്‍ ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞ സംഭവം ആരുടേയും മനസ്സിനെ വേദനിപ്പിക്കുന്നതാണ്. പാലക്കാട് -തിരുച്ചിറപ്പള്ളി പാസഞ്ചര്‍ ട്രെയിനാണ് ഇടിച്ചത്. ആനക്കൂട്ടം ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് ഈ ദാരുണ സംഭവമുണ്ടായത്. കോയമ്പത്തൂര്‍ റെയില്‍വേ ട്രാക്കില്‍ ഇക്കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പതിനൊന്ന് കാട്ടാനകളാണ് ട്രെയിനിടിച്ച് ചരിഞ്ഞത്. വാളയാറിലെ എ, ബി ലൈന്‍ ട്രാക്കുകളിലാണ് അപകടങ്ങളിലേറെയും. കാട്ടാനകള്‍ ചരിയുന്നത് തടയാനും മറ്റുമായി ട്രെയിനില്‍ അള്‍ട്രാസോണിക്ക് എക്യുപ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് വനംവകുപ്പ് ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. ആനകള്‍ ട്രാക്ക് മുറിച്ച് കടക്കുന്നത് തടയാനായി ചില സംവിധാനങ്ങള്‍ റെയില്‍വേ ഒരുക്കിയെങ്കിലും അത് ഫലവത്തായില്ല. കാട്ടാനകള്‍ തുടര്‍ച്ചയായി ചരിയുന്നത് റെയില്‍വേയ്ക്കും വനംവകുപ്പിനും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കാട്ടാനകള്‍ കൂട്ടംകൂട്ടമായാണ് ട്രാക്ക് മുറിച്ച് കടക്കുക. അപകടം പതിവായതോടെ ഈ മേഖലയില്‍ ട്രെയിന്‍ വേഗത കുറച്ചും തുടര്‍ച്ചയായി ഹോണ്‍ മുഴക്കിയുമാണ് യാത്ര. എന്നിട്ടും അപകടത്തിന് കുറവുണ്ടായിട്ടില്ലെന്നാണ് ഞായറാഴ്ച്ചയിലുണ്ടായ അപകടം തെളിയിക്കുന്നത്. ഈ ഭാഗത്ത് കാട്ടാനകള്‍ ട്രാക്ക് മുറിച്ച് കടക്കുന്നത് പതിവാണ്. അപകടത്തിന് തൊട്ട് മുമ്പ് മൂന്ന് ആനകള്‍ ട്രാക്ക് മുറിച്ച് കടന്നതായി പറയപ്പെടുന്നു. ട്രാക്കുകളുടെ രണ്ട് ഭാഗങ്ങളിലും സൗരോര്‍ജ വേലി സ്ഥാപിക്കുകയുണ്ടായി. എന്നിട്ടും ആനകള്‍ അതിനെ മറികടന്നാണ് ട്രാക്ക് മുറിച്ച് കടക്കുന്നത്. അതിസങ്കീര്‍ണ്ണമായ വളവിലാണ് തുടര്‍ച്ചയായ അപകടങ്ങള്‍ ഉണ്ടാകുന്നത്. ഇത് തടയാന്‍ റെയില്‍വേയും വനംവകുപ്പും സംയുക്ത നടപടിയെടുക്കേണ്ടിയിരിക്കുന്നു. കാരണം കഴിഞ്ഞ ആറ് മാസത്തിനിടെ അഞ്ച് ആനകള്‍ ട്രെയിന്‍ തട്ടി ചരിഞ്ഞുവെന്നത് അപകടത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.