കാനന പാതകളില്‍ തിരക്കേറി

Wednesday 30 November 2016 3:26 am IST

ശബരിമല: എരുമേലി-കരിമല-പമ്പ, പുല്ലുമേട് കാനനപാതകളില്‍ കൂടിയുള്ള തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ദ്ധിച്ചു. എരുമേലി കാനന പാതയില്‍ ആരംഭ ദിവസം മുതല്‍ ഭക്തര്‍ എത്തിത്തുടങ്ങി. പുല്ലുമേട് പാതയില്‍ കഴിഞ്ഞ ദിവസമാണ് ഭക്തരെ കടത്തിവിട്ടത്. എരുമേലിയില്‍ നിന്ന് ഒന്നര ദിവസം കൊണ്ടാണ് ഭക്തര്‍ പമ്പയില്‍ എത്തുന്നത്. 48 കിലോമീറ്റര്‍ വനത്തിലൂടെ യാത്ര. എരുമേലിയില്‍ നിന്ന് യാത്ര തിരിച്ച് കാളകെട്ടിയില്‍ തൊഴുത് അഴുതാനദിയില്‍ കുളിച്ച് യാത്ര. കല്ലിടാംകുന്ന്, മുക്കുഴി, പുതുശ്ശേരിതോട്, കരിമല അടിവാരം, കരിമല, വലിയാനവട്ടം, ചെറിയാന വട്ടം വഴി പമ്പയില്‍ എത്തും. ശബരിമലയിലെത്താന്‍ ഏഴുകോട്ടകള്‍ കടക്കണം. മഴപെയ്താല്‍ പാതയില്‍ ശക്തമായ തെന്നലാണ്. അട്ടശല്യവും രൂക്ഷം. താത്ക്കാലിക കടകളില്‍ അമിത വിലയും. കരിമലയില്‍ പ്രാഥമികകാര്യങ്ങള്‍ക്ക് സൗകര്യമില്ല. ഇരുമ്പൂന്നിക്കരയില്‍ നിന്ന് കാളകെട്ടിയിലേക്കുള്ള യാത്രയില്‍ റോഡിലെ മെറ്റല്‍ ബുദ്ധിമുട്ടിക്കുന്നുണ്ട്. പുല്ലുമേട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയെങ്കിലും സത്രം, ഉപ്പുപാറ, പുല്ലുമേട് വഴിയുള്ള പാതയില്‍ തീര്‍ത്ഥാടക തിരക്കേറി. മല കയറ്റത്തിന്റെ കാഠിന്യമില്ലാതെ മലയിറങ്ങി സന്നിധാനത്ത് എത്താമെന്നതിനാല്‍ കൂടുതല്‍ തീര്‍ത്ഥാടകര്‍ ഇതിലൂടെ എത്തുന്നു. ചെറു സംഘങ്ങളായുള്ള തീര്‍ത്ഥാടകരാണ് ഇപ്പോള്‍ എത്തുന്നത്. ഉച്ചയ്ക്ക് ഒരു മണിക്കുശേഷം പുല്ലുമേട്ടില്‍ നിന്നും പമ്പയിലേക്കും തിരികെയും ഭക്തരെ കടത്തിവിടില്ല. പുല്ലമേട് ദുരന്തം നടന്ന വര്‍ഷംവരെ വള്ളക്കടവ് വഴി ഉപ്പുപാറവരെ തീര്‍ത്ഥാടകര്‍ക്ക് വാഹനത്തില്‍ എത്താന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ വാഹനങ്ങള്‍ മാത്രമാണ് കടത്തിവിടുന്നത്. ഇതുമൂലം സത്രം മുതല്‍ സന്നിധാനം വരെയുള്ള 28 കിലോമീറ്ററോളം കാല്‍നടയായി സഞ്ചരിക്കണം. ഉപ്പുപാറ കഴിഞ്ഞാല്‍ ഈ വഴികളിലൊന്നും കുടിവെള്ളം ഇല്ല. പുല്ലുമേട്, കഴുതക്കൊക്ക, മായക്കല്ല്, കോടംപ്ലാവ് എന്നിവിടങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിര്‍ത്തണമെന്ന് ആവശ്യം ശക്തമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.