ജനങ്ങളെ ബുദ്ധിമുട്ടിച്ചതിന് സിപിഎം മാപ്പു പറയണം: ശോഭാ സുരേന്ദ്രന്‍

Wednesday 30 November 2016 2:37 am IST

കോഴിക്കോട്: കള്ളപ്പണക്കാര്‍ക്കും ദേശദ്രോഹ ശക്തികള്‍ക്കും വേണ്ടി ഹര്‍ത്താല്‍ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിച്ചതിന് സിപിഎം ജനങ്ങളോട് മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ബിജെപി കോഴിക്കോട് ജില്ലാ സമിതി ആദായനികുതി ഓഫീസിന് മുമ്പില്‍ കള്ളപ്പണ സഹകരണ മുന്നണിക്കെതിരെ സംഘടിപ്പിച്ച ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. പണ്ട് കുത്തകകള്‍ക്കെതിരെ പോരാടിയ സിപിഎം ഇന്ന് കുത്തകകള്‍ക്കൊപ്പമാണ്. കള്ളപ്പണക്കാര്‍ക്കും കള്ളനോട്ടടിക്കാര്‍ക്കും ഭീകരര്‍ക്കും വേണ്ടിയാണ് സിപിഎം സ്‌പോണ്‍സര്‍ ചെയ്ത് ഹര്‍ത്താല്‍ നടത്തിയത്. ത്രിപുരയിലെയും കേരളത്തിലെയും സാധാരണക്കാരാണ് ഹര്‍ത്താല്‍ കാരണം ബുദ്ധിമുട്ടിയത്. പശ്ചിമബംഗാളിലെ അണികളെ പോലും പാര്‍ട്ടിക്കൊപ്പം നിര്‍ത്തി ഹര്‍ത്താലിനനുകൂലമാക്കാന്‍ സിപിഎമ്മിനായില്ല. ഹര്‍ത്താല്‍ അഖിലേന്ത്യാ തലത്തില്‍ പൂര്‍ണ പരാജയമായിരുന്നു. കേരളത്തിലെ ജനങ്ങളോടും മാപ്പു പറയാന്‍ സിപിഎം നേതൃത്വം തയ്യാറാകണം. നോട്ടുപിന്‍വലിക്കലിന്റെ പേരില്‍ കേരളത്തിലെ സാധാരണ ജനങ്ങളെ ഭയപ്പെടുത്താനാണ് സിപിഎമ്മും കോണ്‍ഗ്രസ്സും ശ്രമിക്കുന്നത്. സഹകരണ മുന്നണിയാണ് ഇരുമുന്നണികളും ചേര്‍ന്ന് ഉണ്ടാക്കിയിരിക്കുന്നത്. അഫ്‌സല്‍ ഗുരുവിനെ വധശിക്ഷയ്ക്ക് വിധേയനാക്കിയപ്പോള്‍ അതിനെതിരെ പ്രസ്താവന നടത്തിയ സിപിഎം ദേശീയ സെക്രട്ടറി, നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വധിച്ചതില്‍ നിലപാട് വ്യക്തമാക്കണം. സാധാരണക്കാര്‍ക്ക് വേണ്ടിയാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അത് സാധാരണ ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ട്. ഇതിന് തെളിവാണ് നോട്ട് അസാധുവാക്കിയതിനു ശേഷം നടന്ന വിവിധ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കുണ്ടായ മുന്നേറ്റം. കേരളത്തിലെ ജനങ്ങളും ഈ സത്യം മനസ്സിലാക്കുമെന്നും ശോഭാ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വക്താവ് പി. രഘുനാഥ്, മേഖലാപ്രസിഡന്റ്് വി.വി. രാജന്‍, എം. മോഹനന്‍, ജയാസദാനന്ദന്‍, പി. ജിജേന്ദ്രന്‍, ടി. ബാലസോമന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.