വ്യാപാരഭവന്‍ തര്‍ക്കം : ഹര്‍ത്താല്‍ പിന്‍വലിച്ചു

Monday 28 November 2016 9:13 pm IST

പോത്തന്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പോത്തന്‍കോട് യൂണിറ്റിന്റെ ഔദ്യോഗിക ഓഫീസായ വ്യാപാരഭവന്‍ തര്‍ക്കത്തെ തുടര്‍ന്ന് പോലീസ് പൂട്ടിയെടുത്തതില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ നടത്തിവന്ന അനിശ്ചിതകാല ഹര്‍ത്താല്‍ പിന്‍വലിച്ചു. കഴിഞ്ഞ ദിവസം ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ സാന്നിധ്യത്തില്‍ ഇരുവിഭാഗം നേതാക്കള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഹര്‍ത്താല്‍ പിന്‍വലിച്ചത്. കൂടാതെ നിലവിലെ ഭരണസമിതിക്ക് വ്യാപാരഭവന്റെ താക്കോല്‍ കൈമാറാനും ഭരണ സമിതിയുടെ കാലാവധി അവസാനിക്കുന്ന മാര്‍ച്ച് മാസം വരെ നിലവിലെ സ്ഥിതി തുടരണമെന്ന കോടതിവിധി നടപ്പിലാക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. ശനിയാഴ്ച പോത്തന്‍കോട് സിഐ ഓഫീസില്‍ വിളിച്ചു ചര്‍ച്ചനടത്തിയിരുന്നു. ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ ഓഫീസില്‍ ഇരു വിഭാഗങ്ങളെയും വീണ്ടും വിളിപ്പിച്ചത്. എതിര്‍ ഗ്രൂപ്പില്‍പ്പെട്ട നേതാക്കള്‍ നിലവിലെ ഭരണസമിതിക്കെതിരെ കോടതിയെ സമീപിച്ചിരുന്നു. കോടതി ഉത്തരവുപ്രകാരം മാര്‍ച്ചുവരെ തത്സ്ഥിതി തുടരണമെന്നാണ്. ഈ ഉത്തരവ് നിലനില്‍ക്കെയാണ് എതിര്‍ഗ്രൂപ്പുകാര്‍ വ്യാപാര ഭവന്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പോത്തന്‍കോട് എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് ഇരു വിഭാഗം പ്രവര്‍ത്തകരെയും പുറത്താക്കി ഓഫീസ് താഴിട്ട് പൂട്ടുകയായിരുന്നു. തുടര്‍ന്നാണ് വ്യാപാരികള്‍ അനിശ്ചിതകാല ഹര്‍ത്താലുമായി രംഗത്തെത്തിയത്. ഏകോപന സമിതിയില്‍ അംഗങ്ങളായ 600 കടകളില്‍ 11 എണ്ണം മാത്രമാണ് തുറന്ന് പ്രവര്‍ത്തിച്ചത്. ചര്‍ച്ചയില്‍ നിലവിലെ ഭരണസമിതിയില്‍ നിന്ന് പുരുഷോത്തമന്‍ നായര്‍, അനില്‍കുമാര്‍, എം.ഇ. ഹസന്‍ തുടങ്ങിയവരും എതിര്‍ ഗ്രൂപ്പില്‍ നിന്ന് ആര്‍.കെ. രവീന്ദ്രന്‍ നായര്‍, ദുബായ് നൗഷാദ്, സന്തോഷ്‌കുമാര്‍ തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ആറ്റിങ്ങല്‍ ഡിവൈഎസ്പി ആദിത്യയും പോത്തന്‍കോട് സിഐ എസ്. ഷാജിയുടെയും നേതൃത്വത്തിലാണ് ചര്‍ച്ച സംഘടിപ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.