ദേശാഭിമാന വിധി

Friday 2 December 2016 10:24 am IST

''ഭാരതമെന്ന് കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തരംഗം...'' എന്ന് കവി പാടിയിട്ടുണ്ട്. പക്ഷെ ഭാരതീയ സങ്കല്‍പ്പത്തേക്കാള്‍ ഇന്ന് രാഷ്ട്രീയത്തിനാണ് പലരും പ്രാമുഖ്യം നല്‍കുന്നത്. ഈ പശ്ചാത്തലത്തില്‍ സിനിമാ തിയേറ്ററുകളില്‍ ദേശീയഗാനാലാപനം നിര്‍ബന്ധമാക്കി സുപ്രീംകോടതി ഉത്തരവിറക്കിയത് വളരെ സ്വാഗതാര്‍ഹം തന്നെയാണ്. സിനിമ ആരംഭിക്കും മുന്‍പ് സ്‌ക്രീനില്‍ ദേശീയ പതാക കാണിക്കണമെന്നും ദേശീയ ഗാനാലാപന സമയത്ത് എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്നുമാണ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബഞ്ച് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഭരണഘടനയുടെ 51-എ വകുപ്പ് അനുസരിച്ച് ദേശീയഗാനത്തിനും ദേശീയ പതാകയ്ക്കും ബഹുമാനം നല്‍കുക പൗരന്റെ കടമ തന്നെയാണ്. സ്വാതന്ത്ര്യാനന്തരം 1964 വരെ തിയറ്ററുകളില്‍ ദേശീയഗാനം ആലപിച്ചിരുന്നതാണ്. ധന കേന്ദ്രീകൃത മാനസികാവസ്ഥ രൂഢമൂലമായ സമൂഹത്തില്‍ പൗരന് എന്താണ് രാജ്യസ്‌നേഹം എന്നോ, ആരാണ് രാജ്യസ്‌നേഹി എന്നോ അറിയുകപോലുമില്ല. ഇപ്പോള്‍ ഇങ്ങനെ ഒരു ചര്‍ച്ച രാജ്യത്ത് സജീവമായതുപോലും നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതിനുശേഷമാണ്. ഇന്ന് നമ്മില്‍ പലരും മലയാളികളായിട്ടോ, തമിഴനായിട്ടോ ഗുജറാത്തിയായിട്ടോ ഒക്കെയാണ് സ്വയം വീക്ഷിക്കുന്നത്. ആദ്യമായിട്ടും അവസാനമായിട്ടും നാം ഓരോരുത്തരും ഭാരതീയരാണെന്ന് ദേശീയഗാനവിധിയിലൂടെ സുപ്രീംകോടതി ഉദ്‌ബോധിപ്പിക്കുന്നു. ദേശസ്‌നേഹത്തിന്റെ കുത്തക ബിജെപിക്ക് നല്‍കിയിട്ടില്ലെന്ന് ചിലര്‍ പ്രതികരിച്ചേക്കാം. പക്ഷെ രാഷ്ട്രീയരംഗത്ത് ദേശീയതയ്ക്കുവേണ്ടി നിലകൊള്ളുന്ന മറ്റൊരു പാര്‍ട്ടി ഇല്ല. ഭാരതത്തില്‍ വിഘടന ശക്തികള്‍-മാവോയിസ്റ്റ് ഭീകരര്‍ മുതലായവര്‍ ദേശീയതയ്‌ക്കെതിരെ അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ സുപ്രീംകോടതി ഇങ്ങനെ ഒരു വിധി പുറപ്പെടുവിച്ചത് സമയോചിതവും സ്വാഗതാര്‍ഹവുമാണ്. പ്രേക്ഷക മനസ്സ് സിനിമാസ്വാദനത്തിന് തയ്യാറെടുക്കുന്ന സമയത്ത് വെള്ളിത്തിരയില്‍ ദേശീയപതാക കാണിക്കുന്നതും ദേശീയ ഗാനം കേള്‍പ്പിക്കുന്നതും ആദ്യവും അവസാനവുമായി നാം ഭാരതീയരാണെന്ന സന്ദേശം നല്‍കും. ദേശീയഗാനം ദൈര്‍ഘ്യം കുറച്ച് പരസ്യങ്ങളില്‍ ഉപയോഗിക്കരുതെന്നും വസ്തുക്കളില്‍ അച്ചടിക്കരുതെന്നും വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും നിര്‍ദ്ദേശിക്കുമ്പോഴാണ് ദേശീയഗാനത്തിനും പതാകയ്ക്കും ബഹുമാനം നല്‍കുക എന്നത് പൗരന്റെ കടമയാണെന്ന് പരമോന്നത നീതിപീഠം ചൂണ്ടിക്കാണിച്ചത്. ഈ ബോധം നമ്മുടെ മനസ്സില്‍ ഉറപ്പിക്കാന്‍ വ്യത്യസ്ത കാഴ്ചപ്പാടോ, വ്യത്യസ്ത സംഘടനയോ തടസ്സമാകരുത്. ഭാരതത്തിന്റെ പൗരാണികവും ആധുനികവുമായ സംസ്‌കാരവും ചരിത്രവും ഐക്യവും അഖണ്ഡതയുമൊക്കെയാണ് ദേശീയഗാനം പാടിത്തീരുമ്പോള്‍ നാം ഓര്‍ക്കുക. ദേശീയ പതാക സിനിമ തിയേറ്ററുകളില്‍ ഉയരുമ്പോള്‍ ഓരോ പ്രേക്ഷകനും മനസ്സുകൊണ്ട് അതിനെ വന്ദിക്കും. അത് കൂട്ടായ്മയുടെ പ്രതീകമാണെന്ന് തിരിച്ചറിയുകയും ചെയ്യും. ചില ഭരണഘടനാ വിദഗ്ദ്ധര്‍ ഇത് കോടതിയുടെ പരിധിലംഘനമാണെന്ന് ഇതിനകം വിമര്‍ശിക്കാന്‍ തുടങ്ങിയിട്ടുണ്ട്. സോളി സോറാബ്ജി പറഞ്ഞത് ഇത് ജുഡീഷ്യല്‍ നിയമനിര്‍മാണമാണെന്നാണ്. ഉത്തരവ് ബിജെപി ലൈന്‍ ആണെന്ന് രാജീവ് ധവാനും പറയുന്നു. എന്നാല്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമാവുന്നതിന് മുന്‍പേ നാം ഓരോരുത്തരും ഭാരതത്തിലെ പൗരന്മാരാണ് എന്ന കാര്യം ഈ വിമര്‍ശകര്‍ കണക്കിലെടുത്തിട്ടില്ല. നിയമവിദഗ്ദ്ധര്‍ക്കിടയില്‍ വ്യത്യസ്തമായ അഭിപ്രായവുമുണ്ട്. കെ.കെ. വേണുഗോപാല്‍ പറഞ്ഞത് ദേശീയഗാനം അത് കേള്‍ക്കുന്നവരില്‍ ഒരുമ സൃഷ്ടിക്കുമെന്നാണ്. ഒരു ഭാരതീയ പൗരന്റെ പ്രഥമ കടമ മാതൃരാജ്യത്തിന്റെ ഉത്തമതാല്‍പര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുക എന്നതാണ്. ദേശീയഗാനത്തിന്റെ മഹത്വത്തിന് അടിവരയിട്ടുകൊണ്ടുള്ള ഇപ്പോഴത്തെ കോടതിവിധി ഇതിന് സഹായമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.