സിപിഐ-സിപിഎം പോര് വീണ്ടും രൂക്ഷമാകുന്നു

Wednesday 30 November 2016 3:17 pm IST

കരുനാഗപ്പള്ളി: ഒരു ഇടവേളക്ക് ശേഷം കരുനാഗപ്പള്ളിയില്‍ സിപിഐ-സിപിഎം പോര് മറ നീക്കുന്നു. കരുനാഗപ്പള്ളി മണ്ഡലം സ്ഥിരമായി സിപിഐക്ക് നല്‍കുന്നതിലെ സിപിഎം പ്രാദേശികഘടകത്തിന്റെ എതിര്‍പ്പാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കരുനാഗപ്പള്ളി സ്വന്തമാക്കാന്‍ സിപിഎം നടത്തിയ ശ്രമങ്ങള്‍ സിപിഐയുടെ എതിര്‍പ്പുമൂലമാണ് നടക്കാതെ പോയത്. ഇതുമൂലം തദ്ദേശ തെരഞ്ഞെടുപ്പിലുള്‍പ്പെടെ കാലുവാരലുകളും അസ്വാരസ്യങ്ങളും പതിവായിരുന്നെങ്കിലും അത് പരസ്യമായത് ഇപ്പോഴാണ്. സിപിഐ നേതൃത്വത്തില്‍ കരുനാഗപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ഭൂപണയ ബാങ്കിലെ രണ്ട് ഒഴിവുകളില്‍ സിപിഎമ്മിന്റെ രണ്ട് നോമിനികളെ നിയമിക്കേണ്ടിവന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ സിപിഎമ്മിനെ വെറുപ്പിക്കാതിരിക്കാന്‍ സിപിഐക്ക് ഇത് മാത്രമായിരുന്നു വഴി. തെരഞ്ഞെടുപ്പില്‍ അടിയൊഴുക്കുകള്‍ ഉണ്ടായെങ്കിലും ആര്‍.രാമചന്ദ്രന്‍ വിജയിച്ചു. എന്നാല്‍ സിപിഐയിലെ സോമന്‍പിള്ള പ്രസിഡന്റായ ഭൂപണയബാങ്കില്‍ ആര്‍.കെ.ദീപയെ വൈസ് പ്രസിഡന്റ് ആക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടതോടെ അനൈക്യം മറനീക്കി പുറത്തുവരികയായിരുന്നു. ഇതിന്റെ പ്രതിഫലനമാണ് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നടന്ന സമരങ്ങളില്‍ പങ്കെടുക്കാതെ സിപിഎം പ്രത്യേകമായി പരിപാടികള്‍ നടത്തിയത്. എല്‍ഡിഎഫിന്റെ രാപകല്‍ സമരത്തില്‍ സിപിഎം പങ്കെടുത്തില്ല, പ്രതിഷേധ പൊങ്കാല സിപിഎം ഒറ്റയ്ക്കു നടത്തുകയായിരുന്നു. കഴിഞ്ഞദിവസം നടത്തിയ എല്‍ഡിഎഫ് ഹര്‍ത്താലില്‍ രാവിലെ സിപിഎമ്മിന്റെ നേതൃത്വത്തിലും സിപിഐയും മറ്റു ഘടകകക്ഷികളും അതിനുശേഷം പ്രത്യേകമായും പ്രകടനവും യോഗവും സംഘടിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.