ശബരിമല: ഭാരതത്തെ ഭാരതമാക്കുന്നത് ഹൈന്ദവ ദര്‍ശനങ്ങളാണെന്ന് പ്രശസ്ത സിനിമാ നിര്‍മ്മാതാവും ഗാനരചയിതാവും സംഗീത സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. അഖിലഭാരത അയ്യപ്പസേവാസംഘം ദുബായി ശാഖയുടെ ക്ഷേത്രരക്ഷാ പുരസ്കാരചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുധര്‍മ്മം എന്നാല്‍ ഭാരതീയ ദര്‍ശനങ്ങളാണ്. അത് സനാതനമാണ്. ധര്‍മ്മാധിഷ്ഠിതമാണ്. ശാസ്ത്രമാണ് സനാതന ധര്‍മ്മം. അഹം ബ്രഹ്മാസ്മി- എന്നത് സൂചിപ്പിക്കുന്നത് അതാണ്. ബ്രഹ്മം എന്നാല്‍ എനര്‍ജി എന്നാണ് അര്‍ത്ഥം.
ഞാന്‍ ബ്രഹ്മമാകുന്നു എന്നാല്‍ എന്നില്‍ എനര്‍ജി കുടികൊള്ളുന്നുവന്നാണ്. എനര്‍ജി അഥവാ ബ്രഹ്മത്തിന് മതമില്ല. മാറ്റവും നാശവുമില്ല. നാശം സംഭവിക്കുന്നത് ബ്രഹ്മം കുടികൊള്ളുന്ന ക്ഷേത്രങ്ങള്‍ അഥവാ ശരീരത്തിനാണ്.
അധുനിക ശാസ്ത്രം കണ്ടെത്തിയതില്‍ പലതും യാതൊരു ഉപകരണത്തിന്റെയും സഹായമില്ലാതെ ഭാരതത്തിലെ ഋഷിവര്യന്മാര് കാലങ്ങള്‍ക്ക് അപ്പുറത്ത് കണ്ടെത്തിയിരുന്നു. മനനം കൊണ്ടായിരുന്നു ഈ കണ്ടെത്തലുകള്‍. ഒരു കല്ലിനെ ചവിട്ടി നിന്ന് മറ്റൊരു കല്ലിനെ തൊഴുന്ന സംസ്കാരമാണ് നമ്മുടേത്. ഭാരതീയ ദര്‍ശനങ്ങള്‍ക്കൊപ്പം നിലനിന്നിരുന്ന സംസ്കാരങ്ങള്‍ക്ക് എല്ലാംതന്നെ നാശം സംഭവിച്ചു. നളന്ദയും തക്ഷശിലയും തച്ചുതകര്‍ത്തിട്ടും ഭാരതീയ ദര്‍ശനങ്ങള്‍ നശിച്ചില്ല.
പുരാണേതിഹാസങ്ങളിലെ കഥകളില്‍ വ്യാപൃതരാകാതെ അതില്‍ ഒളിഞ്ഞിരിക്കുന്ന ദര്‍ശനങ്ങളെ കണ്ടെത്താനാകണം. ശിവം അഥവാ ആത്മാവ് ഇല്ലെങ്കില്‍ ശവം, ഇതാണ് ഭാരതീയ തത്വം. ഊര്‍ജ്ജത്തിന്റെ വിവിധ ഭാവമാറ്റങ്ങള്പോലെ ബ്രഹ്മത്തിനും മാറ്റമുണ്ടാകും. പുല്ലിനും പുഴുവിനും ജീവന് നല്‍കുന്നതും ബ്രഹ്മമാണ്. ഭാരതീയ ദര്‍ശനങ്ങളെക്കുറിച്ച് പറയുന്നവരെല്ലാം ആര്എസ്സ്എസ്സുകാരാണെന്ന ധാരണ പരത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: