ശബരിമലയിലേക്ക് ഭക്തജനപ്രവാഹം

Monday 28 November 2016 9:34 pm IST

ശബരിമല: തീര്‍ത്ഥാടന കാലത്ത് ഇതുവരെയുള്ള ഏറ്റവും വലിയ ഭക്തജനത്തിരക്കാണ് ഇന്നലെ ശബരിമലയില്‍ അനുഭവപ്പെട്ടത്. ഭക്തരുടെ അണമുറിയാത്ത പ്രവാഹമായിരുന്നു ഇന്നലെ. തീര്‍ത്ഥാടകരെ പമ്പയില്‍ തടഞ്ഞ് നിയന്ത്രിച്ചു. ഇന്നലെ രാവിലെ നട തുറന്നപ്പോള്‍ ദര്‍ശനത്തിനായുള്ള തീര്‍ത്ഥാടകരുടെ നീണ്ട നിര യു ടേണ്‍ വരെ എത്തി. പത്തരയോടെ ഇത് ശരംകുത്തി പിന്നിട്ടു. സന്നിധാനത്ത് തിരക്ക് ഏറിയതോടെ രാവിലെ 10ന് അരമണിക്കൂറോളം പമ്പയില്‍ തടഞ്ഞു. സന്നിധാനത്തെ തിരക്ക് നിയന്ത്രണ വിധേയമായതോടെയാണ് തീര്‍ത്ഥാടകരെ കയറ്റിവിട്ടത്. നാലുമണിക്കൂര്‍ വരിയില്‍ കാത്തുനിന്ന ശേഷമാണ് ഭക്തര്‍ക്ക് ദര്‍ശനം നടത്താനായത്. മരക്കുട്ടം മുതല്‍ സന്നിധാം വരെ ക്യൂവില്‍ നിന്ന പലരും വെള്ളവും ഭക്ഷണവും ലഭിക്കാതെ വലഞ്ഞു. ചിലയിടത്ത് ബാരിക്കേഡിന്റെ ഒരു വശത്ത് മാത്രമാണ് വെള്ളം വിതരണം നടന്നത്. ബാരിക്കേഡിനു പുറത്ത് അല്‍പ്പം അകലെയാണ് വാട്ടര്‍ കിയോസ്‌ക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത്. അതിനാല്‍ പുറത്തിറങ്ങി വേണം വെള്ളം കുടിക്കാന്‍. ഇതിന് പോലീസ് അനുവദിച്ചില്ല. ഇന്നലെ വൈകിട്ട് നട തുറന്നപ്പോള്‍ വടക്കേ നടവഴി ദര്‍ശനത്തിനുള്ളവരുടെ നിര മാളികപ്പുറം ക്ഷേത്രത്തില്‍ നിന്നും പുറത്തേക്കുള്ള പടിക്കെട്ടുവരെ നീണ്ടു. ഉച്ചപൂജയ്ക്കു ശേഷം പതിനെട്ടാംപടി കയറിവരാണ് ദര്‍ശനത്തിനായി വടക്കേനടയില്‍ കാത്തുനിന്നത്. വെര്‍ച്ച്വല്‍ ക്യൂവിലൂടെ ദര്‍ശനം നടത്താനും നല്ല തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. മുപ്പത്തിഅയ്യായിരത്തോളം പേര്‍ ഇന്നലെ വെര്‍ച്ച്വല്‍ ക്യൂവിലൂടെ ദര്‍ശനം നടത്തി. ഹില്‍ടോപ്പ്, ത്രിവേണി, ചാലക്കയം എന്നീ പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ നിറഞ്ഞതിനെ തുടര്‍ന്ന് ചെറിയ വാഹനങ്ങള്‍ക്കും നിലയ്ക്കലിലാണ് പാര്‍ക്കിംഗ് അനുവദിച്ചത്. പമ്പയില്‍ വാഹനത്തിരക്ക് ഏറിയതോടെ ഉച്ചയ്ക്ക് ഒന്നിന് വലിയ വാഹനങ്ങള്‍ നിലയ്ക്കലില്‍ തടഞ്ഞ് പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്ക് തിരിച്ചു വിട്ടു. തുടര്‍ന്ന് തീര്‍ത്ഥാടകര്‍ കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് ബസ്സുകളിലാണ് പമ്പയില്‍ എത്തിയത്. നിലയ്ക്കലില്‍ നിന്നും വാഹനത്തില്‍ പമ്പയില്‍ എത്തുവാന്‍ രണ്ടു മണിക്കൂറിലധികം സമയം വേണ്ടിവന്നു. ഇന്നലെ പമ്പ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് വൈകിട്ട് അഞ്ചുവരെ 221 