സാമ്പത്തിക വളര്‍ച്ചാ നിരക്ക് 7.1 %

Monday 28 November 2016 11:17 pm IST

ന്യൂദല്‍ഹി: 2016-17 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് 7.1 ശതമാനമായി. ആഗോളതലത്തില്‍ രാജ്യങ്ങളുടെ വളര്‍ച്ചാ നിരക്കുകള്‍ മരവിച്ച സമയത്താണ് ഇന്ത്യന്‍ സാമ്പത്തിക രംഗം മികച്ച മുന്നേറ്റം നടത്തിയത്. 2014-2015ല്‍ 7.2 ശതമാനവും 2015-16ല്‍ 7.6 ശതമാനവും വളര്‍ച്ച നേടിയ രാജ്യം നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തിലും മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നതെന്ന് കേന്ദ്രവാണിജ്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ലോക്‌സഭയെ അറിയിച്ചു. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള വളര്‍ച്ചാ നിരക്കിന്റെ കണക്കാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടത്. വ്യാവസായിക ഉല്‍പ്പാദനത്തിനും വളര്‍ച്ചയ്ക്കുമായി കേന്ദ്രസര്‍ക്കാര്‍ നിരവധി നടപടികളാണ് സ്വീകരിച്ചതെന്ന് നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. മേയ്ക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ, വിദേശ നിക്ഷേപത്തിന്റെ ഉദാരീകരണം, വ്യാവസായിക ഇടനാഴികളുടെ വികസനം എന്നിവയാണ് രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് ഉയര്‍ന്ന തോതില്‍ നിലനിര്‍ത്തുന്നത്. മുന്‍വര്‍ഷത്തേക്കാള്‍ വ്യാവസായിക ഉല്‍പ്പാദനത്തിന്റെ തോതില്‍ 0.1 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. നിര്‍മ്മാണ, ഖനി, കാര്‍ഷിക മേഖലകളിലെ വളര്‍ച്ചാനിരക്കില്‍ വന്ന കുറവാണ് രാജ്യത്തിന്റെ വളര്‍ച്ചാ നിരക്കില്‍ തുടര്‍ച്ചയായ ആറു പാദങ്ങള്‍ക്ക് ശേഷം കുറവുണ്ടാകാന്‍ കാരണമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അനുമാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.