കൊല്ലം: എക്സൈസും ഇന്റലിജന്‍സും സംയുക്തമായി നടത്തിയ റെയ്ഡില്‍ പാരിപ്പള്ളി ഭാഗത്തുനിന്നും കഞ്ചാവ് കച്ചവടം ചെയ്യുകയായിരുന്നയാളെ 40 ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തു. കൊല്ലം പാരിപ്പള്ളി കാവടിക്കോണം താന്നിവിള വീട്ടില്‍ രാജു(49) ആണ് പിടിയിലായത്. ഇയാളുടെ ബന്ധുവായ പാരിപ്പള്ളി കോട്ടക്കകംദേശത്ത് മേലേകത്തോട്ടം വീട്ടില്‍ വിഷ്ണു എന്നയാളിനെ 15 ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തു. പ്രതികള്‍ രണ്ടുപേരും ആദ്യമായാണ് കഞ്ചാവ് കേസില്‍ അകപ്പെടുന്നത്. ഒരാഴ്ചയ്ക്കിടെ പാരിപ്പള്ളി ഭാഗത്തുനിന്നും കൊല്ലം എക്സൈസ് സര്‍ക്കിള്‍ പാര്‍ട്ടി കണ്ടെടുക്കുന്ന നാലാമത്തെ കഞ്ചാവ് കേസാണിത്. കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ കെ.സുരേഷ് ബാബുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷാഡോസംഘം നടത്തിയ തിരച്ചിലിലാണ് പ്രതികള്‍ പിടിയിലായത്. പ്രതിക്ക് കഞ്ചാവ് നല്‍കുന്നവരെപ്പറ്റി അന്വേഷണം തുടങ്ങിയതായി എക്സൈസ് സിഐ വി.രാജേഷ് പറഞ്ഞു. റെയ്ഡില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ജെ. പി. ആന്‍ഡ്രൂസ്, വിജയന്, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ഫ്രാന്‍സിസ് ബോസ്കോ, പ്രിവന്റീവ് ഓഫീസറായ നിഷാദ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുരേഷ് ബാബു, ബിജുമോന്, സതീഷ് ചന്ദ്രന്, രാജു, രഞ്ജിത്, ദിലീപ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: