സിപിഎമ്മും കുറ്റസമ്മതമൊഴികളും

Wednesday 30 November 2016 11:09 am IST

ഇന്ത്യന്‍ ഭരണഘടനാ വ്യവസ്ഥകളും അനുബന്ധ നിയമങ്ങളും ക്രിമിനല്‍ നീതിയുടെ നടത്തിപ്പില്‍ സൂഷ്മതയോടെ നോക്കി നടപ്പാക്കുന്ന രാജ്യമാണ് ഭാരതം. സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പ് നിലവിലുണ്ടായിരുന്ന ഇന്ത്യന്‍ ശിക്ഷാ നിയമവും തെളിവു നിയമവും സ്വാതന്ത്ര്യം കിട്ടിയശേഷം പാര്‍ലമെന്റ് പാസാക്കിയ ക്രിമിനല്‍ നടപടിക്രമവുമൊക്കെയാണ് ഇവിടെ പ്രാബല്യത്തിലുള്ള നിയമങ്ങള്‍. ഇന്ത്യന്‍ ഭരണഘടനയേക്കാള്‍ പാര്‍ട്ടി ഭരണഘടനയാണ് തങ്ങള്‍ക്ക് ബാധകമെന്ന് കരുതുന്ന സിപിഎമ്മാണിപ്പോള്‍ കേരളം ഭരിക്കുന്നത്. കുറ്റാന്വേഷണനീതിക്രമരംഗങ്ങളില്‍ പാര്‍ട്ടിയുടെ തിട്ടൂരങ്ങള്‍ സിപിഎം അടിച്ചേല്‍പ്പിക്കുകവഴി കേരളം ഗുരുതരമായ പ്രതിസന്ധിയിലാണിപ്പോഴുള്ളത്. വര്‍ത്തമാന കേരളം സിപിഎമ്മിന്റെ ഭരണകൂട ധാര്‍ഷ്ട്യത്തിനും ധിക്കാര നടപടികള്‍ക്കും അനുദിനം ഇരകളാകുകയാണിവിടെ. നിയമവാഴ്ചയെ സിപിഎം തകര്‍ക്കുന്നതിന്റെ ഒടുവിലത്തെ ദൃഷ്ടാന്തമാണ് തലശ്ശേരി മോഹനന്‍ വധക്കേസ്സിലെ കുറ്റസമ്മതമൊഴി. നമ്മുടെ രാജ്യത്ത് പോലീസ് എഴുതിവെയ്ക്കുന്ന പ്രതിയുടെ കുറ്റസമ്മതമൊഴിക്ക് അതെഴുതിയ പേപ്പറിന്റെ വിലപോലുമില്ലെന്നതാണ് പൊതുതത്വം. പ്രതിയെക്കൊണ്ട് കേസിലെ തൊണ്ടി സാധനങ്ങള്‍ കണ്ടെടുക്കുന്നതിനും മറ്റും യഥാര്‍ത്ഥത്തിലുള്ള കുറ്റസമ്മതമൊഴിയുണ്ടെങ്കില്‍ കുറ്റാന്വേഷകന് അത് ഉപയോഗപ്പെടുത്താമെന്ന അപവാദ വ്യവസ്ഥയുണ്ട്. മൂന്നാംമുറയും മറ്റും ഉപയോഗിച്ച് കൃത്രിമ കുറ്റസമ്മതം രേഖപ്പെടുത്തുക കൊളോണിയല്‍ പോലീസിന്റെ പതിവ് രീതിയാണ്. എന്നാല്‍ പോലീസ് മുമ്പാകെ പടച്ചുണ്ടാക്കുന്ന കുറ്റസമ്മതമൊഴിയെ തെളിവായി നിയമം അംഗീകരിക്കുന്നില്ല. ഒരാള്‍ കൊലപാതകം നടത്തിയശേഷം തെരുവിലുള്ള ഭിക്ഷക്കാരനോട് പോയി കുറ്റസമ്മതം നടത്തിയാല്‍ അത് 'എക്‌സ്ട്രാ ജുഡീഷ്യല്‍ കണ്‍ഫെഷന്‍' എന്ന നിലയില്‍ കോടതിക്ക് തെളിവിലേക്ക് പരിശോധിച്ചു നോക്കാവുന്നതാണ്. പക്ഷേ പോലീസിനോടോ അതിന്റെ തലവനായ ഡിജിപിയോടോ കുറ്റം ചെയ്തയാള്‍ പോയി കുറ്റം സമ്മതിച്ച് പറയുകയോ എഴുതിക്കൊടുക്കുകയോ ചെയ്താല്‍പോലും അത് കോടതിക്ക് സ്വീകരിക്കാവുന്ന തെളിവല്ലെന്ന് നിയമം വ്യവസ്ഥ ചെയ്തിരിക്കുന്നു. 