കായികോത്സവം നാളെ മുതല്‍

Thursday 1 December 2016 10:55 pm IST

മലപ്പുറം: അറുപതാമത് സംസ്ഥാന സ്‌കൂള്‍ കായിമേള നാളെ മുതല്‍ കാലിക്കറ്റ് സര്‍വ്വകലാശാല സ്റ്റേഡിയത്തില്‍ നടക്കും. സംസ്ഥാനത്തെ ഏറ്റവും പുതിയ സിന്തറ്റിക് ട്രാക്കാണിത്. നാളെ രാവിലെ ഒന്‍പതിന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ പതാക ഉയര്‍ത്തും. 3.30ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുമെന്നും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ പി. അബ്ദുല്‍ ഹമീദ് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. ഒളിമ്പ്യന്‍ പി.ടി.ഉഷ, ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ പി.എ. ശ്രീജേഷ് എന്നിവര്‍ വിശിഷ്ടാതിഥികളാവും. കായികമേള ലോഗോ രൂപകല്‍പ്പന ചെയ്ത ബാപ്പുട്ടി കോട്ടക്കലിന് ഒളിമ്പ്യന്‍ കെ.ടി.ഇര്‍ഫാന്‍ സമ്മാനം നല്കും. ഗ്രീന്‍ പ്രോട്ടോകാള്‍ പ്രകാരം നടക്കുന്ന മേള പ്ലാസ്റ്റിക് മുക്തമായിരിക്കും. ഇക്കൊല്ലംമുതല്‍ കായികമേള സ്‌കൂള്‍ കായികോത്സവം എന്ന പേരിലാണ് അറിയപ്പെടുക. ഭക്ഷണ ഹാളില്‍ സ്റ്റീല്‍ഗ്ലാസ്, പാത്രങ്ങളാണ് ഉപയോഗിക്കുക. കായികതാരങ്ങള്‍ക്ക് സസ്യ-സസ്യേതര ഭക്ഷണം ഒരുക്കും. അത്‌ലറ്റുകള്‍ താമസിക്കുന്ന 17 സ്‌കൂളുകളിലും സ്റ്റേഡിയത്തിലും മികച്ച സുരക്ഷ പൊലീസ് ഒരുക്കും. രണ്ടാം തീയതി ഫറോക്ക്, പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനിലെത്തുന്ന കായിക താരങ്ങളെ സ്വീകരിക്കും. ഉച്ചക്ക് രണ്ടു മണി മുതല്‍ രജിസ്‌ട്രേഷന്‍ തുടങ്ങും. രാത്രി 12 വരെ രജിസ്‌ട്രേഷന്‍ നടത്താം. മത്സര ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കായി വൈഫൈ സംവിധാനമടക്കമുള്ള മീഡിയ മുറി സജ്ജമാക്കിയിട്ടുണ്ട്. ട്രാന്‍സ്‌പോര്‍ട്ട് കമ്മിറ്റി കായികതാരങ്ങള്‍ക്കായി യാത്രാ സൗകര്യം ഒരുക്കിയിട്ടുണ്ട്. ദീപശിഖാ പ്രയാണം ഇന്ന് രാവിലെ 10ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ തുടങ്ങും. ബാഡ്മിന്റണ്‍ താരം അപര്‍ണ ബാലന്‍ ഉദ്ഘാടനം ചെയ്യും. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ജെ. മത്തായി പങ്കെടുക്കും. 2.30ന് മലപ്പുറം ജില്ലാ അതിര്‍ത്തിയായ ഇടിമുഴിക്കലില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. ബഹുജന റാലിയുടെ അകമ്പടിയോടെ സര്‍വ്വകലാശാല ഗസ്റ്റ് ഹൗസില്‍ സൂക്ഷിക്കും. മൂന്നിന് ഉച്ചക്ക് രണ്ടിന് സര്‍വ്വകലാശാല കവാടത്തില്‍ നിന്ന് പുനരാരംഭിക്കുന്ന ദീപശിഖാ പ്രയാണത്തില്‍ പി.ടി. ഉഷ, അഞ്ചു ബേബിജോര്‍ജ്, മേഴ്‌സിക്കുട്ടന്‍ എന്നിവര്‍ പങ്കെടുക്കും. രാജ്യാന്തര നടത്തതാരം കെ.ടി. ഇര്‍ഫാനാണ് ഗ്രൗണ്ടില്‍ ദീപം തെളിക്കുക. തുടര്‍ന്ന് വിവിധ സ്‌കൂളുകളുടെ കലാപരിപാടികളും കരാട്ടെ പ്രദര്‍ശനവുമുണ്ടാവും. കായികമേളയുടെ പ്രചരണ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരവും കൂട്ടയോട്ടവും നടത്തിയിരുന്നു. സമാപനസമ്മേളം സ്പീക്കര്‍ പി. ശ്രീരാമകൃഷണന്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മാനദാനം നിര്‍വഹിക്കും. രാവിലെ ഏഴിന് മത്സരങ്ങള്‍ തുടങ്ങും. പി.അബ്ദുല്‍ ഹമീദ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍, ഡിഡിഇ സഫറുള്ള, സലാം, ചാക്കോ, ജയപ്രകാശ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. പുതിയ സിന്തറ്റിക് ട്രാക്കില്‍ കഴിഞ്ഞ മെയ് മാസത്തില്‍ ദേശീയ യൂത്ത് മീറ്റ് ചാമ്പ്യന്‍ഷിപ്പാണ് ആദ്യം നടന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.