ആവല്‍ചിറ പാലം പണി പൂര്‍ത്തിയായിട്ടും അപ്രോച്ച്‌റോഡ് നിര്‍മാണത്തെച്ചൊല്ലി തര്‍ക്കം

Thursday 1 December 2016 10:05 pm IST

ഇരിങ്ങാലക്കുട : ജനങ്ങളുടെ ഏറക്കാലത്തെ മുറവിളിക്ക് ശേഷം കാറളത്ത് പാലം പണിതെങ്കിലും അപ്രോച്ച് റോഡ് നിര്‍മാണത്തെച്ചൊല്ലി തര്‍ക്കം. ഇതോടെ ദുരിതത്തിലായത് ജനങ്ങളാണ്. വെള്ളാനി കോഴിക്കുന്ന് ആവല്‍ചിറ പാലത്തിന്റെ പണി പൂര്‍ത്തിയായിട്ടും ഇതുവരെയും അപ്രോച്ച് റോഡ് നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. രേഖകളില്‍ പാലത്തിന്റെ ഉടമസ്ഥത പഞ്ചായത്തിനാണ്. അതിനാല്‍ അപ്രോച്ച് റോഡ് പഞ്ചായത്ത് തന്നെ നിര്‍മിക്കണമെന്നാണ് ജലസേചന വകുപ്പിന്റെ നിലപാട്. പാലം നിര്‍മിച്ചത് ജലസേചന വകുപ്പാണ്. അതുകൊണ്ട് അപ്രോച്ച്‌റോഡ് നിര്‍മിക്കേണ്ടതും ജലസേചന വകുപ്പാണെന്നാണ് കാറളം പഞ്ചായത്തിന്റെ നിലപാട്. ഇരുവരും തമ്മിലുള്ള തര്‍ക്കമാണ് അപ്രോച്ച് റോഡ് നിര്‍മിക്കാത്തതിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. 2.18 കോടി ചെലവഴിച്ച് കെ.എല്‍.ഡി.സി കനാലിന് കുറുകെ 600 മീറ്റര്‍ നീളത്തിലും ആറ് മീറ്റര്‍ വീതിയിലുമാണ് പാലം പണിതത്. രണ്ടുവര്‍ഷം മുമ്പ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും കാലാവസ്ഥ പ്രതികൂലമായതും കുടിവെള്ള പൈപ്പുകളുടെ ബലക്ഷയവും കാരണം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നീണ്ടു. കഴിഞ്ഞ വര്‍ഷം പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. എന്നാല്‍, അപ്രോച്ച് റോഡ് നിര്‍മിക്കാന്‍ തയാറാകാതെ കാറളം പഞ്ചായത്തധികൃതരും ജലസേചന വകുപ്പും കൈയൊഴിയുകയായിരുന്നുവെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. പാലത്തിന്റെ ഇരുകരയിലുമുള്ളവര്‍ക്ക് യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടേണ്ട അവസ്ഥയാണ്. കാറളം പഞ്ചായത്തിലെ 12, 14 എന്നീ രണ്ടു വാര്‍ഡുകളെ ബന്ധിപ്പിക്കുന്നതാണ് ഈപാലം. പുല്ലത്തറ ഭാഗത്തുള്ളവര്‍ക്ക് കാട്ടൂര്‍ മാര്‍ക്കറ്റ്, ആശുപത്രി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകണമെങ്കില്‍ ചുറ്റി വളഞ്ഞ് എട്ട് കിലോമീറ്റര്‍ സഞ്ചരിക്കണം. വെള്ളാനി പ്രദേശത്തുള്ളവര്‍ക്ക് കാറളം പഞ്ചായത്തോഫിസ്, സ്‌കൂള്‍, പുല്ലത്തറ ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലേക്ക് പോകാനും ഏറെ പ്രയാസമാണ്. മഴക്കാലത്ത് താല്‍ക്കാലികമായി മണ്ണിട്ട് നിര്‍മിച്ച അപ്രോച്ച് റോഡില്‍ ഏറെ അപകട സാധ്യതയും ഉണ്ട്. പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയെങ്കിലും അപ്രോച്ച് റോഡ് നിര്‍മിക്കാത്തതിനാല്‍ ഔദ്യോഗികമായി പാലത്തിന്റെ ഉദ്ഘാടനം നടത്താന്‍ സാധിക്കാത്ത അവസ്ഥയിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.