എയ്ഡ്‌സ്: പ്രതിരോധ ജാഗ്രതയുടെ ദിനം

Sunday 9 April 2017 11:28 am IST

ഓരോ കാലത്ത് ഓരോ ദുര്‍വിധിപോലെ രോഗബാധ വരും.പ്‌ളേഗും ക്ഷയവും അങ്ങനെയായിരുന്നു.ജീവനെ മുടിക്കാന്‍ വന്ന മരണത്തിന്റെ മറുപേരുപോലെ മാരക രോഗങ്ങള്‍.പിന്നേയും വന്നു, കാന്‍സര്‍, എയ്ഡ്‌സ്. ലോകം പരിഷ്‌കൃതമാകുമ്പോള്‍ അതിലും പരിഷ്‌ക്കാരമുള്ള പേര്. പക്ഷേ പ്രാകൃതാവസ്ഥപോലെ രോഗവും മരണവും . രോഗങ്ങള്‍ക്കു മുന്നില്‍ മനുഷ്യന്‍ തളരുമ്പോള്‍ എയ്ഡ്‌സിനു മുന്നില്‍ ലോകം തന്നെ തകര്‍ന്നിരിക്കുന്നു.എല്ലാ സാന്ത്വനത്തിനും ആശ്വാസങ്ങള്‍ക്കുമപ്പുറം എയ്ഡ്‌സ് മനുഷ്യ ശരീരത്തെ വലിഞ്ഞു മുറുക്കി ചുള്ളിക്കമ്പുപോലെ ശോഷിപ്പിച്ച് ഭീതിതമായ മരണത്തിലേക്കു വലിച്ചുകൊണ്ടുപോകുന്നു.എയ്ഡ്‌സിനുള്ള മരുന്ന് ഇന്നും വൈദ്യ ശാസ്ത്രത്തിന്റെ ലാബുകളില്‍ നീണ്ട സ്വപ്‌നമായവശേഷിക്കുന്നു.ഇന്ന് ലോക എയ്ഡ്‌സ് ദിനമാകുമ്പോള്‍ കൂടുതല്‍ ആശങ്കയിലും അതിനെക്കാള്‍ രോഗ പ്രതിരോധ ജാഗ്രതയിലുമാണ് ലോകം. മനുഷ്യന്റെ നിലതെറ്റിയ ജീവിതത്തിന് പാപത്തിന്റെ ശമ്പളമാണോ എയ്ഡ്‌സ്. അങ്ങനെയാണ് പറയപ്പെടുന്നത്. വഴിവിട്ട സ്ത്രീ പുരുഷ ബന്ധങ്ങളുടെ തിമിര്‍പ്പില്‍ ശരീരത്തില്‍ ഒളിച്ചു കളിക്കുന്ന ഒരു വൈറസായി എയ്ഡ്‌സ് കടന്നുവരാം. പിന്നെ രോഗ പ്രതിരോധ ശേഷി അപ്പാടെ നശിപ്പിച്ച് മനുഷ്യനെ വിവിധ രോഗങ്ങല്‍ക്കു അടിമയാക്കി മരണത്തിന്റെ വായിലേക്കു തള്ളിവിടുന്നു. സ്വവര്‍ഗരതി, ഒരേ സിറിഞ്ച് ഉപയോഗിച്ച് ലഹരി ഉപയോഗിക്കല്‍, ശരിയായ പരിശോധനയില്ലാതെ രക്തദാനവും സ്വീകരിക്കലും രോഗ ബാധിതയായ അമ്മയില്‍ നിന്നും വൈറസ് കുഞ്ഞിലേക്ക് ഇങ്ങനെ രോഗങ്ങള്‍ക്കിരയാകുന്നവര്‍ നിരവധി. 1984 ല്‍ അമേരിക്കയിലാണ് എയ്ഡ്‌സ് എന്ന കൊലയാളി വൈറസിനെ ആദ്യമായി കണ്ടെത്തിയത്. അക്വയേര്‍ഡ് ഇമ്മ്യൂണ്‍ ഡെഫിഷ്യന്‍സി സിന്‍ഡ്രോം എന്നാണ് എയ്ഡ്‌സിന്റെ പൂര്‍ണ്ണനാമം. ഈ രോഗത്തിനു കാരണമാകുന്ന വൈറസിന് എച്ച്‌ഐവി എന്നു പേര്. അമേരിക്കയിലാണ് കണ്ടെത്തിയതെങ്കിലും ദക്ഷിണാഫ്രിക്കയാണ് ഈ രോഗംകൊണ്ട് കൂടുതല്‍ പേടിപ്പെടുന്ന രാജ്യം. പ്രതി വര്‍ഷം 12ലക്ഷംപേരാണ് എയ്ഡ്‌സ് ബാധിച്ചു മരിക്കുന്നത്. ലോകത്ത് 3കോടിയിലധികം എച്ച്െഎവി ബാധിതരുള്ളപ്പോള്‍,2015ലെ കണക്കു പ്രകാരം ഭാരതത്തില്‍ 21 ലക്ഷം പേരാണ് ഈ രോഗത്തിന് അടിമകളായവര്‍. ഇതുവരെ എയ്ഡ്‌സ് ബാധിച്ചു കേരളത്തില്‍ മരിച്ചത് 4673-പേരാണ്. സംസ്ഥാനത്ത് 2016-ല്‍ ഈ രോഗം പിടിപെട്ടിട്ടുള്ളത് 1199-പേര്‍ക്കാണ്. എയ്ഡ്‌സ് പിടിച്ചാലുണ്ടാകുന്ന ദുരിതത്തെക്കാള്‍ ഇരട്ടിയാണ് സ്വന്തം വീട്ടില്‍ നിന്നും സമൂഹത്തില്‍ നിന്നും അനുഭവിക്കേണ്ടി വരുന്ന പ്രശ്‌നങ്ങള്‍. അവഗണനയും ഒറ്റപ്പെടലും ചാകാതെ ചാകുന്ന അവസ്ഥ. പാപം നിറഞ്ഞ രഹസ്യരോഗം എന്നരീതിയില്‍ വെറുക്കപ്പെടുകയാണ് ഇവര്‍. ഇങ്ങനെ വെറുക്കപ്പെടേണ്ടവരല്ല ഇവരെന്നു സമൂഹത്തെ ബോധ്യപ്പെടുത്താനും ഈ മാരകരോഗത്തിനെതിരെ ജാഗ്രത പാലിക്കാനുമാണ് എയ്ഡ്‌സ് ദിനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.