ജെ.സി.ബി പാഞ്ഞുകയറി; ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

Wednesday 30 November 2016 9:08 pm IST

ആലുവ: മെട്രോ നിര്‍മ്മാണത്തിന് മണ്ണ് നീക്കം ചെയ്തിരുന്ന ജെസിബി, ഓടുന്ന ട്രെയിനില്‍ തട്ടിമൂന്ന് മണിക്കൂറോളം ട്രെയിന്‍ ഗതാഗതം തടസപ്പെടുത്തി. എറണാകുളം കാരയ്ക്കല്‍ എക്‌സ്പ്രസ് ട്രെയിനിലാണ് ജെസിബി തട്ടിയത്. ട്രെയിന്റെ ബാറ്ററികള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ചൊവ്വാഴ്ച്ച രാത്രി 11.50ന് അമ്പാട്ടുകാവിന് സമീപമാണ് അപകടം. ട്രെയിന്‍ വരുന്നത് കണ്ട് നിര്‍മ്മാണം നിര്‍ത്തിയെങ്കിലും ജെസിബി പിന്നിലേക്ക് തെന്നി. ഇതോടെ ഭയന്നുവിറച്ച ഡ്രൈവര്‍ ചാടിയിറങ്ങി. എന്നാല്‍ സമീപത്തെ ഇലക്ട്രിക്ക് പോസ്റ്റില്‍ ജെസിബി തട്ടി നിന്നു. ജെസിബിയുടെ പിന്‍വശം ട്രെയിനിന്റെ നാല് മുതല്‍ 12 വരെയുള്ള ബോഗികളുടെ ബാറ്ററിയില്‍ തട്ടി. എഞ്ചിന്‍ കടന്നുപോയ ശേഷമായതിനാല്‍ അപകടം നടന്ന വിവരം ലോക്കോ പൈലറ്റ് അറിഞ്ഞില്ല. അമ്പാട്ടുകാവിന് സമീപം വലിയ ശബ്ദം കേട്ടതായി ആലുവയിലെത്തിയപ്പോള്‍ സ്‌റ്റേഷന്‍ അധികൃതരെ അറിയിച്ചതിനാല്‍ ടെക്‌നിക്കല്‍ ജീവനക്കാര്‍ അമ്പാട്ടുകാവില്‍ പരിശോധന നടത്തി. കാരണം കണ്ടെത്തിയപ്പോഴേക്കും ട്രെയിന്‍ അങ്കമാലി കടന്നിരുന്നു. തുടര്‍ന്ന് ലോക്കോ പൈലറ്റിനെ ബന്ധപ്പെട്ട് ട്രെയിന്‍ കറുകുറ്റിയില്‍ പിടിച്ചിട്ട് പ്രാഥമിക പരിശോധന നടത്തി. പിന്നീട് അഞ്ച് കിലോമീറ്റര്‍ വേഗതയില്‍ ട്രെയിന്‍ ഓടിച്ച് ചാലക്കുടിയിലെത്തിച്ച ശേഷം എറണാകുളത്ത് നിന്നും വിദഗ്ധരെത്തി വിശദമായ പരിശോധന നടത്തി. പുലര്‍ച്ചെ 4.10ഓടെയാണ് സര്‍വീസ് പുനരാരംഭിച്ചത്. ഈ സമയം വരെയുള്ള മറ്റ് ട്രെയിനുകളാണ് പല സ്‌റ്റേഷനുകളിലായി പിടിച്ചിട്ടത്. ട്രെയിനിലെ എ.സികള്‍, ഫാന്‍, ലൈറ്റ് എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ ഉപയോഗിക്കുന്നതാണ് ബാറ്ററികള്‍. ട്രെയിനില്‍ ജെ.സി.ബി തട്ടാനുണ്ടായ കാരണത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആലുവ റെയില്‍വേ സ്‌റ്റേഷന്‍ സൂപ്രണ്ട് കെ. ബാലകൃഷ്ണന്‍ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കത്ത് നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.