കേരളത്തിലെ വൈദ്യുതി ഉത്പാദനം ഉപയോഗത്തിന്റെ 13-15 % വരെ മാത്രം

Monday 28 November 2016 7:32 pm IST

ഇടുക്കി: കേരളത്തില്‍ ഉത്പാദിപ്പിക്കുന്നത് മൊത്തം ഉപയോഗത്തിന്റെ 13-15 ശതമാനം വരെ മാത്രം വൈദ്യുതി. മറ്റ് കാര്യങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുമ്പോഴും അടിസ്ഥാന ആവശ്യമായ വൈദ്യുതിയുടെ കാര്യത്തില്‍ സംസ്ഥാനം പിന്നോക്കം പോകുന്നത് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് ചൂണ്ടിക്കാണിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട വൈദ്യുത പദ്ധതിയായ ഇടുക്കിയിലെ ജലനിരപ്പ് കുത്തനെ താഴ്ന്നത് തന്നെ സംസ്ഥാനം മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചു എന്നതിന് ഉദാഹരണമാണ്. നിലവിലെ ഇടുക്കിയിലെ ജലനിരപ്പ് 2344.68 അടിയാണ്. 41.674 ശതമാനം. മുന്‍വര്‍ഷത്തേക്കാള്‍ 18 അടിയോളം കുറവ്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 2363.94 ആയിരുന്നു. 58.096 ശതമാനം. ദിവസങ്ങളായി മേഖലയില്‍ മഴ ലഭിക്കുന്നില്ല. ഇരുപതിലധികം ജലവൈദ്യുത പദ്ധതികളുള്ള കേരളത്തിലെ വൈദ്യുതി ഉത്പാദനം മഴയെ മാത്രം ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. ഇന്നലെ ലഭിച്ച കണക്ക് പ്രകാരം ഞായറാഴ്ചത്തെ സംസ്ഥാനത്തെ മൊത്തം വൈദ്യുതി ഉപഭോഗം 64.8099 മില്യണ്‍ യൂണിറ്റാണ്. ഇതില്‍ ഇവിടെ ഉത്പാദിപ്പിച്ചതാകട്ടെ 8.8159 മില്യണ്‍ യൂണിറ്റ് മാത്രമാണ്. അതായത് 13.60 ശതമാനം. ബാക്കിയുള്ള 55.9941 മില്യണ്‍ യൂണിറ്റും (86.395 ശതമാനം) പുറത്ത് നിന്ന് വാങ്ങിയതാണ്. ഇതില്‍ 46 ശതമാനത്തിലധികം കേന്ദ്രവിഹിതമാണ്. ബാക്കിയുള്ളവ പണം കൊടുത്ത് പുറത്ത് നിന്ന് വാങ്ങിയതും. ഉപഭോക്തൃ സംസ്ഥാനമായ കേരളം വൈദ്യുതിക്കും മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടേണ്ട ഗതികേടിലേക്ക് നീങ്ങുന്നത് കൂടുതല്‍ ആശങ്കാജനകമാണ്. വരും നാളുകളില്‍ കൂടുതല്‍ ജലവൈദ്യുത പദ്ധതികള്‍ ആലോചിക്കുമ്പോഴും നിസാരമായ ഉത്പാദനം മാത്രമാണ് ഇതില്‍ നിന്ന് ലഭിക്കുന്നതെന്നും പരിസ്ഥിതിയ്ക്ക് ഉണ്ടാകുന്ന നഷ്ടം ഇതിലും എത്രയോ വലുതാണെന്നതും കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു. ഇടുക്കിയിലും കായംകുളത്തും അറ്റകുറ്റപ്പണികള്‍ നടക്കുന്നത് വരും ദിവസങ്ങളില്‍ കൂടുതല്‍ വൈദ്യുതി പ്രതിസന്ധിക്ക് കാരണമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.