ശബരിമലയില്‍ ഇന്നു മുതല്‍ ആകാശ നിരീക്ഷണം

Thursday 1 December 2016 10:15 pm IST

ശബരിമല: സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സന്നിധാനത്തും പരിസരപ്രദേശങ്ങളിലും ഇന്നുമുതല്‍ ആകാശ നിരീക്ഷണ സംവിധാനമായ ഡ്രോണ്‍ പ്രവര്‍ത്തനം തുടങ്ങും സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി കേന്ദ്രസേനയും സംസ്ഥാന പോലീസും ചേര്‍ന്ന് തയ്യാറാക്കിയ സുരക്ഷാമാനുവലിന്റെ അടിസ്ഥാനത്തിലാണ് പുതിയ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ഏകീകൃതമായുള്ള നിര്‍ദ്ദേശം അനുസരിച്ചായിരിക്കും ഇരുസേനകളും ഇന്നുമുതല്‍ പ്രവര്‍ത്തിക്കുക. ഇതനുസരിച്ച് ഓരോഭാഗത്തും ഡ്യൂട്ടിയിലുള്ളവര്‍ക്ക് അവരവര്‍ ചെയ്യേണ്ട ചുമതലകള്‍ വിഭജിച്ച് നല്‍കി. ഭക്തജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി അവര്‍ക്ക് അപകടം ഉണ്ടാവാത്ത രീതിയില്‍ ഏതാക്രമണത്തെയും തടയുന്ന പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. രണ്ട് കമ്പനികളിലായി 250 കേന്ദ്ര സേനാംഗങ്ങളെയാണ് പമ്പയിലും സന്നിധാനത്തുമായി വിന്യസിച്ചിട്ടുള്ളത്. പമ്പ, നീലിമല, സന്നിധാനം പാതയിലും സ്വാമി അയ്യപ്പന്‍ റോഡിലും കേന്ദ്രസേനയുടെ പട്രോളിംഗ് ഉണ്ടാവും. മരക്കൂട്ടം, പാണ്ടിത്താവളം എന്നിവിടങ്ങളിലും വലിയ നടപ്പന്തലിന്റെ തുടക്കഭാഗത്തും കേന്ദ്രസേനയുടെ നിരീക്ഷണമുണ്ടാകും. പാണ്ടിത്താവളം, താഴെ തിരുമുറ്റം, വലിയനടപ്പന്തലിന് സമീപം, മരക്കൂട്ടം, പമ്പ, എന്നിവിടങ്ങളില്‍ മോര്‍ച്ച നിര്‍മ്മിച്ച് സായുധസേനാംഗങ്ങള്‍ രാപ്പകല്‍ കാവല്‍ നില്‍ക്കും. ഡിസംബര്‍ ആറിന്റെ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ട്രാന്‍സ്‌ഫോര്‍മറുകള്‍, വാട്ടര്‍ ടാങ്കുകള്‍ എന്നിവിയ്ക്ക് സുരക്ഷ ഏര്‍പ്പെടുത്താനും നീക്കമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.