കണ്ണവത്ത് സമാധാനത്തിന് സര്‍വ്വകക്ഷി തീരുമാനം

Wednesday 30 November 2016 12:24 am IST

കൂത്തുപറമ്പ്: കണ്ണവം പോലീസ് സ്റ്റേഷനില്‍ സമാധാന അന്തരീക്ഷം നിലിര്‍ത്താന്‍ സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനം. കണ്ണവം പോലീസ് സ്റ്റേഷനില്‍ ചേര്‍ന്ന സിപിഎം, ബിജെപി നേതാക്കളുടെ യോഗത്തില്‍ പോലീസിന്റെ നിക്ഷ്പക്ഷവും, ആത്മാര്‍ത്തതയോടും കൂടിയ നടപടികള്‍ക്ക് ബിജെപി എല്ലാവിധ പിന്തുണയും അറിയിച്ചു. നേതാക്കള്‍ പരസ്പരം ബന്ധപെട്ടു ചെറിയ പ്രശ്‌നങ്ങള്‍ പ്രാദേശിക തലത്തില്‍ പരിഹരിക്കാന്‍ ശ്രമമുണ്ടാകും. പുതിയതായി കൊടിമരങ്ങളും അലങ്കാരങ്ങളും സ്ഥാപിക്കില്ല. അങ്ങനെ ഉണ്ടായാല്‍ പോലീസ് അവ നീക്കം ചെയ്യും. രാത്രികാലങ്ങളില്‍ പത്ത് മണിക്ക് ശേഷം റോഡില്‍ കൂടിയിരിക്കുന്നവര്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കും. ക്ഷേത്രങ്ങളിലെയും കാവുകളിലെയും ഉത്സവങ്ങളില്‍ രാഷ്ട്രീയാടിസ്ഥാനത്തിലുള്ള കൊടികളും കലശങ്ങളും ഉപയോഗിക്കുന്നത് ഒഴിവാക്കാനും ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുക്കാനും തീരുമാനിച്ചു. എല്ലാ മാസത്തിലെയും മൂന്നാമത്തെ ശനിയാഴ്ച വില്ലേജ് തലത്തില്‍ കൂടുന്ന സര്‍വ്വകക്ഷി സമാധാനയോഗത്തിനു പുറമേയാണ് കൂത്തുപറമ്പ് സിഐ, കണ്ണവം എസ്‌ഐ എന്നിവരുടെ സാനിധ്യത്തില്‍ യോഗം നടന്നത്. സംഘര്‍ഷത്തിനായി മുന്നാംകക്ഷികളുടെ ശ്രമങ്ങള്‍ക്കെതിരെ സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ക്കു പുറമേ പോലീസും ജാഗ്രത പുലര്‍ത്തും. പാര്‍ട്ടികളുടെ പൊതുപരിപാടികള്‍ക്കായി സ്ഥാപിക്കുന്ന ബോര്‍ഡും, കൊടി തോരണങ്ങളും പരിപാടികഴിഞ്ഞ ഉടന്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചു. അല്ലാത്തപക്ഷം പോലീസ് നേരിട്ട് നീക്കം ചെയ്യും. പരസ്യ മദ്യപാനത്തിനെതിരെയും മദ്യപിച്ചുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്കെതിരെയും പോലീസ് നടപടി ഉണ്ടാകുമ്പോള്‍ ഇടപെടാതിരിക്കാന്‍ നേതാക്കള്‍ ശ്രമിക്കും. ബിജെപി നേതാക്കളായ കുഞ്ഞിക്കണ്ണന്‍ വായന്നൂര്‍, സദാനന്ദന്‍ ആലച്ചേരി, രജീഷ് പുതുശ്ശേരി, സിപിഎം നേതാക്കളായ എംസി രാഘവന്‍, രഞ്ജിത്ത് ചിറ്റാരിപറമ്പ്, കുറ്റിച്ചി പ്രേമന്‍, മമ്മാലി ദിവാകരന്‍, ബാബുവെളുമ്പത്ത് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.