സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ സ്വത്തു വിവരം വെളിപ്പെടുത്തണം

Friday 2 December 2016 10:56 am IST

തിരുവനന്തപുരം: സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ ഇനിമുതല്‍ സ്വത്തു വിവരം വെളിപ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ച് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം ഉത്തരവിറക്കി. വിജിലന്‍സ് വിഭാഗത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. എയ്ഡഡ് സ്‌കൂളുകള്‍, സര്‍വകലാശാലകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ശമ്പളം ലഭിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഉത്തരവ് ബാധകമായിരിക്കും. ജോലിക്കു കയറുന്ന സമയത്ത് എന്തെല്ലാം സ്ഥാവരജംഗമ വസ്തുക്കളാണ് ഉള്ളതെന്ന് സര്‍വീസ് ബുക്കില്‍ നിശ്ചിതഫോറത്തില്‍ രേഖപ്പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ അനധികൃത സ്വത്തുസമ്പാദനം സംബന്ധിച്ച വിവരശേഖരണം വിജിലന്‍സ് വിഭാഗത്തിന് പ്രതിസന്ധികള്‍ തീര്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ പരിഷ്‌കാരം നടപ്പിലാക്കുന്നതെന്നാണ് സൂചന. അനധികൃത സ്വത്തു സമ്പാദനം സംബന്ധിച്ച കേസില്‍  അന്വേഷണങ്ങള്‍ക്ക് ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ഉണ്ടായിരുന്ന സ്വത്ത് എത്രയെന്ന് കണ്ടെത്താന്‍ വ്യാപകമായ അന്വേഷണം നടത്തേണ്ടി വരുന്നത് ഇത്തരം കേസുകളിലെ അന്വേഷണം നീണ്ടു പോകുന്നതിന് ഇടയാക്കുന്നുണ്ട്.  എന്നാല്‍ സര്‍വ്വീസില്‍ കയറുമ്പോള്‍ ഉളള സ്വത്തു വിവരം ലഭ്യമായാല്‍ നിലവിലെ സ്വത്തു വിവരവുമായി താരതമ്യം ചെയ്ത് സമ്പാദ്യം സംബന്ധിച്ച വിലയിരുത്തലിന് എളുപ്പമാകും. ഈ വിവരം ചൂണ്ടിക്കാട്ടി ഇപ്പോഴത്തെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സര്‍ക്കാരിനു സമര്‍പ്പിച്ച കത്തിനെത്തുടര്‍ന്നാണ് പുതിയ നടപടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.