ശബരിമലയുടെ പരിസ്ഥിതിതിയെ തകര്‍ക്കുന്ന കോളബോട്ടിലുകള്‍

Sunday 9 April 2017 11:26 am IST

കൊക്കോക്കോള ബോട്ടിലുകള്‍ ശബരിമലയുടെ പരിസ്ഥിതിയെ തകര്‍ക്കുന്നു. കൊക്കോക്കോള, പെപ്‌സി, സ്പ്രിന്റ്, മൗണ്‍ടെയ്ന്‍ഡ്യു, പെപ്സി, സെവനപ്പ് തുടങ്ങിയ ശീതള പാനീയങ്ങളുടെ നശിപ്പിക്കാനാവാത്ത ടിന്‍ ബോട്ടിലുകളാണ് പരിസ്ഥിതിക്ക് ഭീഷണിയായി മാറിയിട്ടുള്ളത്. പ്ലാസ്റ്റിക്മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ ഭാഗമായി കുപ്പിവെള്ളം നിരോധിച്ച ദേവസ്വം ബോര്‍ഡ് അധികൃതര്‍ സന്നിധാനത്തും പരിസരങ്ങളിലും ഇത്തരം പാനീയങ്ങളുടെ വിപണനം അനുവതിച്ചതാണ് പ്രതിസന്ധിക്ക് കാരണമായിട്ടുള്ളത്. കാനനപാതകളിലും നടപ്പാതകളിലും വനാന്തരങ്ങളിലും വലിച്ചെറിയപ്പെട്ട ടിന്‍ ബോട്ടിലുകള്‍ കനത്ത പാരിസ്ഥിതികാഘാതമാണ് ഉണ്ടാക്കുന്നത്. സന്നിധാനത്തെ ഖരമാലിന്യ സംസ്‌കരണ പ്ലാന്റിന് സമീപം ആയിരക്കണക്കിന് ടിന്‍ബോട്ടിലുകളാണ് സംസ്‌കരിക്കാനാവാതെ കൂട്ടിയിട്ടിരിക്കുന്നത്. പരിസ്ഥതിയെ തകര്‍ക്കുന്നുവെന്ന കാരണത്താലാണ് കുപ്പിവെള്ളം ഇവിടെ നിരോധിച്ചത്. എന്നാല്‍ മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമാകുന്ന കോളകളുടെ വിപണനം അനുദിച്ചതിലൂടെ മനുഷ്യനെയും പ്രകൃതിയെയും ഒരുപോലെ നശിപ്പിക്കുകയാണ് ദേവസ്വം ബോര്‍ഡ്. വലിച്ചെറിയുന്ന ബോട്ടിലുകള്‍ തുരുമ്പെടുത്ത് അപകടകാരികളായി മാറുന്നുണ്ട്. മൃഗങ്ങളുടെ ആവാസത്തിനും വിഘാതമാകുമെന്നാണ് വനംവകുപ്പ് അധികൃതരുടെയും വാദം. ശബരിമലയില്‍ ഇപ്പോഴുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇവ സംസ്‌കരിക്കാന്‍ കഴിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പ്ലാസ്റ്റിക് കുപ്പികള്‍ ഇന്‍സിനേറ്ററിന് ഉള്ളിലിട്ടാല്‍ ഇവ ഉരുകി കട്ടപിടിക്കുമെന്നതായിരുന്നു സംസ്‌കരണത്തിന് തടസ്സമായിരുന്നത്. എന്നാല്‍ ടിന്‍ബോട്ടിലുകള്‍ ഉരുകിയിറങ്ങി ഇന്‍സിനേറ്ററിന്റെ പ്രവര്‍ത്തനത്തെ തന്നെ അവതാളത്തിലാക്കും. ഇതിനാലാണ് സംസ്‌ക്കരിക്കാനാവാത്ത ബോട്ടിലുകള്‍ സംസ്‌ക്കരണ ശാലയ്ക്ക് മുന്നില്‍ കൂട്ടിയിട്ടിട്ടുള്ളത്. പഴകിയ ഉപയോഗശൂന്യമായ ഇരുമ്പ് സാധനങ്ങള്‍ക്കൊപ്പം ബോട്ടുലുകള്‍ വില്‍ക്കാമെന്ന ചിന്തയിലാണ് അധികൃതര്‍ .ഇത്തരം ശീതളപാനീയങ്ങളുടെ വിപണനത്തിന് അനുമതി നല്‍കരുതെന്ന വിവിധ പരിസ്ഥിതി സംഘടനകളുടെ അഭിപ്രായത്തെ മാനിക്കാതെയാണ് ദേവസ്വം ബോര്‍ഡ് വിവാദതീരുമാനം കൈക്കൊണ്ടത്. ബോട്ടിലുകള്‍ ഉപയോഗിക്കില്ലെന്നും വെന്‍ഡിംഗ് മെഷീന്‍ ഉപയോഗിച്ച് ഗ്ലാസ്സുകളിലാണ് പാനീയങ്ങള്‍ നല്‍കുന്നതെന്നുമായിരുന്നു അധികൃതരുടെ വിശദീകരണം. എന്നാല്‍ വെന്‍ഡിംഗ് മെഷീനുകള്‍ നിരോധിക്കപ്പെട്ട സാഹചര്യത്തില്‍ ടിന്‍ബോട്ടിലുകള്‍ കളം കയ്യിലെടുക്കുകയാണ്. സന്നിധാനത്തെ കടകളിലെല്ലാം കോള ബോട്ടിലുകള്‍ വിപണിയില്‍ സുലഭവുമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.