സ്വത്വം അടിമപ്പെടുത്തലല്ല സ്വാതന്ത്ര്യം : കെ.പി.ശശികല ടീച്ചര്‍

Wednesday 30 November 2016 10:10 pm IST

മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ ഹിന്ദു ഐക്യവേദി നടത്തിയ പഴശ്ശിവീരാഹൂതി ദിനാചര പരിപാടിയില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ സംസാരിക്കുന്നു. മാനന്തവാടി : സ്വത്വം അടിമപ്പെടുത്തലല്ല സ്വാതന്ത്ര്യമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. വീരകേരള വര്‍മ്മ പഴശ്ശിരാജാവിന്റെ 212ാം വീരാഹൂതി ദിനാചരണത്തില്‍ മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ നടന്ന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. അവഗണിക്കപ്പെട്ട സ്മാരകത്തെ ദേശസ്‌നേഹികള്‍ ഉണര്‍ത്തി ഉയിരേകിയെങ്കിലും രാജാവ് നല്‍കിയ പോരാട്ടത്തിന്റെ സ്വത്വം നിലനിര്‍ത്താന്‍ പിന്നീടായില്ല. ഭാരതം ഭാരതീയര്‍ക്കുള്ളതാണെന്ന കാഴ്ച്ചപ്പാട് ഓരോ ഭാരതീയനിലും ഇനിയും ഉണരേണ്ടിയിരിക്കുന്നു. ബ്രിട്ടീഷ് പടയെ പോരാടി ജയിച്ച പഴശ്ശിരാജാവിന്റെ പേരില്‍ വയനാട്ടില്‍ ഒരു സ്ഥല നാമമില്ല. എന്നാല്‍ ക്ഷേത്രങ്ങള്‍ കൊള്ളയടിച്ച് ഹിന്ദുക്കളെ മതം മാറ്റി സ്ത്രീകളെ അപമാനിച്ച ടിപ്പുവിന്റെ പേരില്‍ വയനാട്ടില്‍ തന്നെ സുല്‍ത്താന്‍ ബത്തേരിയുണ്ട്. വൈദേശികാധിപത്യത്തിന്റെ പ്രതീകമായിരുന്ന വൈസ്രോയീ ഭവനം, വിക്ടോറിയാ രാഞ്ജിയുടെ പേരിലുള്ള റെയില്‍വേ സ്‌റ്റേഷന്‍ എന്നിവയെല്ലാം സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ നിലവില്ലില്ലാതെയായി. പകരം ഛത്രപതി ശിവജിയുടെയും മറ്റും പേരുകളിലായി ഇവ. എന്നാല്‍ നാല് കുതിരകളെ കെട്ടിയ സ്ഥലത്തിന് സുല്‍ത്താന്‍ ബത്തേരി എന്ന നാമം അവശേഷിക്കുന്നു. ബ്രിട്ടീഷുകാര്‍ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയം സ്വീകരിച്ചതുപോലെ അഭിനവ ഭരണാധികാരികള്‍ ടിപ്പുവിന്റെ പേരില്‍ ഭിന്നിപ്പിച്ചു ഭരിക്കാനും സംഘര്‍ഷമുണ്ടാക്കാനും ശ്രമിക്കുന്നു. ഗ്രാമഗ്രാമാന്തരങ്ങളില്‍ നടന്ന പോരാട്ടത്തിന്റെ ഫലമായാണ് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത്. അത് പലരും വിസ്മരിക്കുന്നു. പഴശ്ശിരാജാവിനു വേണ്ടി ആയുധമേന്തിയ വനവാസികളും ചരിത്രത്താളുകളില്‍ നിന്നും പിഴുതുമാറ്റപ്പെടുന്നു. ആശയ പ്രചരണത്തിലൂടെയാണ് സ്വാതന്ത്ര്യം ലഭിച്ചതെന്ന് ചിലര്‍ തെറ്റിദ്ധരിപ്പിക്കുന്നു. കേരളത്തില്‍ സ്വതന്ത്രമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പറ്റാത്ത പാര്‍ട്ടി ഗ്രാമങ്ങളുണ്ട്. അമ്പതോളം കലാലയങ്ങളില്‍ ആശയ പ്രചരണങ്ങളും സാധ്യമല്ല. ഇതില്‍ നിന്നുള്ള സ്വതന്ത്ര്യമാണ് നാം ആര്‍ജ്ജിക്കേണ്ടതെന്നും ടീച്ചര്‍ പറഞ്ഞു. മാനന്തവാടി മാതാ അമൃതാനന്ദമയി മഠാധിപതി സ്വാമി അക്ഷയാമൃത ചൈതന്യ ദീപ പ്രോജ്ജ്വലനം നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് സി.പി.വിജയന്‍ അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ഹരിദാസ്, സംസ്ഥാന സമിതിയംഗം കെ.പ്രഭാകരന്‍, സി.പി.ജഗന്നാഥ്കുമാര്‍, താലൂക്ക് പ്രസിഡന്റ് കെ.രാധാകൃഷ്ണന്‍, വി.പി.മോഹനന്‍, സി.കെ.ഉദയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ പാരമ്പര്യ വൈദ്യന്മാരായ വെള്ളന്‍ വൈദ്യര്‍, കുഞ്ഞിരാമന്‍ വൈദ്യര്‍, രാജന്‍ വൈദ്യര്‍, സുനില്‍ വൈദ്യര്‍ എന്നിവരെ ആദരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.