ചോദ്യം ചെയ്യാതെ വയ്യ

Monday 16 April 2012 11:35 pm IST

കേരളത്തെ ഇനി വിശേഷിപ്പിക്കേണ്ടത്‌ എങ്ങനെ എന്ന ചോദ്യത്തിന്‌ മുന്നില്‍ ദേശസ്നേഹികള്‍ക്ക്‌ മറ്റൊരു ഉത്തരമില്ല. മനോവേദനയോടുകൂടിയാണെങ്കിലും അവര്‍ പറയുന്നു: വര്‍ഗീയ വിഷപ്പാമ്പുകള്‍ പത്തിവിടര്‍ത്തിയാടുന്ന നാടാണിത്‌. വര്‍ഗീയതയുടെ ദംശമേറ്റ്‌ പിടയുന്ന ഒരുപറ്റം ആളുകളുടെ നിലവിളികള്‍ മാത്രം ഉയരുന്ന വിഷപ്പറമ്പായി മാറിയിരിക്കുന്നു കേരളം. മഞ്ഞളാംകുഴി അലിയെ മന്ത്രിയാക്കിയതോടെ ധാര്‍മികതയുടെ ശവക്കുഴിയും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തോണ്ടി. മുസ്ലീംലീഗിന്‌ അഞ്ചാംമന്ത്രിയും കേരളാ കോണ്‍ഗ്രസിന്‌ രാജ്യസഭാ സീറ്റും നല്‍കുകവഴി രാഷ്ട്രീയത്തിലെ സമവാക്യങ്ങള്‍ക്കും സമതുലനത്തിനും പ്രസക്തിയില്ലെന്നും സംഘടിത മതശക്തികളുടെ പേശിബലംകൊണ്ട്‌ വിരട്ട്‌ രാഷ്ട്രീയത്തിലൂടെ അധികാരകേന്ദ്രങ്ങള്‍ നേടിയെടുക്കുന്ന കുതന്ത്രങ്ങള്‍ക്ക്‌ മാത്രമേ നിലനില്‍പ്പുള്ളൂവെന്ന്‌ വ്യക്തമായിക്കഴിഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ്‌ മന്ത്രിസഭ അധികാരമേറ്റ നാള്‍മുതല്‍ ലീഗും കേരളാ കോണ്‍ഗ്രസും സമ്മര്‍ദ്ദ രാഷ്ട്രീയത്തിന്റെ കനത്ത പ്രഹരശേഷിയുള്ള ആയുധങ്ങളുമായി സദാ സജീവമായിരുന്നു. സെക്രട്ടറിയേറ്റില്‍ കേരളാ കോണ്‍ഗ്രസ്‌, ലീഗ്‌ മന്ത്രിമാരുടെ വകുപ്പിന്‍ കീഴിലുള്ള ഉദ്യോഗസ്ഥന്മാരെയും വിവിധ ബോര്‍ഡ്‌-കോര്‍പ്പറേഷന്‍ തലവന്മാരേയും നിശ്ചയിച്ച സന്ദര്‍ഭങ്ങളിലെല്ലാം പരമാവധി സ്ഥാനങ്ങളില്‍ സ്വന്തം മതസ്ഥര്‍ക്ക്‌ നിയമനം നല്‍കി. വിദ്യാഭ്യാസവകുപ്പിന്‍ കീഴിലാണ്‌ ഏറ്റവും കൂടുതല്‍ സ്വജനപക്ഷ നിയമനം നടന്നത്‌. എസ്സിആര്‍ടി ഡയറക്ടറായി ഹസീമിനേയും ഡിപിഐയായി ഷാജഹാനേയും എല്‍ബിഎസ്‌ ഡയറക്ടറായി സെയ്യദ്‌ റഷീദിനേയും വിഎച്ച്‌എസ്സി ഡയറക്ടറായി അബ്ദുള്‍ റഹ്മാനേയും സാക്ഷരതാമിഷന്‍ ഡയറക്ടറായി അല്‍സന്‍ കുട്ടിയെയും, ഹയര്‍സെക്കന്ററി ഡയറക്ടറായി പി.എസ്‌.