വണ്ടിപ്പെരിയാര്‍ സിഎച്ച്‌സി: പുതിയ നില തുറക്കുന്നില്ല

Wednesday 30 November 2016 9:27 pm IST

പീരുമേട്: വണ്ടിപ്പെരിയാര്‍ സിഎച്ച്‌സിയില്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച കെട്ടിടം രണ്ട് വര്‍ഷം കഴിഞ്ഞിട്ടും രോഗികള്‍ക്കായി തുറന്നു കൊടുക്കുന്നില്ല. അഴുത ബ്ലോക്ക് പഞ്ചായത്ത് 28 ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. നാല്‍പ്പതോളം രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ഇവിടെ ലഭ്യമാണ്. തോട്ടംമേഖലയും കാര്‍ഷിക മേഖലയും ഉള്‍പ്പെടുന്ന ഇവിടങ്ങളിലെ ജനങ്ങള്‍ക്ക് ഏക ആശ്രയമാണ് ഇവിടുത്തെ സാമൂഹ്യ ആരോഗ്യ കേന്ദ്രം. ദിവസേന നാനൂറിലധികം രോഗികളാണ് ഇവിടെ ചികിത്സ തേടി എത്തുന്നത്. കൂടാതെ ഗവിയില്‍ നിന്നുമുള്ള രോഗികളും ഇവിടെ ചികിത്സ തേടി എത്തുന്നുണ്ട്. കെട്ടിടം രോഗികള്‍ക്കായി തുറന്ന് കൊടുക്കാത്തത് ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് ലഭിക്കാത്തതിനാലാണെന്നാണ് അധികൃതര്‍ പറയുന്നത്. ഇതിനായി ബ്ലോക്ക് പഞ്ചായത്ത് നിരവധി തവണ ബന്ധപ്പെട്ടിരുന്നു. ശബരിമലയിലേക്ക് പുല്ലുമേട് വഴി പോകുന്ന തീര്‍ത്ഥാടകര്‍ പ്രധാന ഘട്ടങ്ങളില്‍ ഇവിടെയാണ് ചികിത്സതേടി എത്തുന്നത്. എത്രയും വേഗം പുതിയ ബ്ലോക്ക് ആശുപത്രിക്കായി തുറന്ന് നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.