മഹാരാഷ്ട്ര തദ്ദേശഭരണ തെരഞ്ഞെടുപ്പ് ; ബിജെപിക്ക് വന്‍ വിജയം

Tuesday 29 November 2016 12:20 am IST

മുംബൈ: നോട്ട് റദ്ദാക്കലിനെതിരായ പ്രതിപക്ഷ പ്രചാരണം ബാലറ്റിലൂടെ ജനങ്ങള്‍ വീണ്ടും തള്ളി. മഹാരാഷ്ട്രയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം. ഫലം പ്രഖ്യാപിച്ച 3,391 സീറ്റില്‍ ബിജെപി-ശിവസേന സഖ്യം 1,365 സീറ്റ് നേടി. കനത്ത തിരിച്ചടിയേറ്റ കോണ്‍ഗ്രസ് മൂന്നാമതായി. 2011ല്‍ രണ്ടാം സ്ഥാനത്തായിരുന്നു കോണ്‍ഗ്രസ്. കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം അഖിലേന്ത്യാ പ്രതിഷേധം സംഘടിപ്പിച്ച ദിവസത്തെ തെരഞ്ഞെടുപ്പ് ഫലം ജനങ്ങള്‍ മോദിക്കൊപ്പമെന്ന് തെളിയിച്ചു. അടുത്തിടെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും ബിജെപി ഉജ്ജ്വല വിജയം നേടിയിരുന്നു. നോട്ട് നിരോധനം ജനങ്ങളെ ദുരിതത്തിലാക്കിയെന്ന് ആരോപിച്ചവരെ തെരഞ്ഞെടുപ്പ് ഫലം അപഹാസ്യരാക്കി. ബിജെപി 851 സീറ്റും ശിവസേന 514 സീറ്റും നേടി. എന്‍സിപി 638 സീറ്റില്‍ ജയിച്ചപ്പോള്‍ മൂന്നാമതെത്തിയ കോണ്‍ഗ്രസ് 643 സീറ്റിലൊതുങ്ങി. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന(16), സിപിഎം (12), ബിഎസ്പി (ഒമ്പത്), മറ്റുള്ളവര്‍ (708) സീറ്റുകള്‍ നേടി. ആകെ 3510 സീറ്റുകളാണുള്ളത്. 119 സീറ്റിലെ ഫലം അറിവായിട്ടില്ല. 2011ല്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിനായിരുന്നു വിജയം. എന്‍സിപി 916, കോണ്‍ഗ്രസ് 771, ബിജെപി 298, ശിവസേന 264 എന്നിങ്ങനെയായിരുന്നു കക്ഷിനില. ഗ്രാമങ്ങളിലെ കോണ്‍ഗ്രസ്സിന്റെയും എന്‍സിപിയുടെയും കോട്ടകളില്‍ ബിജെപി-ശിവസേനാ സഖ്യം വന്‍ മുന്നേറ്റം നടത്തി. 25 ജില്ലകളിലായി 147 നഗരസഭകളിലും 17 നഗര്‍ പഞ്ചായത്തുകളിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്. 39 നഗരസഭകളില്‍ ബിജെപി ചെയര്‍മാന്‍ സ്ഥാനം നേടി. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചെറുപതിപ്പായി വിലയിരുത്തപ്പെട്ട തെരഞ്ഞെടുപ്പിലെ വിജയം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന്റെ ജനപ്രീതി തെളിയിച്ചു. ഡിസംബര്‍ 14, 18, ജനവരി 8 എന്നീ തീയതികളില്‍ അടുത്ത ഘട്ടങ്ങളിലെ തെരഞ്ഞെടുപ്പ് നടക്കും. അഭിനന്ദിച്ച് മോദി ന്യൂദല്‍ഹി: മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് ജനങ്ങള്‍ക്ക് നന്ദി പറഞ്ഞും പ്രവര്‍ത്തകരെ അഭിനന്ദിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി. ''ബിജെപിയില്‍ വിശ്വാസമേല്‍പ്പിച്ചതിന് മഹാരാഷ്ട്രയിലെ ജനങ്ങളോട് നന്ദി പറയുന്നു. പാവപ്പെട്ടവരുടെ ഉന്നമനത്തിനായുള്ള ബിജെപിയുടെ വികസന രാഷ്ട്രീയത്തിന്റെ വിജയമാണിത്''. മോദി ട്വിറ്ററില്‍ അഭിപ്രായപ്പെട്ടു. സുതാര്യത ഉറപ്പാക്കാനുള്ള മോദിയുടെ തീരുമാനത്തിനൊപ്പമാണ് മഹാരാഷ്ട്രയിലെ ജനങ്ങളെന്ന് തെളിഞ്ഞതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് ചൂണ്ടിക്കാട്ടി. അമ്പത് മുന്‍സിപ്പല്‍ കൗണ്‍സില്‍ പ്രസിഡണ്ട് സ്ഥാനമാണ് ബിജെപിയുടെ ലക്ഷ്യമെന്നും അടുത്ത ഘട്ട തെരഞ്ഞെടുപ്പുകളില്‍ ഇത് മറികടക്കുമെന്നും സംസ്ഥാന റവന്യൂമന്ത്രി ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു. നോട്ട് റദ്ദാക്കിയത് ജനങ്ങള്‍ അംഗീകരിച്ചെന്ന് വ്യക്തമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.