60 ശതമാനം ക്രിമിനല്‍ പരാതികളും കൃത്രിമമോ അനാവശ്യമോ നിയമവിരുദ്ധമോ ആണെന്ന് പോലീസ് കമ്മീഷന്‍ കണ്ടെത്തിയ രാജ്യത്ത് പോലീസിനെ വിശ്വസിച്ചുകൂടെന്ന പൊതുകാഴ്ചപ്പാട് ശരിതന്നെയാണ്. തെരുവിലെ ഭിക്ഷാടകന് നല്‍കുന്ന പ്രാധാന്യം പോലും തെളിവ് നിയമപ്രകാരം കുറ്റകൃത്യ വിവരണത്തില്‍ പോലീസിന് നല്‍കാത്ത അവസ്ഥ പലപ്പോഴും കര്‍ശനമായ വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. പോലീസ് കേസന്വേഷണത്തിന്റെ ഭാഗമായി സമാഹരിക്കുന്ന സാക്ഷിമൊഴികള്‍ ക്രിമിനല്‍ നടപടിക്രമം 161-ാം വകുപ്പനുസരിച്ച് പ്രതിക്ക് സാക്ഷിയെ ഖണ്ഡിക്കാന്‍ ഉപയോഗിക്കാമെന്നതിനപ്പുറം കോടതിയില്‍ തെളിവായി സ്വീകരിക്കാന്‍ പാടുള്ളതല്ല. സിആര്‍പിസി 162-ാം വകുപ്പ് ഇത്തരം മൊഴികള്‍ക്കെതിരെ നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭരണകൂട സ്വാധീനംകൊണ്ടും മൂന്നാംമുറ ഉപയോഗിച്ചുള്ള മര്‍ദ്ദനങ്ങള്‍ വഴിയും പോലീസ് കൃത്രിമമായി തെളിവുണ്ടാക്കുമെന്ന നിഗമനംകൊണ്ടാണ് ഇപ്രകാരം പോലീസിനെതിരെ ആംഗ്ലോസാക്‌സോണ്‍ നിയമം വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. ഇത്തരത്തില്‍ പോലീസിനെതിരായുള്ള നിയമവിലക്കുകള്‍ നിരപരാധികളുടെ തല കോടതിയില്‍ ഉരുളാതിരിക്കാന്‍ സഹായകമാണ്. എന്നാലിപ്പോള്‍ ആഭ്യന്തരവകുപ്പ് കൈയ്യാളുന്ന കേരളത്തിലെ സിപിഎം തങ്ങള്‍ക്ക് വിധേയരും അവസരവാദികളുമായ പോലീസ് ഓഫീസര്‍മാരെ ഉപയോഗിച്ച് കൃത്രിമ കുറ്റസമ്മത മൊഴികള്‍ സൃഷ്ടിച്ച് ആര്‍എസ്എസ്സിനും ബിജെപിക്കുമെതിരെ പ്രതികാര നടപടികള്‍ക്ക് ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. അത്യന്തം ആപത്കരമായ ഇത്തരമൊരു പരീക്ഷണശ്രമമാണ് തലശ്ശേരിയിലെ ഫസല്‍ വധത്തോട് ബന്ധപ്പെട്ട് സുബീഷ് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനു നേരെ അവര്‍ നടപ്പാക്കിയത്. ആ കേസ്സിലെ കുറ്റപത്രം തകര്‍ക്കാനാണ് സുബീഷിനെതിരെ മൂന്നാംമുറ പ്രയോഗിച്ചതും പടച്ചുണ്ടാക്കിയ കുറ്റസമ്മതമൊഴി പ്രചരിപ്പിച്ചതും. പോലീസ് അന്യായമായി കസ്റ്റഡിയിലെടുത്ത ചെമ്പ്രയിലെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സുബീഷ് അടിയന്തരാവസ്ഥാകാലത്ത് കേരളത്തില്‍ പോലീസ് നടത്തിയതിനെക്കാള്‍ ക്രൂരമര്‍ദ്ദനത്തിനാണ് കണ്ണൂരില്‍ വിധേയനായത്. സിപിഎമ്മിനുവേണ്ടി സുബീഷിന് നേരെ മൂന്നാംമുറ നടത്തിയത് ജില്ലയിലെ രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള ടീമുകളായിരുന്നു. ഒരു ദശകത്തോളം കേസന്വേഷണം നടത്തി സിബിഐ, സിപിഎം നേതാക്കളേയും മറ്റും പ്രതികളാക്കി കുറ്റപത്രം