പുതിയ ബസ് സ്റ്റാന്‍ഡിലേക്കുള്ള റോഡില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു

Tuesday 29 November 2016 9:26 pm IST

സ്വന്തം ലേഖിക പത്തനംതിട്ട : പഴയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്നും പുതിയ ബസ് സ്റ്റാന്‍ഡിലേക്കുള്ള റോഡില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. സ്വകാര്യ ബസുകളും ഫാസ്റ്റ് പാസഞ്ചര്‍ ഒഴികെയുള്ള കെഎസ്ആര്‍ടിസി ബസുകളും പഴയബസ് സ്റ്റാന്‍ഡുവഴിയാണ് കടന്ന് പോകുന്നത്. സെന്‍ട്രല്‍ ജംഗ്ഷനിലെ ഗതാഗത തിരക്ക് പരിഹരിക്കുന്നതിനാണ് കെഎസ്ആര്‍ടിസി ബസുകള്‍ കൂടി ഇതുവഴി കടത്തിവിടാന്‍ തുടങ്ങിയത്. ഇടുങ്ങിയ റോഡുകളാണിവ, ഒരു സമയം ഒരു വാഹനത്തിന് മാത്രം കടന്നു പോകുന്നതിനുള്ള പരിമിതമായ വീതിമാത്രമാണ് റോഡിനുള്ളത്. കാല്‍നടയാത്രക്കാര്‍ക്ക് നടന്നു പോകുന്നതിനിനുള്ള സൗകര്യം ഈ മേഖലയില്‍ ഇല്ല. ഉള്ള സ്ഥലമാകട്ടെ വഴിയോരക്കച്ചവടക്കാരും കയ്യടക്കിയിരിക്കുന്നു. അതിനാല്‍ വാഹനങ്ങള്‍ക്കിടയിലൂടെ ഞെരുങ്ങിയാണ് കാല്‍നടയാത്രക്കാര്‍ സഞ്ചരിക്കുന്നത്. ഇത് പലപ്പോഴും അപകടങ്ങള്‍ക്ക് ഇടയാക്കാറുണ്ട്. ചില വ്യാപാര സ്ഥാപനങ്ങളാകട്ടെ കടയുടെ പരസ്യ ബോര്‍ഡുകള്‍ റോഡിലേക്ക് ഇറക്കി വയ്ക്കുന്നത് അപകടങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. ഈ റോഡില്‍ മൊത്ത വ്യാപാര സ്ഥാപനങ്ങള്‍ ധാരാളമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടേയ്ക്ക് ചരക്കിറക്കാന്‍ വരുന്ന വലിയ വാഹനങ്ങളും വന്‍ ഗതാഗതാ കുരുക്കിന് കാരണമാകാറുണ്ട്. വാഹനങ്ങള്‍ കടന്നു പോകാന്‍ സാധിക്കാത്ത വിധം കുരുക്ക് രൂക്ഷമാകുമ്പോള്‍ ഡ്രൈവര്‍മാര്‍ തമ്മില്‍ പലപ്പോഴും വാക്കേറ്റവും നടത്താറുണ്ട്. സ്വകാര്യ ബസ് സ്റ്റാന്‍ഡിനുള്ളിലെ പാര്‍ക്കിംഗ് സംവിധാനം ഉപയോഗപ്പെടുത്താതെ സ്വകാര്യ വാഹനങ്ങളില്‍ എത്തുന്ന ആളുകള്‍ വ്യാപാര സ്ഥാപനങ്ങളുടെ മുന്‍പില്‍ തന്നെയാണ് പാര്‍ക്ക് ചെയ്യുന്നത്. ഇതും ഗതാഗതക്കുരുക്ക് വര്‍ദ്ധിപ്പിക്കുവാന്‍ കാരണമാണ്. ഈ പ്രദേശത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാനാവശ്യമായ നോ-പാര്‍്ക്കിംഗ് ബോര്‍ഡുകളോ പോലീസ് സംവിധാനങ്ങളോ ഇല്ല. ഈ റൂട്ടിലൂടെ വണ്‍വേ സംവിധാനം നടപ്പിലാക്കി തലങ്ങും വിലങ്ങുമുള്ള വാഹനം ഓട്ടം നിയന്ത്രിച്ചാല്‍ മാത്രമെ ഈ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.