എഴുത്തിന്റെ രസതന്ത്രം

Wednesday 30 November 2016 12:13 pm IST

സാഹിത്യ കുതുകികൾക്കായി ബഹ്‌റൈന്‍ കേരളീയ സമാജം നവംബർ 24, 25 തീയതികളിലായി സംഘടിപ്പിച്ച ' എഴുത്തിന്റെ രസതന്ത്രം ' എന്ന സാഹിത്യ ശില്പശാല പങ്കാളിത്തം കൊണ്ടും സാഹിത്യ സംവാദങ്ങൾകൊണ്ടും ശ്രദ്ധേയമായി. പവിഴ ദ്വീപിലെ മലയാളികളായ എഴുത്തുകാർ മിക്കവരും സമ്മേളിച്ച ശില്പശാല ഫിക്ഷൻ എഴുത്തിലെ പുതിയ ട്രെന്റുകൾ വിലയിരുത്താനും വായനയെ സ്വാധീനിക്കുന്ന പുതിയ ധാരകളെ പരിചയപ്പെടാനും അവസരമേകി. പുതിയ തലമുറയിലെ ശ്രദ്ധേയയായ എഴുത്തുകാരി സംഗീതാ ശ്രീനിവാസൻ ശില്പശാലയിലുടനീളം പങ്കെടുത്തു. സംഗീതയുടെ അപരകാന്തി, ആസിഡ് എന്നീ കൃതികളെ പഠന വിധേയമാക്കിക്കൊണ്ടാണ് ശില്പശാല ആരംഭിച്ചത്. മനുഷ്യ ജീവിതത്തിലെ വൈരുദ്ധ്യങ്ങളെ അവ നിലനിൽക്കുന്ന സമാന്തരങ്ങളിലും ലയബിന്ദുക്കളിലും വച്ച് അതിസൂക്ഷ്മമായി ചിത്രീകരിക്കുന്നവയാണ് സംഗീതാ ശ്രീനിവാസന്റെ നോവലുകളെന്ന് അഭിപ്രായമുയർന്നു. കൃഷ്ണകുമാർ, സുധീശ് രാഘവൻ എന്നിവർ നോവലുകളെ വിലയിരുത്തി സംസാരിച്ചു. തുടർന്ന് സംഗീതയുടെ നേതൃത്വത്തിൽ എഴുത്തിന്റെ ശൈലികൾ , കഥ പിറക്കുന്ന വഴികൾ , നടപ്പുകാലത്തിൽ നോവലുകളിൽ വായനയെ സ്വാധീനിച്ച മികച്ച കൃതികൾ എന്നിങ്ങനെ വിവിധ മേഖലകളെ അനാവരണം ചെയ്യുന്ന ചർച്ചകൾ നടന്നു. പങ്കാളികളായ സാഹിത്യ പ്രേമികൾക്കും എഴുത്തുകാർക്കും ഒരു പുത്തനുണർവ്വ് നൽകുന്നതായിരുന്നു ശില്പശാലയെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു. കേരള സമാജം ആക്ടിങ് പ്രസിഡന്റ് ഫ്രാൻസിസ് കൈതാരത്ത് , ജനറൽ സെക്രട്ടറി എൻ കെ വീരമണി സാഹിത്യ വിഭാഗം കൺവീനർ ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.