അഷ്ടാംഗ യോഗം

Thursday 1 December 2016 8:44 pm IST

നമ്മുടെ ശരീരത്തിന് അനവധി അംഗങ്ങളുള്ളതുപോലെ യോഗത്തിന് എട്ട് അംഗങ്ങളുണ്ടെന്ന് പതഞ്ജലിമഹര്‍ഷി സ്ഥാപിക്കുന്നു. അവയ്ക്ക് അഷ്ടാംഗയോഗം എന്നു പറയുന്നു. അവ യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണ്. 1) യമം എന്നാല്‍ ഇന്ദ്രിയങ്ങളുടെ നിരോധമാണ്. പുറത്തേക്ക് അലഞ്ഞുനടക്കുന്ന ഇന്ദ്രിയങ്ങള്‍ അഞ്ചും മനസ്സിലേക്ക് പലതിനെയും കൊണ്ടുവരികയും അതിലോക്കെ മനസ്സ് ഇടഞ്ഞ് ഏകാഗ്രബുദ്ധി നഷ്ടപ്പെടുകയും മറ്റു ക്ലേശങ്ങള്‍ക്ക് അടിമപ്പെടുകയും ചെയ്യും. അതുകൊണ്ട് ഇന്ദ്രിയങ്ങളെ അടക്കിനിറുത്തുക. (ഗീത 2-ാം അദ്ധ്യായം 62, 63 ശ്ലോകങ്ങള്‍ ശ്രദ്ധിക്കുക). 2) നിയമം മാനസികശുദ്ധി കൈവരിക്കാന്‍ സ്വീകരിക്കേണ്ട നിഷ്ഠകളാണ്. ശൗചം- (ആന്തരികവും ബാഹ്യവുമായ ശുദ്ധി), സന്തോഷം (സംതൃപ്താവസ്ഥ), തപസ്സ് (സംയമനം), സ്വാദ്ധ്യായം (സ്വയമുള്ള പഠനം), ഈശ്വരപ്രണിധാനം (ഈശ്വരന് കീഴടങ്ങല്‍) ഇവയൊക്കെ നിയമത്തിന് പ്രേരകങ്ങളാണ്. 3) ആസനം എന്നാല്‍ ശരീരത്തിന് വേദനയോ അസ്വസ്ഥതയോ തോന്നാതെ സുഖം തോന്നുന്ന തരത്തിലുള്ള ഇരിപ്പാണ്.‘''സ്ഥിരസുഖമാസനം'' എന്നു പതഞ്ജലി പറഞ്ഞതനുസരിച്ച്, സുഖംതോന്നുന്നതരത്തില്‍ വളരെനേരം ഒരേയിരിപ്പില്‍ ഇരിക്കാന്‍ സാധിച്ചാല്‍ അതാണ് ആസനം. 4) പ്രാണായാമം ശ്വാസോച്ഛ്വാസ നിയന്ത്രണമാണ്. പ്രാണ+ ആയാമമാണ് പ്രാണായാമം. ആയാമം എന്നാല്‍ തടയല്‍ നീട്ടിവയ്ക്കല്‍ എന്നൊക്കെ അര്‍ത്ഥം. പ്രാണനെ ഉള്ളിലേക്ക് എടുത്തിട്ട് പുറത്തേക്ക് വിടാതെ ഉള്ളില്‍ നിലനിര്‍ത്തുന്നത് (കുംഭകം) ആണ് പ്രാണായാമം. 5) പ്രത്യാഹാരം എന്നാല്‍ ബാഹ്യമായ വിഷയങ്ങളില്‍നിന്ന് മനസ്സിനെ പിന്നോട്ടു വലിക്കലാണ്. യോഗാഭ്യാസവേളയില്‍ മനസ്സ് വേറെ പരിപാടികളിലോ പദ്ധതികളിലോ ബാഹ്യമായ ഏതെങ്കിലും വസ്തുക്കളിലോ അലയാതിരിക്കേണ്ടതാണ്. 