മുഹമ്മദിനേയും ഐടി സ്കൂള്‍ ഡയറക്ടറായി അന്‍വര്‍ സദാദിനേയും എസ്‌എസ്‌എ മോണിറ്ററിംഗ്‌ ഡയറക്ടറായി അബ്ദുള്ളയേയും ഓപ്പണ്‍ സ്കൂള്‍ ഡയറക്ടറായി ജലീല്‍ മുഹമ്മദിനേയും നിയമിച്ചു. തന്റെ വകുപ്പില്‍ ഡയറക്ടര്‍മാരെല്ലാം മുസ്ലീങ്ങളാവട്ടെയെന്ന്‌ വിദ്യാഭ്യാസമന്ത്രി തീരുമാനിച്ചത്‌ സ്വാഭാവികം മാത്രം. "ഭരിക്കുന്നത്‌ സ്വന്തക്കാരെ നന്നാക്കാനാണ്‌, പൊതുജനങ്ങളെ സേവിക്കാനല്ല" എന്നത്‌ യുഡിഎഫിന്റെ മുദ്രാവാക്യമാണല്ലോ. യുഡിഎഫ്‌ സമിതിയോഗം ചേര്‍ന്ന ഏപ്രില്‍ 11 സാധാരണദിവസമായിരുന്നില്ല. അന്ന്‌ പുറത്തുവന്ന വാര്‍ത്തകള്‍ പലതും ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്ക്‌ സന്തോഷത്തിന്‌ വകനല്‍കുന്നതായിരുന്നു. ഹജ്ജ്‌ തീര്‍ത്ഥാടകര്‍ക്ക്‌ സൗജന്യ സിംകാര്‍ഡ്‌ നല്‍കാനും അഞ്ച്‌ റിയാലിന്റെ സംസാരസമയം സൗജന്യമാക്കാനും സെന്‍ട്രല്‍ ഹജ്ജ്‌ കമ്മറ്റി തീരുമാനിച്ചതാണ്‌ ഒരു പ്രധാന നടപടി. മക്കയിലും മദീനയിലുമുള്ള കെട്ടിടങ്ങള്‍ ദീര്‍ഘകാലം തീര്‍ത്ഥാടകര്‍ക്ക്‌ ഉപയോഗിക്കാം. എല്ലാ സംസ്ഥാനങ്ങളിലും ഹൈടെക്‌ സംവിധാനമുള്ള ഹജ്ജ്‌ കേന്ദ്രങ്ങള്‍ പണിയും. ഹജ്ജ്‌ കമ്മറ്റി തീരുമാനങ്ങള്‍ അങ്ങനെ ഒട്ടനവധി. സ്വാമി അഗ്നിവേശ്‌ തിരുവനന്തപുരത്തെത്തി ബിഷപ്പ്‌ സൂസാപാക്യവുമായി ചര്‍ച്ച ചെയ്ത്‌ കൂടംകുളം പ്രക്ഷോഭത്തിന്‌ പിന്തുണ തേടുകയും വിദേശപ്പണം പ്രക്ഷോഭകര്‍ക്ക്‌ കിട്ടുന്നുവെന്ന ആരോപണം കാര്യമാക്കേണ്ടതില്ലെന്ന്‌ പ്രസ്താവിക്കുകയും ചെയ്തു. മനുഷ്യാവകാശ സംരക്ഷകനും പുരോഗമനവാദിയുമായി വിശേഷിപ്പിക്കപ്പെടുന്ന അഗ്നിവേശിനും വേണ്ടത്‌ ബിഷപ്പിന്റെ അനുഗ്രഹമാണ്‌. അന്നേദിവസം അധ്യാപകരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട്‌ വിദ്യാഭ്യാസമന്ത്രി ചെയ്ത പ്രഖ്യാപനങ്ങളും ശ്രദ്ധേയമായിരുന്നു. വിഷുത്തലേന്ന്‌ വാലുവേഷന്‌ അധ്യാപകരെല്ലാം ഹാജരാകണമെന്ന നിബന്ധനയില്‍ ഇളവ്‌ വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല. തന്മൂലം അവരുടെ വിഷു ആഘോഷവും പരുങ്ങലിലായി. അതേ വിഷുദിവസം പള്‍സ്‌ പോളിയോ പരിപാടിക്ക്‌ എല്ലാ ജീവനക്കാരും ഹാജരാകണമെന്ന്‌ നിര്‍ബന്ധിച്ചതോടെ ഹിന്ദുക്കളായ ജീവനക്കാരുടെ വിഷുക്കണി ദര്‍ശനവും ആഘോഷവും മുടങ്ങി. അഗ്രികള്‍ച്ചര്‍ എന്‍ട്രന്‍സ്‌ പരീക്ഷ വിഷുദിവസം