ലഹരിക്ക് എതിരെ ജനകീയമുന്നേറ്റം വേണം: മന്ത്രി

Tuesday 29 November 2016 11:24 pm IST

കൊച്ചി: കുടുംബങ്ങളുടെ സ്വസ്ഥത കെടുത്തുന്ന ലഹരിക്കെതിരെ ജനകീയ മുന്നേറ്റം ആവശ്യമാണെന്ന് മന്ത്രി സി. രവീന്ദ്രനാഥ്. ലഹരിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന വിമുക്തി ബോധവത്ക്കരണ യജ്ഞത്തിന്റെ ഭാഗമായുള്ള ജില്ലാതല സമിതിയുടെ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ജില്ലാ കളക്ടര്‍ കണ്‍വീനറുമായുള്ള സമിതികള്‍ക്കാണ് എല്ലാ ജില്ലകളിലും രൂപം നല്‍കുന്നത്. ഇതിന്റെ ഭാഗമായി ഡിസംബര്‍ രണ്ടാംവാരം ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പ്രഭാത അസംബ്‌ളിയില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കും. സ്‌കൂളുകളില്‍ നടത്തുന്ന പരിപാടിയില്‍ എംഎല്‍എമാരും മറ്റ് ജനപ്രതിനിധികളും പങ്കാളികളാകും. തുടര്‍ന്ന് പത്തു മിനിറ്റ് ബോധവത്കരണ ക്ലാസ്. വിദ്യാര്‍ഥികളുടെ ചെറു ഗ്രൂപ്പുകള്‍ രൂപീകരിച്ച് ഭവന സന്ദര്‍ശനം നടത്തി ലഘുലേഖകളും മറ്റും വിതരണം ചെയ്യും. ബോധവത്കര്ണത്തിന്റെ കുറവ് കണ്ടുകൊണ്ടാണ് ജില്ലാതല പ്രചാരണത്തിന് തുടക്കമിടുന്നതെന്ന് മന്ത്രി പറഞ്ഞു. മാസത്തിലൊന്ന് ഈ സമിതികള്‍ യോഗം ചേരും. ജില്ലാതലത്തില്‍ അഞ്ചു ഘട്ടങ്ങളിലായാണ് പരിപാടികളെന്ന് യോഗത്തില്‍ അധ്യക്ഷനായിരുന്ന ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള പറഞ്ഞു. കെ. ജെ. മാക്‌സി എംഎല്‍എ, അന്‍വര്‍ സാദത്ത് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, വൈസ്പ്രസിഡന്റ് അബ്ദുള്‍ മുത്തലിബ്, പിറവം നഗരസഭാ ചെയര്‍മാന്‍ സാബു ഫ്രാന്‍സിസ്, എഡിഎം സി. കെ. പ്രകാശ്, സബ്കളക്ടര്‍ ഡോ. അദില, അസി. കളക്ടര്‍ ഡോ. രേണു രാജ്, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എ. കെ. നാരായണന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. കെ. അബ്ദുള്‍ റഷീദ് തുടങ്ങിയവരും വിവിധ വകുപ്പു പ്രതിനിധികളും ജനപ്രതിനിധികളും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.