ബി.ബി.സി ഫോട്ടോഗ്രഫി മത്സരം: അവസാനവട്ടത്തിന്‍റെ ആഹ്ലാദത്തില്‍ വയനാട്ടുകാരന്‍ അഭിജിത്ത്

Sunday 9 April 2017 11:30 am IST

അഭിജിത്ത്

ബ്രീട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷന്‍ നടത്തിയ യംഗ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ഓഫ് ദ ഇയര്‍ മത്സരത്തില്‍ അവസാനവട്ടത്തില്‍ എത്തിയതിന്റെ ആഹ്‌ളാദത്തില്‍ വയനാട്ടുകാരന്‍ എ.വി. അഭിജിത്ത്. കൗമാരപ്രായക്കാരനായ അഭിജിത്ത് അയച്ചതില്‍ കരിംതൊപ്പി ഈച്ചപിടിയന്‍, വയല്‍ക്കുരുവി, ഗരുഡന്‍ ചാരക്കിളി എന്നീ പക്ഷിച്ചിത്രങ്ങളും നീറ് പൂമ്പാറ്റയെ ഉയര്‍ത്തുന്ന ദൃശ്യവും ഉള്‍പ്പെടെ നാല് ചിത്രങ്ങളാണ് മത്സരത്തിന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇളം ഫോട്ടോഗ്രാഫര്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയത്. സമ്മാനിതനായില്ലെങ്കിലും അവസാനവട്ടത്തില്‍ എത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് അഭിജിത്ത് പറഞ്ഞു.

കരിംതൊപ്പി ഈച്ചപിടിയന്‍

ബത്തേരി കല്ലൂരിലെ കര്‍ഷകന്‍ എ.വി. മനോജ്കുമാറിന്റേയും ബി.എസ്.എന്‍.എല്‍ അമ്പലവയല്‍ ഡിവിഷന്‍ എന്‍ജീനീയര്‍ ഷേര്‍ലിയുടെയും മകനാണ് 18 കാരനായ അഭിജിത്ത്. മണ്ണിനോട് മല്ലടിക്കുന്ന മനോജ്കുമാറിന്റെ ഹോബികളിലൊന്നാണ് ഫോട്ടോഗ്രഫി. പിതാവില്‍നിന്നു അഭിജിത്തിലേക്ക് പടര്‍ന്നാണ് ഛായാഗ്രഹണത്തിലുള്ള കമ്പം. ബത്തേരി ഭാരതീയ വിദ്യാഭവനില്‍ ഹയര്‍ സെക്കന്‍ഡറി പൂര്‍ത്തിയാക്കിയ അഭിജിത്ത് പഠനത്തിനു ഒരു വര്‍ഷത്തെ ഇടവേള നല്‍കി വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയില്‍ സജീവമായിരിക്കയാണ്. നിബിഡവനങ്ങളിലും കുറ്റിക്കാടുകളിലും പൊന്തകളിലും ചുറ്റിത്തിരിയുന്നതിനിടെ ക്യാമറക്കണ്ണിനു പിടികൊടുത്ത ചിത്രങ്ങളില്‍ ചിലതാണ് അഭിജിത്ത് ബിബിസിയുടെ മത്സരത്തിനു വിട്ടത്.

പിതാവ് സമ്മാനിച്ച കൊച്ചു ക്യാമറയുമായി അഭിജിത്ത് പതിമൂന്നാം വയസില്‍ തുടങ്ങിയതാണ് പക്ഷി-മൃഗാദികളുടെ പടമെടുപ്പ്. മകന്റെ താത്പര്യം കണ്ടറിഞ്ഞ മാതാപിതാക്കള്‍ വൈകാതെ മെച്ചപ്പട്ട ക്യാമറ വാങ്ങി നല്‍കി. ഇതിനുപിന്നാലെ അഭിജിത്തിന്റെ ക്ലിക്കുകളില്‍ പിറന്നത് എണ്ണംപറഞ്ഞ ചിത്രങ്ങള്‍. പക്ഷിളുടേതാണ് അഭിജിത്ത് ഇതിനകം ഒപ്പിയെടുത്ത ചിത്രങ്ങളില്‍ ഏറെയും. 80 ലേറെ ഇനം പക്ഷികളുടെ ചിത്രങ്ങള്‍ അഭിജിത്തിന്റെ ശേഖരത്തിലുണ്ട്. കടുവയും ആനയുമടക്കം മൃഗങ്ങള്‍, വിവിധയിനം പാമ്പുകള്‍, തവളകള്‍ എന്നിവയും അഭിജിത്തിനുവേണ്ടി പോസ് ചെയ്തവരുടെ ഗണത്തിലുണ്ട്. അഭിജിത്ത് ഇതിനകം പകര്‍ത്തിയതില്‍ മാക്കച്ചിക്കാടയുടെ(സിലോണ്‍ ഫ്രോഗ് മൗത്ത്) ‘നവരസങ്ങള്‍’ വന്യജീവി ഫോട്ടോഗ്രഫിയില്‍ പേരെടുത്തവരുടെപോലും പ്രശംസ നേടിയിരുന്നു.

വയല്‍ക്കുരുവി

ഇന്ത്യയില്‍ ആദ്യമായി വടക്കേ വയനാട്ടിലെ പേരിയ ഗുരുകുലം ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഇക്കഴിഞ്ഞ ജൂലൈ 18ന് രാത്രി ചേന വര്‍ഗത്തില്‍പ്പെട്ട ടൈറ്റന്‍ ആരം പുവിട്ടതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ബാഹ്യലോകത്തിനു സമ്മാനിച്ചതും അഭിജിത്താണ്.

പക്ഷിനിരീക്ഷണത്തിലും തത്പരനാണ് അഭിജിത്ത്. ഈ വിഷയത്തില്‍ പിതാവിനു പുറമേ പ്രശസ്ത പക്ഷിനിരീക്ഷകന്‍ പി.കെ.ഉത്തമനും അഭിജിത്തിനു മാര്‍ഗനിര്‍ദേശം നല്‍കുന്നുണ്ട്.
അറിയപ്പെടുന്ന വന്യജീവി ഫോട്ടോഗ്രാഫറകാനാണ് അഭിജിത്തിനു മോഹം. അങ്ങനെയെങ്കില്‍ അങ്ങനെ എന്ന നിലപാടിലാണ് മാതാപിതാക്കളും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.