ചിറയില്‍ പീടിക മോന്താല്‍ പാലം റോഡ് അറ്റകുറ്റപണി ഫയലില്‍ ഒതുങ്ങി

Tuesday 29 November 2016 10:08 am IST

വടകര: പൊതുമരാത്ത് അധികൃതരുടെ വാക്കുകള്‍ പാഴ്‌വാക്കായി ചിറയില്‍ പീടിക മോന്താല്‍ പാലം റോഡ് അറ്റകുറ്റപണി ഫയലില്‍ ഒതുങ്ങി. നടുവൊടിക്കുന്ന ഈ റോഡിന്റെ അറ്റകുറ്റപണി നടത്തുമെന്ന് ഇക്കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ താലൂക്ക് വികസന സമിതി യോഗത്തില്‍ പൊതുമരാമത്ത് വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ അധികൃതര്‍ ഉരുണ്ടുകളി തുടരുകയാണ്. ചിറയില്‍ പീടിക റെയില്‍വെ ഗേറ്റിന് സമീപം, കോറോത്ത് റോഡടക്കം നിരവധി ഭാഗങ്ങള്‍ കുണ്ടും കുഴിയും നിറഞ്ഞ് കാല്‍നടയാത്രപോലും ദുഷ്‌കരമായിരിക്കുകയാണ്. ബസുകളും ലോറികളും ഓട്ടോറിക്ഷയടക്കം ദിനംപ്രതി നിരവധി വാഹനങ്ങള്‍ ഇതുവഴി സര്‍വ്വീസ് നടത്തുന്നുണ്ട്. വടകര മണ്ഡലത്തിലെ മുഴുവന്‍ തകര്‍ന്ന റോഡുകളും അറ്റകുറ്റപണി നടത്താന്‍ പിഡബ്ല്യുഡി അധികൃതര്‍ തീരമാനിച്ചിരുന്നു. എന്നാല്‍ മറ്റിടങ്ങളില്‍ റോഡ് അറ്റകുറ്റപണി നടന്നെങ്കിലും ഈറോഡിനെ മാത്രം അധികൃതര്‍ മറന്നതായി നാട്ടുകാര്‍ കുറ്റപ്പെടുത്തി. ജനപ്രതിനിധികളടക്കം പങ്കെടുത്ത താലൂക്ക് വികസന സമിതി യോഗത്തില്‍ നല്‍കിയ ഉറപ്പ് ലംഘിച്ചിരിക്കുകയാണ്. റോഡ് അറ്റകുറ്റപണി നീണ്ടുപോയാല്‍ ഇതുവഴിയുള്ള ഓട്ടോറിക്ഷ സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കുമെന്ന് ഓട്ടോറിക്ഷ തൊഴിലാളികള്‍ പറഞ്ഞു. ദേശീയപാതയില്‍ നിന്ന് പാനൂര്, കരിയാട്, മേക്കുന്ന്, കൂത്തുുപറമ്പ് ഭാഗത്തേക്കുള്ള എളുപ്പവഴിയാണിത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.