വിനോദ് കുമാറിന്റെ കൊലപാതകത്തിന് ഇന്ന് മൂന്ന് വയസ്സ്

Wednesday 30 November 2016 10:13 pm IST

പയ്യന്നൂര്‍: ആര്‍എസ്എസ് പയ്യന്നൂര്‍ നഗര്‍ കാര്യവാഹകായിരുന്ന സി.എം.വിനോദ് കുമാറിനെ മാര്‍ക്‌സിസ്റ്റ് അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷം തികയുന്നു. 2013 ഡിസംബര്‍ 1 ന് കണ്ണൂരില്‍ നടന്ന ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കാന്‍ കണ്ണൂരിലേക്ക് പുറപ്പെട്ട വിനോദ് അടക്കമുള്ള സംഘപരിവാര്‍ പ്രവര്‍ത്തകരെ വാഹനം തടഞ്ഞുനിര്‍ത്തി പയ്യന്നൂര്‍ പെരുമ്പയില്‍ വെച്ച് സിപിഎം അക്രമിസംഘം അക്രമിക്കുകയും വിനോദിനെ മൃഗീയമായി കൊലപ്പെടുത്തുകയുമായിരുന്നു. പയ്യന്നൂരിന്റെ സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന വിനോദ് കക്ഷിരാഷ്ട്രീയത്തിനതീതമായി ജനങ്ങള്‍ക്കിടയില്‍ ഏറെ സ്വാധീനമുള്ള വ്യക്തിയായിരുന്നു. വിനോദ് കുമാറിന്റെ സൗമ്യമായ പ്രവര്‍ത്തനത്തിലൂടെ നിരവധി ചെറുപ്പക്കാര്‍ സിപിഎമ്മും പോഷക സംഘടനകളുമായുള്ള ബന്ധം ഉപേക്ഷിച്ച് സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതിലുള്ള അസഹിഷ്ണുത കാരണം മാര്‍ക്‌സിസ്റ്റ് ക്രിമിനലുകള്‍ വിനോദിനെ ഇല്ലാതാക്കുകയായിരുന്നു. ഡിവൈഎഫ്‌ഐയുടെ സംസ്ഥാന നേതാവ് അഡ്വ.സന്തോഷ്, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി സരിന്‍ ശശി ഉള്‍പ്പെടെയുള്ളവര്‍ വിനോദിന്റെ കൊലപാതകക്കേസില്‍ പ്രതികളാണ്. കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്ത പോലീസ് കുറ്റപത്രം പയ്യന്നൂര്‍ കോടതിയില്‍ സമര്‍പ്പിച്ചു കഴിഞ്ഞിട്ടുണ്ട്. വിനോദ് കുമാറിന്റെ ബലിദാന ദിനാചരണത്തിന്റെ ഭാഗമായി ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ പയ്യന്നൂര്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് സാംഘിക്കും നടക്കും. സാംഘിക്കിലും രാവിലെ 9 മണിക്ക് നടക്കുന്ന പുഷ്പാര്‍ച്ചനയിലും സംഘപരിവാര്‍ നേതാക്കളും പ്രവര്‍ത്തകരും സംബന്ധിക്കും. കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍.മധു സാംഘിക്കില്‍ മുഖ്യപ്രഭാഷണം നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.