6) ധാരണ എന്നാല്‍ ഏതെങ്കിലും ഒന്നില്‍ ശ്രദ്ധകേന്ദ്രീകരിക്കലാണ്. യോഗാസന പരിശീലനവേളയില്‍ ഓരോ ആസനത്തിനും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളതുപോലെ ശരീരഭാഗങ്ങളിലോ അംഗങ്ങളിലോ ശ്രദ്ധകേന്ദ്രീകരിക്കലാണ് ധാരണ. 7) ധ്യാനം എന്നാല്‍ ഏകാഗ്രചിന്തയുടെ ഇടമുറിയതെയുള്ള അവസ്ഥ. എണ്ണ ഒഴുകുന്നതുപോലെ (നാരദഭക്തിസൂത്രത്തില്‍ പറഞ്ഞിട്ടുള്ളതുപോലെ-'തൈലധാരാവത്') ധാരണ ഇടമുറിയാതെ നീണ്ടുനില്‍ക്കുന്നത് ധ്യാനം. 8) സമാധി എന്നാല്‍ സര്‍വ്വോല്‍ക്കൃഷ്ടവും കേവലവുമായ ഏകതാനതയിലെ ലയമാണ്. യോഗാസനശീലത്തിന്റെ പരമമായ ലക്ഷ്യവും അതാണ്. ധ്യാനത്തെ മെഡിറ്റേഷന്‍ എന്നു സാധാരണ പറയാറുള്ളത് ശരിയല്ലെന്നും നേരെമറിച്ച് അതു കംടെംപ്ലേഷനാണെന്നും മെഡിറ്റേഷനെന്നുള്ളത് സമാധിയാണെന്നും സ്വാമി ചിന്മയാനന്ദ പലയാവൃത്തി നമ്മെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. കംടെംപ്ലേഷന്‍ ഒരു ക്രിയയും മെഡിറ്റേഷന്‍ ഒരു പദവി അഥവാ ലക്ഷ്യസ്ഥാനമാണെന്നും മനസ്സിലാക്കണം. കോണ്‍ടെംപ്ലേറ്റ് ചെയ്യുക എന്നു പറയാം; എന്നാല്‍ മെഡിറ്റേറ്റ് ചെയ്യുക എന്നു പറയാന്‍ പാടില്ല. എന്തെന്നാല്‍ അതൊരു ക്രിയയല്ല. നമ്മള്‍ സഞ്ചരിക്കുമ്പോള്‍ നമ്മുടെ എല്ലാ അംഗങ്ങളും ശരീരത്തോടൊപ്പം ചലിക്കുന്നതുപോലെ, യോഗാഭ്യാസി യോഗം ശീലിക്കുമ്പോള്‍ അഷ്ടാംഗയോഗമാര്‍ഗങ്ങളും കൂടെ ശീലിക്കേണ്ടതാണ്. യോഗാസനം ശീലിക്കാനാരംഭിക്കുന്ന വ്യക്തി ബാഹ്യമായി പൊരുത്തപ്പെടുന്നതും പ്രേരകവുമായ ചില കാര്യങ്ങള്‍കൂടി ശീലിക്കേണ്ടതുണ്ട്. അവ യമത്തോടൊപ്പം ശീലിക്കേണ്ടവയാണ്. 1)അഹിംസ- മനസ്സാ, വാചാ, കര്‍മ്മണാ ആരെയും ഉപദ്രവിക്കാതിരിക്കുക. 2) സത്യം- പറയുന്നതും പ്രവര്‍ത്തിക്കുന്നതും സത്യമായിരിക്കുക. 3) ബ്രഹ്മചര്യം- ലൈംഗികവും ഇതരവുമായ ആത്മനിയന്ത്രണം. 4) അപരിഗ്രഹം- വളരെ അത്യാവശ്യമുള്ളതൊഴിച്ച് അന്യര്‍ തരുന്നതെല്ലാം സ്വീകരിക്കാതിരിക്കുക. 5) അസ്‌തേയം- മോഷ്ടിക്കാതിരിക്കുക. പതഞ്ജലി പറയുന്നു- ‘''യോഗാംഗ അനുഷ്ഠാനാദ് അശുദ്ധിക്ഷയഃ ജ്ഞാനദീപ്തിര്‍ ആവിവേകഖ്യാതേഃ''-’അഷ്ടാംഗയോഗമനുഷ്ഠിച്ചാല്‍ അശുദ്ധികള്‍ ദൂരീകരിക്കപ്പെടുകയും ആത്മപ്രകാശമുണ്ടാവുകയും അത് വിജ്ഞാനത്തിലേക്ക് നമ്മെ എത്തിക്കുകയും ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.