നല്‍കിയിരിക്കുന്ന കേസ്സാണിത്. കേസില്‍ നിരപരാധിത്വം തെളിയിക്കാനാവാത്ത ഇക്കൂട്ടര്‍ കുറ്റംചെയ്തത് സിപിഎമ്മുകാരല്ലെന്നും ആര്‍എസ്എസ്സുകാരാണെന്നും പ്രതി കുറ്റസമ്മതമൊഴി നല്‍കിയെന്നുമാണ് പുറം ലോകത്തോട് ഇപ്പോള്‍ വിളംബരം ചെയ്യുന്നത്. മാധ്യമങ്ങളില്‍ ഇത് അവര്‍ വന്‍വാര്‍ത്തയാക്കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ ഇത് നിയമവിരുദ്ധവും അധാര്‍മ്മികവുമാണ്. 2006 ല്‍ കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായി ചുമതല വഹിച്ചുവരവെയാണ് 'തേജസ്' പത്രത്തിന്റെ തലശ്ശേരിയിലെ ഏജന്റ് ഫസലിനെ വെളുപ്പാന്‍ കാലത്ത് കൊല്ലപ്പെട്ട നിലയില്‍ തലശ്ശേരിയിലെ റോഡില്‍ കണ്ടത്. ഇത് ആര്‍എസ്എസുകാരുടെമേല്‍ വച്ചുകെട്ടാനും വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാനും സിപിഎം അന്നേ കൊണ്ടുപിടിച്ച് ശ്രമിച്ചിരുന്നു. എന്നാല്‍ ഫസലിന്റെ ഭാര്യയും മറ്റ് കുടുംബാംഗങ്ങളും നല്‍കിയ മൊഴിയുടെയും മറ്റും അടിസ്ഥാനത്തില്‍ സംഭവത്തിലെ പ്രതികള്‍ സിപിഎമ്മുകാരാണെന്നും അവര്‍ ആസൂത്രിതമായി മുന്‍ സിപിഎമ്മുകാരനായ ഫസലിനെ കൊല്ലുകയായിരുന്നുവെന്നും വെളിപ്പെട്ടിരുന്നു. ഇത്തരത്തില്‍ സിപിഎം നേതൃത്വത്തിന്റെ തിട്ടൂരങ്ങള്‍ വകവെയ്ക്കാതെ സത്യം കണ്ടെത്താന്‍ ശ്രമിച്ച പോലീസ് ഓഫീസറോട് അന്നത്തെ ഇടതുഭരണകൂടം പകപോക്കാന്‍ ഇറങ്ങിപ്പുറപ്പെടുകയാണുണ്ടായത്. ഡിവൈഎഫ്‌ഐ മുന്‍കൈയ്യെടുത്ത് ആ പോലീസ് ഓഫീസര്‍ക്കെതിരെ രജിസ്ട്രര്‍ ചെയ്ത ക്രിമിനല്‍ കേസ് കേരള ഹൈക്കോടതി അപ്പാടെ റദ്ദ് ചെയ്യുകയുമുണ്ടായി. കേരളത്തിലെ ഇടതുഭരണത്തിന്‍കീഴില്‍ തന്റെ ഭര്‍ത്താവിന്റെ കൊലപാതക കേസന്വേഷണം അട്ടിമറിക്കപ്പെടുന്നുവെന്ന് ആക്ഷേപിച്ച് മുഹമ്മദ് ഫസലിന്റെ വിധവ മറിയു കേരള ഹൈക്കോടതിയെ സമീപിച്ചത് 2007 ലായിരുന്നു. ഹൈക്കോടതി കേസന്വേഷണം സിബിഐക്ക് കൈമാറാന്‍ ഉത്തരവിടുകയും ചെയ്തു. 2008 ഏപ്രില്‍ മുതല്‍ സിബിഐ എഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്ത് കേസന്വേഷണം നടത്തി 2012 ജൂണ്‍ 10 ന് സിബിഐ കോടതിയില്‍ കേസിന്റെ കുറ്റപത്രം നല്‍കി. കേസില്‍ ഉന്നതരായ സിപിഎം നേതാക്കള്‍ പ്രതികളാണെന്നുള്ളതും അവരില്‍ പലരും ഇപ്പോഴും തലശ്ശേരിയില്‍ കടക്കാന്‍ പാടില്ലെന്നുള്ള കോടതിയുടെ കര്‍ശന വ്യവസ്ഥയില്‍ അന്യദേശങ്ങളില്‍ കഴിയുകയുമാണ്. ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തുന്നതിന് മുമ്പാണ് സിബിഐയുടെ കുറ്റാന്വേഷക ഓഫീസറായിരുന്ന സി.