കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തിരിതെളിയും

Friday 2 December 2016 1:26 am IST

കൊച്ചി: ഭാഷാ വൈവിധ്യത്തിന്റെ സംഗമമൊരുക്കി ഇരുപതാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തുടക്കം. പത്തു നാള്‍ ഇനി കൊച്ചി പുസ്തകനഗരം. 13 ഭാഷകളില്‍ നിന്നുള്ള സാഹിത്യകാരന്മാര്‍ പങ്കെടുക്കുന്ന ലിറ്റ് ഫെസ്റ്റാണ് ഇത്തവണത്തെ പുസ്തകമേളയുടെ മുഖ്യ ആകര്‍ഷണം. ഇന്ന് വൈകുന്നേരം 4.30ന് എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍നായര്‍ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. മേളയുടെ 20ാം വാര്‍ഷികത്തിന്റെ സൂചകമായി വിവിധ മേഖലകളിലെ 20 പ്രമുഖര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തും. പ്രൊഫ. എം കെ സാനു, ഡോ. എം ലീലാവതി, ചെമ്മനം ചാക്കോ, ജസ്റ്റിസ് ആര്‍. ഭാസ്‌കരന്‍, ജസ്റ്റിസ് കെ സുകുമാരന്‍, കെ എല്‍ മോഹനവര്‍മ്മ, പ്രൊഫ.എം തോമസ് മാത്യു, എം. എ കൃഷ്ണന്‍, പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, എസ്. രമേശന്‍ നായര്‍, ഡോ. കെ എസ് രാധാകൃഷ്ണന്‍, ഡോ. കെ. ആര്‍ വിശ്വംഭരന്‍, കെ ബി ശ്രീദേവി, കെ. കെ വാര്യര്‍, ശ്യാമള സുരേന്ദ്രന്‍, എസ്. എന്‍ സ്വാമി, അഡ്വ. ടിപിഎം ഇബ്രാഹിംഖാന്‍, ഡോ. എ രാമചന്ദ്രന്‍, കലാമണ്ഡലം സുഗന്ധി, ഫാ. പ്രശാന്ത് പാലയ്ക്കാപ്പിള്ളി എന്നിവര്‍ ദീപം തെളിയിക്കും. ജസ്റ്റിസ് പി. എസ് ഗോപിനാഥന്‍ അധ്യക്ഷത വഹിക്കും. പ്രൊഫ. കെ. വി തോമസ് എം പി, അഡ്വ. പി. എസ് ശ്രീധരന്‍പിള്ള, ഡോ. വി പി ജോയ്, സി. പി രാധാകൃഷ്ണന്‍, എംഎല്‍എമാരായ ഹൈബി ഈഡന്‍, ജോണ്‍ ഫെര്‍ണാണ്ടസ് തുടങ്ങിയവര്‍ പങ്കെടുക്കും. 'ഇഷ്ടി' സംസ്‌കൃത സിനിമാ സംവിധായകന്‍ ജി. പ്രഭയെ ആദരിക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി വൈകുന്നേരം മൂന്നു മുതല്‍ ചിത്രാ സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തില്‍ 20 പേരുടെ വീണക്കച്ചേരി നടക്കും. മലയാളത്തിന് പുറമെ ഹിന്ദി, സിന്ധി, സംസ്‌കൃതം, മണിപ്പൂരി, ബീഹാറി, ബംഗാളി, നേപ്പാളി, തെലുങ്ക്, കന്നഡ, കൊങ്കണി, തമിഴ്, ഇംഗ്ലീഷ് ഭാഷകളില്‍ നിന്നുള്ള പ്രമുഖ എഴുത്തുകാര്‍ പങ്കെടുക്കുന്ന ലിറ്റ് ഫെസ്റ്റ് എട്ടുമുതല്‍ മൂന്ന് നാള്‍ നീളും. സെമിനാറുകള്‍, പുസ്തക പ്രകാശനങ്ങള്‍, കുട്ടികളുടെ പുസ്തകോത്സവം, വര്‍ണോത്സവം, കലാപരിപാടികള്‍ എന്നിവ മേളയുടെ ഭാഗമായിട്ടുണ്ടാകും. ബാലാമണിയമ്മ പുരസ്‌കാരം, പ്രസാധക, മാധ്യമ അവാര്‍ഡുകള്‍, വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാലയത്തിനുമുള്ള പുരസ്‌കാരങ്ങള്‍ എന്നിവ സമ്മാനിക്കും. മുന്നൂറോളം പ്രസാധകര്‍ പങ്കെടുക്കുന്ന മേളയില്‍ പുസ്തകങ്ങള്‍ക്ക് വിലക്കിഴിവുണ്ടാകും. രാവിലെ 10 മുതല്‍ വൈകിട്ട് എട്ടുവരെയാണ് പ്രവേശനം. 11ന് വൈകുന്നേരം 5നാണ് സമാപനം. മേളയുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി പുസ്തകോത്സവസമിതി പ്രസിഡണ്ട് ഇ. എന്‍ നന്ദകുമാര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.