സിപിഎമ്മിന്റേത് വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രം: സികെപി

Thursday 1 December 2016 8:47 pm IST

കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനാചരണ സമ്മേളനം ബിജെപി ദേശീയ നിര്‍വ്വാഹക
സമിതിയംഗം സി.കെ. പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: സിപിഎമ്മിന്റേത് വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രമാണെന്നും സമൂഹത്തെ ഒന്നായി കാണാന്‍ അവര്‍ക്ക് കഴിയില്ലെന്നും ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം സി.കെ. പത്മനാഭന്‍. യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തെ വര്‍ഗ്ഗങ്ങളായി തിരിച്ച് സംഘര്‍ഷമുണ്ടാക്കി നേട്ടമുണ്ടാക്കാനാണ് സിപിഎം ശ്രമം. സമൂഹത്തെ ഒരിക്കലും ഒന്നായി കാണാന്‍ അവര്‍ക്കു കഴിയില്ല.തമ്മിലടിപ്പിച്ച് മുതലെടുപ്പാണ് അവരുടെ പ്രത്യയശാസ്ത്രം. നേതാക്കള്‍ ഇന്നും നടപ്പാക്കുന്നത് ഇതുതന്നെയാണെങ്കിലും അണികളില്‍ മാറ്റമുണ്ടായിത്തുടങ്ങിയതായി അദ്ദേഹം പറഞ്ഞു.
അക്രമത്തെ വ്യവസായമായി കാണുന്ന പ്രസ്ഥാനമാണ് സിപിഎം. രാഷ്ട്രീയ പ്രവര്‍ത്തനത്തെ ലാഭകരമായ ബിസിനസ്സായി കാണുന്നവരാണ് സിപിഎമ്മുകാര്‍. ലാഭ നഷ്ടങ്ങള്‍ നോക്കിയാണ് അവരുടെ പ്രവര്‍ത്തനം. അതുകൊണ്ടുതന്നെ രാഷ്ട്ര പുരോഗതിക്കായി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ബിജെപി- സംഘ പരിവാര്‍ പ്രസ്ഥാനങ്ങള്‍ എന്നും അവരുടെ കണ്ണിലെ കരടാണ്. ചരിത്രത്തില്‍ നിന്നും ഒരു പാഠവും പഠിക്കാത്ത പ്രസ്ഥാനമാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി. എതിരാളികളെ ശത്രുക്കളായി കണ്ടാണ് അവര്‍ വേട്ടയാടുന്നത്. ബിജെപിക്ക് ശത്രുക്കളില്ല, പ്രതിയോഗികള്‍ മാത്രമേയുളളൂ.
കേരളത്തില്‍ ഇന്ന് രാഷ്ട്രീയ പരിവര്‍ത്തനത്തിന് തുടക്കം കുറിച്ചുകഴിഞ്ഞു. മാര്‍ക്‌സിസ്റ്റു പാര്‍ട്ടിക്ക് ഒപ്പം നില്‍ക്കുന്നവര്‍പോലും അവരുടെ അക്രമങ്ങളെ തള്ളിപ്പറഞ്ഞുകഴിഞ്ഞു. സിപിഎം അധികാരത്തിലേറുമ്പോളൊക്കെ ത്തന്നെ കേരളത്തെ കലാപഭൂമിയാക്കി മാറ്റും. കണ്ണൂരില്‍ കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററടക്കം നിരവധി സംഘ പരിവാര്‍ പ്രവര്‍ത്തകര്‍ക്കാണ് ജീവന്‍ ബലികഴിക്കേണ്ടി വന്നത്. അക്രമത്തിലൂടെയും കൊലപാതകങ്ങളിലൂടെയും ഒരു പ്രസ്ഥാനത്തെയും ഇല്ലായ്മ ചെയ്യാന്‍ കഴിയില്ല. നിവൃത്തിയില്ലാതെ വരുമ്പോഴാണ് പ്രതിരോധമുണ്ടാകുന്നത്. ഇതിനെ ആര്‍എസ്എസ് അക്രമമെന്ന് പറഞ്ഞ് ചിലര്‍ കൊട്ടിഘോഷിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജയകൃഷ്ണന്‍ മാസ്റ്ററെ കൊന്നതിന്റെ ഗൂഢാലോചനക്കാരിലേക്ക് അന്വേഷണം നീണ്ടാല്‍ കേരളം ഭരിക്കുന്ന മുഖ്യമന്ത്രി വരെ പൂജപ്പുരയില്‍ അഴിയെണ്ണേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. വയലില്‍ പണിയെടുത്താന്‍ വരമ്പത്തുകൂലിയെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗമാണ് അണികള്‍ക്ക് ആവേശം പകര്‍ന്നത്. ബിജെപിക്ക് ഒരിക്കലും ഇത്തരത്തിലൊരു നിലപാട് സ്വീകരിക്കാന്‍ കഴിയില്ല. ജനാധിപത്യരീതിയിലാണ് ബിജെപിയുടെ പ്രതിഷേധം. മൃഗങ്ങളെപ്പോലും നാണം കെടുത്തുന്നതാണ് സിപിഎം കാപാലികത്വമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്. സാജന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ദക്ഷിണ മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, ജില്ലാ പ്രസിഡന്റ് കെ. സോമന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ. ജയകുമാര്‍, ഡി. അശ്വനീദേവ്, ജില്ലാ സെക്രട്ടറി എം.വി. ഗോപകുമാര്‍, യുവമോര്‍ച്ച നേതാക്കളായ എച്ച്. ഹര്‍ഷന്‍, അജി ആര്‍. നായര്‍, അഡ്വ. വി. സുദീപ്, സുസ്മിത, സ്റ്റാലിന്‍, പ്രമോദ് കാരക്കാട്, രഞ്ജിത്ത്, അനീഷ്, ഉമേഷ് സേനാനി തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.