എം.സലിം സാഹിബ് കൊലപാതകം, ഗഢാലോചന, ന്യായവിരുദ്ധമായി സംഘം ചേരല്‍ തുടങ്ങി ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തി എറണാകുളം സിബിഐ കോടതിയില്‍ കുറ്റപത്രം നല്‍കിയത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങളിലിരുന്ന സിപിഎം നേതാക്കള്‍ ഈ കേസ്സില്‍ പ്രതികളാണ്. പ്രസ്തുത കേസില്‍ കുറ്റപത്രം അടിസ്ഥാനമില്ലാത്തതാണെങ്കില്‍ അത് റദ്ദാക്കാന്‍ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ച് ഉത്തരവ് കരസ്ഥമാക്കുകയാണ് വേണ്ടിയിരുന്നത്. അത്തരം ശ്രമങ്ങളിലൊന്നും സിപിഎമ്മിന് വിജയിക്കാനായിട്ടില്ല. എന്നാലിപ്പോള്‍ കേരളത്തില്‍ അധികാരം ലഭിക്കുകയും ആഭ്യന്തരവകുപ്പ് കൈയാളുകയും ചെയ്യുന്നതിന്റെ ധാര്‍ഷ്ട്യത്തില്‍ കാക്കിയുടെ പവിത്രതയെ പണയം വെയ്ക്കുന്നവരും സിപിഎം ഓഫീസിലെ തിണ്ണനിരങ്ങികളുമായ ചില പോലീസുകാരെ ഉപയോഗിച്ച് ഫസല്‍ കേസിലെ പ്രതികളെ രക്ഷപ്പെടുത്താനും ആര്‍എസ്എസ് നേതാക്കളെ കുടുക്കാനും വന്‍ ഗൂഢപദ്ധതിക്കാണ് അവര്‍ രൂപം നല്‍കിയിട്ടുള്ളത്. സിബിഐ കോടതിയെയോ, കുറ്റാന്വേഷകനെപോലുമോ അറിയിക്കാതെ മാധ്യമങ്ങള്‍വഴി ജനങ്ങളെയും കോടതികളെയും വഴിതെറ്റിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകനായ ചെമ്പ്രയിലെ സുബീഷിനെ ദിവസങ്ങളോളം കസ്റ്റഡിയില്‍വെച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു കണ്ണൂര്‍ പോലീസ്. സിപിഎം പ്രവര്‍ത്തകനായ മോഹനന്റെ കൊലക്കേസില്‍ സുബീഷിനെ അനാവശ്യമായി കസ്റ്റഡിയിലെടുക്കുകയാണുണ്ടായത്. കൊലക്കേസില്‍ സുബീഷിന് പങ്കുള്ളതായി രേഖകളുണ്ടെന്ന് പോലീസിനോ സിപിഎമ്മിനോ ആക്ഷേപമില്ല. സംഭവത്തിനുശേഷം പ്രതികള്‍ക്ക് സുബീഷ് അഭയം നല്‍കിയെന്നതാണ് ആക്ഷേപം. ഇത്തരം ദുര്‍ബലമായ ഓരാക്ഷേപത്തിന്റെ പേരില്‍ കുറ്റാരോപിതനെ ദിവസങ്ങളോളം കസ്റ്റഡിയില്‍വച്ച് പീഡിപ്പിക്കുകയും ജയിലിലടയ്ക്കുകയും ചെയ്യുന്ന രീതി കേരളത്തിലാദ്യമാണ്. എന്നാല്‍ സുബീഷിനെ ദിവസങ്ങളോളം തലകീഴായി കെട്ടിതൂക്കി എല്ലാവിധ മര്‍ദ്ദനങ്ങളും നടത്തിയശേഷം ബലപ്രയോഗത്തിലൂടെ അയാളുടെ പേരില്‍ മൊഴിയുണ്ടാക്കുകയായിരുന്നുവെന്ന് സുബീഷ് കോടതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്. മോഹന്‍ വധക്കേസില്‍ സംഭവത്തിനുശേഷമുണ്ടായ സാങ്കേതിക കുറ്റം മാത്രം ചുമത്തി അനധികൃതമായി സുബീഷിനെകൊണ്ട് ഫസല്‍ കേസില്‍ ആര്‍എസ്എസ്സുകാരാണ് പ്രതികളെന്ന് സമ്മതിപ്പിച്ച് മൊഴി പടച്ചുണ്ടാക്കുകയായിരുന്നു. ഇതിന്റെ പിന്നിലെ യുക്തിഹീനതയും ദുരുദ്ദേശ്യവും വിഢ്ഢിത്തവും പകല്‍പോലെ വ്യക്തമാണ്. ഇപ്രകാരം അറസ്റ്റും മറ്റുമുണ്ടാക്കി രാഷ്ട്രീയ നാടകം കളിക്കാനും കുപ്രചാരണം നടത്താനും സുബീഷിനെ വകവരുത്താനുമൊക്കെ ആസൂത്രിതവും കുത്സിതവുമായ ശ്രമമാണുണ്ടായത്. ഫേസ്ബുക്ക് വഴി നേരത്തെതന്നെ ഇത് പ്രചരിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ പോണ്ടിച്ചേരി പോലീസിന് സുബീഷ് പരാതി നല്‍കുകയും ക്രൈം രജിസ്ട്രര്‍ ചെയ്തിട്ടുമുണ്ട്. സിബിഐ കുറ്റപത്രം നല്‍കിയ കേസില്‍ പുനരന്വേഷണത്തിനോ തുടരന്വേഷണത്തിനോ കേരള പോലീസിന് എന്തധികാരമാണുള്ളത്? സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായ കണ്ണൂരിലേയും തലശ്ശേരിയിലേയും ചില ഉന്നത പോലീസുദ്യോഗസ്ഥര്‍ക്ക് ഇപ്രകാരമൊരു രാഷ്ട്രീയ പ്രേരിതമായ കുറ്റസമ്മതമൊഴി രേഖപ്പെടുത്താന്‍ ആരവകാശം നല്‍കി? രണ്ടു ഡിവൈഎസ്പിമാര്‍ക്ക് എങ്ങനെ ഇതിനൊക്കെ ധൈര്യമുണ്ടായി? ഈ പ്രശ്‌നത്തില്‍ നിയമവാഴ്ചയുടെ നിലനില്‍പ്പിനുവേണ്ടി ജനങ്ങള്‍ അരയും തലയും മുറുക്കിരംഗത്തിറങ്ങുകയും കള്ളരേഖ സൃഷ്ടിച്ച കുറ്റവാളികള്‍ക്കെതിരെ നിയമയുദ്ധം നടത്തുകയുമാണ് വേണ്ടത്. ഭരണത്തിന്റെ ഗര്‍വ്വില്‍ എന്തുമാകാമെന്ന സിപിഎം നിലപാട് വിജയിക്കാന്‍ നാം അനുവദിച്ചുകൂടാ. കൊലക്കേസില്‍ പ്രതികള്‍ നല്‍കുന്ന കുറ്റസമ്മതമൊഴികള്‍ നിയമനടപടികള്‍ക്ക് ഇന്ധനമാക്കപ്പെടുന്നത് നിയമപരമായും ധാര്‍മ്മികമായും ശരിയല്ല. ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി അച്യുതാനന്ദനും കൊലക്കേസില്‍ പ്രതികളാക്കപ്പെട്ട ചരിത്രമുള്ളവരാണ്. കേവലം സംശയത്തിന്റെ ആനുകൂല്യം കൊണ്ട് രക്ഷപ്പെട്ട പ്രതികളായിരുന്നു അവര്‍. കുറ്റം സമ്മതിച്ചുകൊണ്ടുള്ള അവരുടെ മൊഴികള്‍ പ്രോസിക്യൂഷന്‍ രേഖകളുടെ അവിഭാജ്യഘടകങ്ങളാണ്. ഇപ്പോഴത്തെ സിപിഎം തിയറിക്കനുസരിച്ച് പ്രസ്തുത സിപിഎം നേതാക്കന്മാരുടെ കുറ്റസമ്മതമൊഴികള്‍ പൊടിതട്ടിയെടുത്ത് കോടതികള്‍വഴി പുനഃപരിശേധനയ്ക്കുവിധേയമാക്കിയാലത്തെ സ്ഥിതി എന്തായിരിക്കും? സിപിഎം നേതൃത്വം ബുദ്ധിപരമായി എത്ര തരംതാണ നിലയിലാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് എന്നതിനുള്ള തെളിവാണ് സുബീഷ് സംഭവത്തിന്റെപേരിലുയര്‍ത്തിയിട്ടുള്ള വിവാദം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.