പയസ്വിനി പുഴയില്‍ കുളിക്കാനിറങ്ങിയ ബന്ധുക്കളായ കുട്ടികള്‍ മുങ്ങിമരിച്ചു

Monday 28 November 2016 10:36 pm IST

ബോവിക്കാനം: ബാവിക്കര പയസ്വിനി പുഴയില്‍ കുളിക്കാനിറങ്ങിയ ബന്ധുക്കളായ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. പൊവ്വല്‍ നെല്ലിക്കാട്ടെ മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ അസീസ് (18), കിന്നിംഗാറിലെ അബ്ദുല്‍ ഖാദറിന്റെ മകന്‍ ഹാഷിം (13) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30 മണിയോടെയാണ് സംഭവം. അവധി ദിവസമായ ഇന്നലെ പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇവര്‍. മുഹമ്മദും, മറ്റു മക്കളായ അദ്‌നാനും ഫാത്തിമയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. കുളിക്കുന്നതിനിടെ അസീസും ഹാഷിമും മുങ്ങിത്താഴുകയായിരുന്നു. മുഹമ്മദും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി പുറത്തെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മുഹമ്മദിന്റെ സഹോദരിയുടെ മകനാണ് മരിച്ച ഹാഷിം. മുള്ളേരിയ ജിവിഎച്ച്എസ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. അമ്മ റാബിയ. സഹോദരങ്ങള്‍: മുഹമ്മദ് അമീന്‍, അനസ്, അന്‍വര്‍, ആദില്‍, അംന ഫാത്തിമ. അസീസ് ടിഐഎച്ച്എസ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. മുഹമ്മദിനോ കൂടെയുള്ള കുട്ടികള്‍ക്കോ നീന്തല്‍ വശമുണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ഹാഷിം മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അസീസും മുങ്ങിപ്പോയത്. ഇവരെ രണ്ടുപേരെയും രക്ഷിക്കാന്‍ കഴിയാതെ നീന്തല്‍ അറിയാതെ നിസഹായനായ മുഹമ്മദ് നിലവിളിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ പിന്നീട് പുഴയിലേക്കെടുത്തുചാടി ഇരുവരെയും പുറത്തെടുത്തെങ്കിലും രണ്ടു പേരും മരിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.