നടത്തി. പതിനായിരക്കണക്കിന്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ വിഷു ആഘോഷിക്കാനായില്ല. ഏത്‌ പെരുന്നാളിനും തലേദിവസവും പിറ്റേദിവസവും അവധി പ്രഖ്യാപിക്കുന്ന അധികാരത്തമ്പുരാക്കന്മാര്‍ക്ക്‌ ഹിന്ദുക്കളുടെ പ്രധാന പുണ്യവിശേഷ ദിനമായ വിഷുവിന്റെ പ്രാധാന്യം അറിയില്ലെന്നുണ്ടോ? സ്വന്തം വീട്ടില്‍ കണികണ്ടും സദ്യയുണ്ടും സന്തോഷം പങ്കിടുന്ന ഹിന്ദു കുടുംബാംഗങ്ങള്‍ പലരും ഇക്കുറി വിഷുവിന്‌ ഓണ്‍ ഡ്യൂട്ടിയിലായിരുന്നു. മതസ്വാതന്ത്ര്യത്തിന്‌ പേരുകേട്ട കേരളത്തില്‍ ഹിന്ദുക്കള്‍ക്ക്‌ മാത്രം സ്വന്തം പുണ്യവിശേഷ ദിനാഘോഷം നിഷേധിക്കപ്പെടുന്ന സാഹചര്യം എന്ത്‌ പ്രത്യയശാസ്ത്രത്തിന്റെ പേരിലാണ്‌ അംഗീകരിച്ചുകൊടുക്കാന്‍ കഴിയുക? കഴിഞ്ഞ 11, 14 തീയതികളിലെ ചില സംഭവവികാസങ്ങള്‍ ചൂണ്ടിക്കാട്ടാനാണ്‌ ഇത്രയുമെഴുതിയത്‌. അഞ്ച്‌ മന്ത്രിമാരെ ലീഗ്‌ നേടിയെടുത്തപ്പോള്‍ത്തന്നെ കേരളത്തില്‍ മുസ്ലീങ്ങള്‍ക്ക്‌ ലഭിച്ചത്‌ ആനുകൂല്യങ്ങളുടെ പെരുമഴ. ഹിന്ദുക്കള്‍ക്ക്‌ അനുഭവിക്കേണ്ടി വന്നത്‌ മതസ്വാതന്ത്ര്യനിഷേധത്തിന്റെ ചാട്ടവാറിനുള്ള അടിയുടെ വേദന! അഞ്ചാംമന്ത്രി നിയമനം വഴി സര്‍ക്കാരിനുണ്ടായ പേരുദോഷം മാറ്റാനാണല്ലോ മന്ത്രിസഭയില്‍ വകുപ്പ്‌ മാറ്റവും ഇളക്കി പ്രതിഷ്ഠയും നടത്തിയത്‌. തിരുവഞ്ചൂരിന്‌ ആഭ്യന്തരവും അടൂര്‍ പ്രകാശിന്‌ റവന്യൂ വകുപ്പും നല്‍കിയാല്‍ തീരുന്ന പ്രശ്നമാണോ ലീഗിന്റെ അഞ്ചാംമന്ത്രി മൂലമുണ്ടായിട്ടുള്ളത്‌? പുതിയ വകുപ്പ്‌ കൊടുക്കാതെ ലീഗിന്റെ തന്നെ വകുപ്പ്‌ മാറ്റിക്കൊടുത്ത്‌ അലിയെ മന്ത്രിയാക്കിയതുകൊണ്ട്‌ കോണ്‍ഗ്രസിന്റെയും മറ്റും മന്ത്രിമാരുടെ വകുപ്പുകള്‍ക്ക്‌ യാതൊരു കുറവുമുണ്ടായിട്ടില്ലെന്ന്‌ ലീഗ്‌ പറയുന്നു. പക്ഷേ ആര്യാടന്‍ മുഹമ്മദിന്‌ പുതിയൊരു വകുപ്പും കൂടി കിട്ടി. അപ്പോഴും ലാഭം ന്യൂനപക്ഷ വിഭാഗത്തിന്‌! അഞ്ചാംമന്ത്രി വഴി ലീഗിനും പുതിയ വകുപ്പ്‌ വഴി ആര്യാടന്‍ മുഹമ്മദിനും കിട്ടിയ ലാഭം മുസ്ലീം മതവിഭാഗത്തിന്‌ ലഭിച്ച നേട്ടമായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. മൊത്തം 21 മന്ത്രിമാരില്‍ 12 പേര്‍ ഇപ്പോള്‍ ന്യൂനപക്ഷമതക്കാരാണ്‌. ന്യൂനപക്ഷക്കാരായി രണ്ട്‌ ക്യാബിനറ്റ്‌ റാങ്കുകാര്‍ വേറെ. അതായത്‌ മന്ത്രിസഭയില്‍ ഏതാണ്ട്‌ 60 ശതമാനം ക്രിസ്ത്യന്‍-മുസ്ലീം മന്ത്രിമാരാണ്‌. മൊത്തം ബജറ്റ്‌ തുകയില്‍ 75 ശതമാനത്തോളം കൈകാര്യം ചെയ്യുന്നത്‌ ഇവരുടെ വകുപ്പുകള്‍തന്നെ. നിയമവകുപ്പ്‌ മന്ത്രി കെ.എം.മാണിയും സ്വന്തക്കാരെ നിയമിക്കുന്നതില്‍ ഒട്ടും മോശക്കാരനല്ല. ഹൈക്കോടതിയില്‍ 89 ഗവണ്‍മെന്റ്‌ പ്ലീഡര്‍മാരെ നിയമിച്ചു. 69 പേരും ക്രിസ്ത്യന്‍-മുസ്ലീം വിഭാഗത്തില്‍പ്പെട്ടവര്‍. നീതിന്യായ പീഠത്തിന്‌ മുന്നില്‍ സര്‍ക്കാര്‍ താല്‍പ്പര്യങ്ങളും നിലപാടും ഉയര്‍ത്തിപ്പിടിക്കേണ്ട പ്ലീഡര്‍മാര്‍ ന്യൂനപക്ഷക്കാരായിരിക്കണമെന്ന്‌ ശഠിക്കുന്നവരുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യാതെ വയ്യ. മുസ്ലീംലീഗിന്‌ മന്ത്രിസഭയില്‍ മേല്‍ക്കൈയുണ്ടെന്ന്‌ വ്യക്തമായിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ മാറാട്‌ കൂട്ടക്കൊലക്കേസിലെ ഗൂഢാലോചന, പണത്തിന്റെയും തീവ്രവാദികളുടെയും പങ്ക്‌ തുടങ്ങിയവയെക്കുറിച്ച്‌ സിബിഐ അന്വേഷണം ഉണ്ടാവില്ലെന്ന്‌ ഏതാണ്ട്‌ ഉറപ്പായി എന്ന്‌ നിരീക്ഷകര്‍ കരുതുന്നു. ബേപ്പൂര്‍ സ്ഫോടനം, മിഠായിത്തെരുവ്‌ സ്ഫോടനം തുടങ്ങിയ കേസുകളില്‍ നേരായ വഴിയിലുള്ള അന്വേഷണം നടക്കുമോ എന്ന്‌ നീതിതേടി അലയുന്ന ദേശസ്നേഹികള്‍ ആവര്‍ത്തിച്ച്‌ ചോദിക്കുന്നു. എല്ലാ മദ്രസകളും എയ്ഡഡ്‌ സ്കൂളാവുകയും ജീവനക്കാര്‍ക്ക്‌ സര്‍ക്കാര്‍ ശമ്പളം കൊടുക്കുകയും ചെയ്ത്‌ മദ്രസാപഠനം മറ്റ്‌ സര്‍ക്കാര്‍ വിദ്യാലയങ്ങളിലേതുപോലാവുമെന്ന്‌ ഏതൊരാള്‍ക്കും ബോധ്യപ്പെടും. മതവര്‍ഗീയപ്രീണനവും ന്യൂനപക്ഷവല്‍ക്കരണവും സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളില്‍ ഉണ്ടാക്കിയിട്ടുള്ള പ്രത്യാഘാതങ്ങള്‍ വിശദമായ പരിശോധനക്കും പഠനത്തിനും വിധേയമാക്കേണ്ടതാണ്‌. ഭൂരിപക്ഷക്കാരുടെ അന്യവല്‍ക്കരണത്തിന്റെയും പാര്‍ശ്വവല്‍ക്കരണത്തിന്റെയും വ്യാപ്തി അപ്പോള്‍ ബോധ്യപ്പെടും. (തുടരും) കുമ്മനം രാജശേഖരന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.