ദീര്‍ഘദൂര സര്‍വ്വീസ് നടത്തി. വിവിധ ഡിപ്പോകളില്‍ നിന്ന് 217 ബസ്സുകള്‍ എത്തി. ചെങ്ങന്നൂരിലേക്കാണ് ഏറ്റവും അധികം സര്‍വ്വീസ് നടത്തിയത്. പമ്പയില്‍ നിന്ന് 54 സര്‍വ്വീസ് നടത്തിയപ്പോള്‍ തിരികെ 58 ബസ്സുകള്‍ എത്തി. സുരക്ഷാ നിരീക്ഷണത്തിന് ഡ്രോണ്‍ എത്തുന്നു ശബരിമല: ഡ്രോണ്‍ നിരീക്ഷണമുള്‍പ്പെടെ ശബരിമലയിലെ സുരക്ഷാ സന്നാഹങ്ങള്‍ വരും ദിനങ്ങളില്‍ അതീവ ശക്തമാക്കുന്നു. ഡിസംബര്‍ ഒന്നു മുതല്‍ ആറിടങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ഏര്‍പ്പെടുത്തും. നടപ്പന്തലിലെ സ്‌ക്രീനില്‍ ഡ്രോണിലൂടെയുള്ള ദൃശ്യങ്ങള്‍ നിരീക്ഷിച്ച് അനന്തര നടപടികള്‍ സ്വീകരിക്കും. ഇതിനകം 35 സ്ഥലങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് പമ്പയിലുള്ള സ്പെഷല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള പോലീസ് സെന്ററില്‍ നിരീക്ഷണം നടത്തുന്നുണ്ട്. പമ്പ, മരക്കൂട്ടം, ശരംകുത്തി, യുടേണ്‍, നടപ്പന്തല്‍, പതിനെട്ടാംപടി, സോപാനം, മാളികപ്പുറം, പാണ്ടിത്താവളം എന്നിവിടങ്ങളാണ് സിസിടിവി സ്ഥാപിച്ചിട്ടുള്ള ചില പ്രധാന സ്ഥലങ്ങള്‍. പോലീസിന്റെ രണ്ടാം ബാച്ചിന്റെ ഡ്യൂട്ടി ഇന്നലെ ആരംഭിച്ചു. 980 പേരടങ്ങിയതാണ് സംഘം. ആദ്യ സംഘത്തേക്കാള്‍ 200 പേരെ അധികമായി നിയോഗിച്ചിട്ടുണ്ട്. മൂന്നു ദിവസത്തിലൊരിക്കല്‍ ഒരു ഐജിയുടെ നേതൃത്വത്തില്‍ സുരക്ഷാനടപടികള്‍ വിലയിരുത്തുന്നു. എഡിജിപി നിതിന്‍ അഗര്‍വാള്‍ ആണ് സുരക്ഷാ ചുമതലകളുടെ ചീഫ് കണ്‍ട്രോളര്‍. ഒരു സ്പെഷല്‍ ഓഫീസറുടെ കീഴില്‍ 55 സിഐ, 75 എസ്ഐ എന്നിവര്‍ സുരക്ഷാ നടപടികള്‍ നിരന്തരം നിരീക്ഷിക്കുന്നു. ഇതിനു പുറമേ, ഇന്റലിജന്‍സ് വിഭാഗം, ഷാഡോ പോലീസ്, തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകള്‍ എന്നിവയ്ക്കു പുറമേ റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് ഉള്‍പ്പെടെയുള്ള കേന്ദ്രസേനയും ജാഗരൂകരായി ശബരിമലയുടെ സംരക്ഷണത്തിനുണ്ട്. എല്ലാ എന്‍ട്രി പോയിന്റുകളിലും ബോംബ് ഡിറ്റക്ഷന്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പതിനെട്ടാം പടിയിലെ സേവനത്തിന് ഇന്നലെ മുതല്‍ 12 പോലീസ് അയ്യപ്പന്‍മാരെയും നിയോഗിച്ചു. ഒരു മിനിട്ടില്‍ 90 അയ്യപ്പന്‍മാരാണ് പതിനെട്ടാം പടി കയറിയെത്തുന്നതെന്നാണ് പോലീസ് കണക്കാക്കുന്നത്. ഭക്തജനങ്ങള്‍ക്ക് സേവനം നല്‍കുന്നതില്‍ പോലീസ് യാതൊരു വിട്ടുവീഴ്ച്ചയും കാണിക്കുന്നില്ലെന്ന് സന്നിധാനം പോലീസ് സ്പെഷല്‍ ഓഫീസര്‍ രമേശ് കുമാര്‍ അറിയിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.