ക്യൂ കോംപ്ലക്‌സ്; ദേവസ്വം ബോര്‍ഡും ഉന്നതാധികാര സമിതിയും രണ്ടു തട്ടില്‍

Monday 28 November 2016 9:39 pm IST

ശബരിമല: തീര്‍ത്ഥാടന കാലം ആരംഭിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും ഒരു വര്‍ഷം മുന്‍പ് നിര്‍മ്മിച്ച ആറു ക്യൂ കോംപ്ലക്‌സുകള്‍ തുറന്നു നല്‍കാത്തതില്‍ ദേവസ്വം ബോര്‍ഡും ഉന്നതാധികാര സമിതിയും രണ്ടു തട്ടില്‍. ഇപ്പോള്‍ ഉന്നതാധികാര സമിതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പണികള്‍ നടക്കുന്നതെന്നും കൂടുതല്‍ വിവരങ്ങള്‍ അവരോടു ചോദിക്കാനുമാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത്. കോടികള്‍ മുടക്കി നിര്‍മ്മിച്ച ക്യൂ കോംപ്ലക്‌സുകള്‍ എത്രയും വേഗം ഭക്തര്‍ക്ക് പ്രയോജനകരമാകണമെന്നും അദ്ദഹം പറഞ്ഞു. പ്രസിഡന്റിന്റെ വാക്കുകളില്‍ ക്യൂ കോംപ്ലക്‌സുകളില്‍ ഇപ്പോള്‍ നിര്‍മ്മാണം നടക്കുന്നതിലെ അതൃപ്തി വ്യക്തമായിരുന്നു. പോലീസ് നിര്‍ദ്ദേശ പ്രകാരമാണ് ക്യൂ കോംപ്ലക്‌സുകളില്‍ ബാരിക്കേഡ് നിര്‍മ്മാണം നടക്കുന്നതെന്ന് ഉന്നതാധികാര സമിതി അധ്യക്ഷന്‍ കെ.ജയകുമാര്‍ പറഞ്ഞു. പണികള്‍ പുരോഗമിക്കുകയാണെന്നും ഉടന്‍ തുറന്നു നല്‍കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പോലീസ് ക്യൂ കോംപ്ലക്‌സുകളില്‍ നിര്‍മ്മിക്കുന്ന ബാരിക്കേഡിലൂടെ അയ്യപ്പന്മാരെ കടത്തി വിടാനുള്ള പോലീസ് നീക്കത്തിനെതിരെ പ്രതിഷേധിക്കും. അയ്യപ്പന്മാര്‍ക്ക് ഇരുന്നു വിശ്രമിക്കാനാണ് കോപ്ലക്‌സുകള്‍ നിര്‍മ്മിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇരുവരുടെയും വാക്കുകളില്‍ ശബരിമലയില്‍ നടപ്പാക്കുന്ന കാര്യങ്ങളില്‍ ഒരു ഏകോപനവുമില്ലെന്ന് വ്യക്തമാണ്. സര്‍ക്കാരും ഉന്നതാധികാര സമിതിയും ദേവസ്വം ബോര്‍ഡും വ്യത്യസ്ഥ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. ഇത് തീര്‍ത്ഥാടന ഒരുക്കങ്ങളെ കാര്യമായി ബാധിക്കുന്നു. മരക്കൂട്ടത്തിനും ശരംകുത്തിക്കും ഇടയിലാണ് ആറു ക്യൂ കോംപ്ലക്‌സുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. തിരക്ക് അധികമാകുന്ന ദിവസം ആറു കോംപ്ലക്‌സുകളിലായുള്ള 18 ബ്ലോക്കുകളില്‍ അയ്യപ്പന്മാരെ കടത്തി ഇരുത്തി തിരക്ക് കുറയ്ക്കാനും അയപ്പന്മാര്‍ക്ക് വിശ്രമം നല്‍കാനുമായിരുന്നു പദ്ധതി. കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം നടത്തിയെങ്കിലും ഇതുവരെ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിച്ചിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.