ബി.കെ.ശേഖര്‍ പുരസ്കാരം അനില്‍ ഗോപിക്ക്‌

Monday 16 April 2012 11:20 pm IST

തിരുവനന്തപുരം: പ്രഥമ ബി.കെ.ശേഖര്‍ പുരസ്കാരത്തിന്‌ ജന്മഭൂമി സീനിയര്‍ ഫോട്ടോഗ്രാഫര്‍ അനില്‍ ഗോപി അര്‍ഹനായി. ദൃശ്യമാധ്യമരംഗത്തെ പുരസ്കാരം മനോരമ ന്യൂസിലെ പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്റ്‌ എന്‍.കെ.ഗിരീഷിന്‌ ലഭിക്കും. എംപിയായും എംഎല്‍എയായും മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച മന്ത്രി വി.എസ്‌.ശിവകുമാറിന്‌ നല്ല പൊതുപ്രവര്‍ത്തകനുള്ള പുരസ്കാരവും നല്‍കും. പ്രശസ്തി പത്രവും ഫലകവും ക്യാഷ്‌ അവാര്‍ഡും അടങ്ങുന്നതാണ്‌ പുരസ്കാരം. ചട്ടമ്പി സ്വാമി സാംസ്കാരിക സമിതിയാണ്‌ പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്‌. 18ന്‌ വൈകിട്ട്‌ 3.30ന്‌ ബി.കെ.ശേഖറിന്റെ ഋഷിമംഗലത്തുള്ള വസതിയില്‍ ചേരുന്ന അനുസ്മരണ സമ്മേളനത്തില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും. കഴിഞ്ഞ 17 വര്‍ഷങ്ങളായി ജന്മഭൂമിയില്‍ പ്രവര്‍ത്തിക്കുകയാണ്‌ ഇപ്പോള്‍ തിരുവനന്തപുരം എഡിഷനില്‍ ഫോട്ടോഗ്രാഫറായ അനില്‍ഗോപി. മംഗളം, മലയാളം എക്സ്പ്രസ്‌ എന്നീ പത്രങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 1995ല്‍ രാജീവ്ഗാന്ധി ഫൗണ്ടേഷന്‍ പുരസ്കാരം, 2008ല്‍ വിക്ടര്‍ജോര്‍ജ്ജ്‌ പുരസ്കാരം എന്നിവ നേടി. പാറശ്ശാല എറിച്ചെല്ലൂര്‍ കലാഭവനില്‍ ഗോപിനാഥന്‍നായരുടെയും ലീലാദേവിയുടെയും മൂന്നു മക്കളില്‍ രണ്ടാമനാണ്‌. ഭാര്യ: രഞ്ചു.ജി.നായര്‍. മക്കള്‍: അനഘ, അനില്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.