ആദിവാസി ഗര്‍ഭിണികള്‍ക്കുളള പദ്ധതി ഉദ്ഘാടനം ഇന്ന്

Wednesday 30 November 2016 12:27 am IST

കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് 2016-17 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ആദിവാസി ഗര്‍ഭിണികള്‍ക്കായുളള വൈദ്യപരിശോധന-പോഷകാഹാര പദ്ധതിയുടെ ഉദ്ഘാടനം ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ഇന്ന് രാവിലെ 9.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. സുമേഷ് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി.ജയബാലന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി മുഖ്യാതിഥി ആയിരിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) പദ്ധതി വിശദീകരിക്കും. ആദിവാസികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുക, ഗര്‍ഭകാല പരിശോധനയും തുടര്‍ ചികിത്സയും ലഭ്യമാക്കുക, ഗര്‍ഭിണികളായ ആദിവാസികളുടെ മരണ നിരക്ക് കുറക്കുക, കുട്ടികളിലെ തൂക്കക്കുറവ് പരിഹരിക്കുക, നവജാത ശിശുക്കളിലെ മരണനിരക്ക് കുറക്കുക, ആദിവാസികളെ ദേശീയ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിക്ക് ഈ സാമ്പത്തിക വര്‍ഷം 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഇരിട്ടി, കീഴ്പ്പളളി, ചിറ്റാരിപ്പറമ്പ് എന്നീ ബ്ലോക്കുകളിലെ ആരോഗ്യ സ്ഥാപനങ്ങളിലൂടെയാണ് പദ്ധതി നടപ്പിലാക്കുക. നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുളള 5 മാസം ഇരുനൂറോളം വരുന്ന ആദിവാസി ഗര്‍ഭിണികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ക്യാമ്പില്‍ എത്തിച്ചേരുന്ന ആദിവാസി സ്ത്രീകള്‍ക്ക് വൈദ്യപരിശോധന (എക്‌സറേ, സ്‌കാനിങ്ങ്, രക്തപരിശോധന തുടങ്ങിയവ), മരുന്നു വിതരണം, തുടര്‍ചികിത്സ എന്നിവയും ഉറപ്പാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.