അയ്യപ്പ മഹാസത്രത്തിന് ഇന്ന് തിരി തെളിയും

Thursday 1 December 2016 8:49 pm IST

ചേര്‍ത്തല: കടക്കരപ്പള്ളി പടിഞ്ഞാറേ കൊട്ടാരം ക്ഷേത്രത്തിലെ അയ്യപ്പ മഹാസത്രത്തിന് ഇന്ന് തിരി തെളിയും. സത്രത്തില്‍ പങ്കെടുക്കാനെത്തുന്ന ഭക്തര്‍ക്ക് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് ചെയര്‍മാന്‍ എന്‍. ഗോപാലകൃഷ്ണന്‍ നായര്‍, ജനറല്‍ കണ്‍വീനര്‍ എം.ആര്‍. കരുണാകരക്കുറുപ്പ്, പള്ളിപ്പുറം പരമേശ്വരക്കുറുപ്പ്, എസ്. ശ്രീകുമാര്‍, വി. ശ്രീകുമാര്‍, ഡി. ചന്ദ്രന്‍ എന്നിവര്‍ പറഞ്ഞു. സത്രവേദിയില്‍ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹവും ധ്വജവുമായി ശബരിമലയില്‍ നിന്നും ഗുരുവായൂരില്‍ നിന്നും പുറപ്പെട്ട രഥ ഘോഷയാത്രകള്‍ ഇന്ന് പുതിയകാവ് ക്ഷേത്രത്തില്‍ എത്തിച്ചേരും. ഉച്ചയ്ക്ക മൂന്നിന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സത്രവേദിയിലെത്തും. പുലിയന്നൂര്‍ മനയ്ക്കല്‍ ശശി നമ്പൂതിരിപ്പാട് യജ്ഞശാലയില്‍ അയ്യപ്പ വിഗ്രഹം പ്രതിഷ്ഠിക്കും. തുടര്‍ന്ന് നടക്കുന്ന സത്രസമാരംഭ സഭ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി പി. തിലോത്തമന്‍ അദ്ധ്യക്ഷത വഹിക്കും. കെ.സി. വേണുഗോപാല്‍ എംപി വിഭവസമാഹരണം ഉദ്ഘാടനം ചെയ്യും. ശാന്തിഗിരി ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി അനുഗ്രഹ പ്രഭാഷണവും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണവും നടത്തും. എ.എം. ആരിഫ് എംഎല്‍എ സിഡി പ്രകാശനം നിര്‍വഹിക്കും. സത്രവേദിയില്‍ ശബരിമല മാതൃക നിര്‍മിച്ച രതീഷ് ബാബുവിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ആദരിക്കും. ചലച്ചിത്രതാരം ബാല വിശിഷ്ടാതിഥിയാകും. എന്‍എസ്എസ് ബോര്‍ഡ് ഡയറക്ടര്‍ അംഗം കെ. പങ്കജാക്ഷപ്പണിക്കര്‍ സത്രഡയറി പ്രകാശനം ചെയ്യും. എസ്എന്‍ഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.ടി. മന്മഥന്‍ ശബരിമല രഥയാത്രാ സംഘത്തെയും, ഗ്ലോബല്‍ നായര്‍ സേവാ സമാജം വൈസ് ചെയര്‍മാന്‍ ബാബു പണിക്കര്‍ ഗുരുവായൂര്‍ സംഘത്തെയും ആദരിക്കും. ഇതോടനുബന്ധിച്ച് കെഎസ്ആര്‍ടിസി സ്വകാര്യ ബസുകള്‍ പ്രത്യേക സര്‍വീസ് നടത്തും. പത്ത് ദിനങ്ങളിലായി നടക്കുന്ന സത്രത്തില്‍ അഞ്ച് ലക്ഷത്തോളം ഭക്തര്‍ പങ്കെടുക്കുമെന്നും, ദിവസേന പ്രമുഖര്‍ നയിക്കുന്ന വിദ്വല്‍ സദസ് ഒരുക്കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.