ക്യാന്‍സര്‍ നിര്‍ണയ മൊബൈല്‍ യൂണിറ്റുകള്‍ സ്ഥാപിക്കും

Wednesday 30 November 2016 10:52 am IST

കോഴിക്കോട്: എല്ലാ ജില്ലകളിലും ക്യാന്‍സര്‍ നിര്‍ണയ മൊബൈല്‍ യൂണിറ്റ് സ്ഥാപിക്കുമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. കോഴിക്കോട് കോര്‍പറേഷന്‍ കുടുംബശ്രീ നടപ്പിലാക്കിയ സമഗ്ര ക്യാന്‍സര്‍ ചികിത്സ പദ്ധതി 'ജീവനം' മൂന്നാംഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാന്‍സര്‍ ഭയനകമായ രീതിയില്‍ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. പ്രരംഭഘട്ടത്തില്‍ തന്നെ ക്യാന്‍സര്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ നടപടിസ്വീകരിക്കും. സൗജന്യ ചികിത്സ ലഭിക്കുന്ന കേന്ദ്രമായി മലബാര്‍ ക്യാന്‍സര്‍ സെന്ററിനെ മാറ്റും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ജനകീയവല്‍ക്കരിച്ച് കുടുംബ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ആദ്യഘട്ടത്തില്‍ 152 പിഎച്ച്‌സികളെ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്. 42 താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റ് തുടങ്ങാന്‍ ഫണ്ട് കിട്ടികഴിഞ്ഞു. ജില്ലാ ആശുപത്രികളില്‍ മള്‍ട്ടി സ്‌പെഷ്യലിറ്റി സൗകര്യങ്ങളൊരുക്കും. ജില്ലാ ആശുപത്രികളില്‍ കാത്ത്‌ലാബ് സൗകര്യങ്ങളൊരുക്കി തുടങ്ങി കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. സ്ത്രീകളില്‍ വ്യാപിച്ചു വരുന്ന ഗര്‍ഭാശയ ക്യാന്‍സര്‍, സ്തനാര്‍ബുദം എന്നീ രോഗലക്ഷണങ്ങളുള്ളവരെ നേരത്തെ തന്നെ കണ്ടെത്തി വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് ജീവനം പദ്ധതിയുടെ ലക്ഷ്യം. മൂന്ന് മേഖലകളായി തിരിച്ച് മെഗാ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി എം വി റംസി ഇസ്മായില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ വി ബാബുരാജ്, എം രാധാകൃഷ്ണന്‍, ടി വി ലളിത പ്രഭ, ഡി കൃഷ്ണനാഥ പൈ, സി അബ്ദുറഹ്മാന്‍, എം എം പത്മാവതി, എ കെ പ്രേമജം, കെ ജമീല, ടി പി സതീശന്‍, സെയ്ദ് അക്ബര്‍ ബാദുഷാഖാന്‍, കെ ബീന, പ്രമീളദേവദാസ് എന്നിവര്‍ സംസാരിച്ചു. അനിത രാജന്‍ സ്വാഗതവും പി പി ഷീജ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.